പുറത്ത്, ഉച്ചവെയിലിൽ തിളച്ചുമറിയുന്ന നഗരം. അകത്താകട്ടെ പൂനിലാവ് പോലെ ഒരു പാട്ടും. കണ്ണടച്ചിരുന്ന് പ്രിയഗാനത്തിന്റെ വരികളിലൂടെ സ്വയം മറന്ന് ഒഴുകുകയാണ് പി ലീല:

To advertise here,

"നീലവിരിയിട്ട നീരാളമെത്തയിൽ

വീണുറങ്ങുന്ന നിലാവേ

നിൻ വരവും കാത്തു നിൽക്കുകയാണു ഞാൻ

നീളും നിഴലുമായ് താഴേ.."

ആദ്യം കേൾക്കുകയായിരുന്നു ‘ദേവാലയ’(1964)ത്തിലെ ആ വിരഹഗാനം. എങ്കിലും അളകാപുരിയുടെ കോട്ടേജിലിരുന്ന് ലീലച്ചേച്ചി അത് പാടിക്കേട്ടപ്പോൾ യുഗയുഗങ്ങളായി ആ ഈണവും വരികളും ശബ്ദവും എനിക്കൊപ്പമുണ്ടായിരുന്ന പോലെ. ഒരു പാട്ടിന് മാത്രം കഴിയുന്ന ജാലവിദ്യ. "പാടിയ പാട്ടുകളിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവയിൽ ഒന്ന്. എന്താ ചെയ്യുക? റേഡിയോയിൽ പോലും അങ്ങനെ കേൾക്കാറില്ല്യ ഇപ്പോ.." പാടിനിർത്തിയ ശേഷം ലീലച്ചേച്ചി തെല്ലൊരു പരിഭവത്തോടെ പറഞ്ഞു. അന്ന് കേട്ട "നീലവിരിയിട്ട നീരാളമെത്ത" ആദ്യ കേൾവിയുടെ അതേ അനുഭൂതി പകർന്നുകൊണ്ട് ഇന്നുമുണ്ട് ഒപ്പം; നാൽപ്പതു വർഷങ്ങൾക്കിപ്പുറവും.

താരാട്ടുപോലെ മനോഹരമായ ആ ഗാനം ഒരിക്കൽ കൂടി ഓർമയിൽ ഒഴുകിയെത്തി; അച്ഛൻ കെ.വി. രാമനാഥൻ മാഷെ കുറിച്ച് രേണു രാമനാഥ്‌ എഴുതിയ "സുവർണ്ണമല്ലികയുടെ ചില്ല" എന്ന മനോഹരമായ ഓർമപ്പുസ്തകത്തിലൂടെ കടന്നുപോകവേ. രേണുവിലേക്ക് എന്നെ നയിച്ച പാട്ടു കൂടിയാണല്ലോ "നീലവിരിയിട്ട നീരാളമെത്ത." അച്ഛന്റെ ഏറ്റവും പ്രിയപ്പെട്ട പാട്ടായിരുന്നു അതെന്ന് എഴുതുന്നു രേണു. ഒരിക്കൽ പത്താം ക്ലാസ്സിലെ കുട്ടികൾ ഒരു പാട്ട് പാടാൻ പറഞ്ഞപ്പോൾ രാമനാഥൻ മാഷ് പാടിയത് ഈ പാട്ടാണ്. "കണ്ണുകൾ രണ്ടും നിറയുകയാലെന്റെ കാഴ്ച്ചയും മങ്ങിത്തുടങ്ങി" എന്ന വരിയെത്തിയപ്പോൾ ക്ലാസ്സിൽ വല്ലാത്ത നിശബ്ദത. കുറേപ്പേരിരുന്ന്‌ കണ്ണ് തുടക്കുന്നു. അത് അവരുടെ അവസാനത്തെ ക്ലാസ്സായിരുന്നു....

"അച്ഛൻ ഈ കഥ പറഞ്ഞ ശേഷം ഞാൻ വെറുതേ യുട്യൂബ് പരതിനോക്കി, പാട്ട് കിട്ടുമോ എന്നറിയാൻ."-- രേണുവിന്റെ വാക്കുകൾ. "പഴയ മലയാള ചലച്ചിത്ര ഗാനങ്ങൾ ശേഖരിച്ചു വെക്കുന്ന ചില ചാനലുകളുണ്ടല്ലോ. അവിടെയൊന്നും ഈ പാട്ട് കണ്ടെത്താനായില്ല. ഒടുവിൽ ഞാൻ രവിമേനോനൊരു മെസേജയച്ചു. രവിമേനോൻ പറഞ്ഞപ്പോഴാണ് ഞാൻ തിരഞ്ഞുനടന്നത് "നീല വിരിപ്പിട്ട" എന്നായിരുന്നെന്നും ഗാനത്തിന്റെ വരികൾ യഥാർത്ഥത്തിൽ നീലവിരിയിട്ട എന്നാണെന്നും തിരിച്ചറിഞ്ഞത്. എന്തായാലും യുട്യൂബ് ലിങ്ക് കിട്ടി. അച്ഛന്റെ ആരോഗ്യാവസ്ഥ എങ്ങനെയാണെന്ന് അറിയാത്തതുകൊണ്ട് വിളിക്കാൻ മടിച്ചിരുന്ന രവിമേനോൻ അടുത്ത ദിവസം തന്നെ അച്ഛനെ വിളിച്ചു. അവർ ഏറെ സമയം സംസാരിക്കുകയും ചെയ്തു. പാട്ടുകളെ പറ്റി സംസാരിക്കുന്നതിൽപ്പരം സന്തോഷമുള്ള മറ്റൊന്നും ഉണ്ടായിരുന്നില്ല അച്ഛന്.."

തീർന്നില്ല. ഹൃദയസ്പർശിയായ ഒരനുഭവം കൂടി പങ്കുവെക്കുന്നു രേണു. "അച്ഛന്റെ മരണശേഷം ഏതാനും മാസങ്ങൾ കഴിഞ്ഞു ഒരു രാത്രിയിൽ നീലവിരിയിട്ട നീരാളമെത്തയിൽ കേട്ടുകൊണ്ടിരുന്നപ്പോഴാണ് വീട്ടിലോ ജീവിതത്തിലോ അച്ഛൻ ഇനിയില്ല എന്ന യാഥാർഥ്യം ഉള്ളിൽ ശരിക്കും തെളിയുന്നത്. ജീവിതയാത്രയിലെ അനിവാര്യ ഘട്ടങ്ങളാണ്. പക്ഷേ ആ ഘട്ടങ്ങളോരോന്നും കടന്നുപോരുന്നു. മുൻപിൽ നടന്നിരുന്നവർ ഓരോരുത്തരായി വഴിയൊഴിയുന്നു എന്ന തിരിച്ചറിവിന്റെ കനം ചെറുതല്ലല്ലോ. ആ തിരിച്ചറിവിന്റെ ഭാരത്തിലമർന്ന് അങ്ങനെയിരിക്കുമ്പോൾ എത്രയോ മുൻപ് കടന്നുപോയ പി ലീലയുടെ സ്വരം തെളിമയോടെ ഒഴുകിവരുന്നു: "കണ്ണുകൾ രണ്ടും നിറയുകയാലെന്റെ കാഴ്ച്ചയും മങ്ങിത്തുടങ്ങി.."

അഭയദേവ് എഴുതി ദക്ഷിണാമൂർത്തി സ്വാമി ചിട്ടപ്പെടുത്തിയ ഈ ഗാനത്തോട് എന്താണിത്രയിഷ്ടമെന്ന് ചോദിച്ചിട്ടുണ്ട് നേരിട്ട് ഗായികയോട്. "സ്വാമി അത് പാടിക്കേൾപ്പിച്ചത് ഇതാ ഈ നിമിഷവും എന്റെ കാതിലുണ്ട്." -- പി ലീല പറഞ്ഞു. "എന്തൊരു വിഷാദമാധുര്യമായിരുന്നു ആ ആലാപനത്തിന്. സ്വാമിയുടെ ശബ്ദത്തിൽ സ്വാഭാവികമായി വന്നു നിറയുന്ന ഭാവം നമുക്ക് നമ്മുടെ പാട്ടിൽ ആവിഷ്കരിക്കുക എളുപ്പമല്ല. എങ്കിലും കഴിവിന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട്. പാടിത്തീർന്നപ്പോൾ സ്വാമി പറഞ്ഞ നല്ല വാക്കുകൾ അഭിമാനത്തോടെ മനസ്സിൽ സൂക്ഷിക്കുന്നു. ഏത് അവാർഡിനേക്കാൾ വിലമതിക്കാവുന്ന വാക്കുകളാണ്...."

അതേ ഗാനം റെക്കോർഡ് ചെയ്ത് കാസറ്റിലാക്കി അയച്ചുകൊടുക്കണമെന്നൊരു ആവശ്യം കൂടിയുണ്ടായിരുന്നു ലീലച്ചേച്ചിക്ക്. ഏത് പാട്ടും വിരൽത്തുമ്പിൽ എത്തിനിൽക്കുന്ന ഇന്റർനെറ്റ് യുഗം വന്നണഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ പാട്ട് തിരഞ്ഞലയേണ്ടി വന്നു കുറച്ചുകാലം. ഒടുവിൽ എറണാകുളം നോർത്ത് പാലത്തിനടിയിലുള്ള ഒരു കൊച്ചു ഓഡിയോ കടയിൽ നിന്നാണ് "നീരാളമെത്ത" കയ്യിൽ വന്നു ചേർന്നത്. ഏത് അപൂർവഗാനവും റെക്കോർഡ് ചെയ്ത് കാസറ്റിലാക്കി വിറ്റിരുന്ന ആ കട മറക്കാനാവില്ല. എത്രയോ സുന്ദരഗാനങ്ങൾ ആദ്യം കേട്ടത് അവിടെ നിന്ന് വാങ്ങിയ കാസറ്റുകളിലാണല്ലോ.

ഇറങ്ങിയ കാലത്ത് അത്ര ശ്രദ്ധിക്കപ്പെട്ട പാട്ടല്ല നീലവിരിയിട്ട നീരാളമെത്തയിൽ. പ്രേംനസീറും അംബികയുമൊക്കെ ഉണ്ടായിട്ടും ദേവാലയം ബോക്സ്ഓഫീസിൽ രക്ഷപ്പെടാതെ പോയതുകൊണ്ടാവാം. ഇതേ ചിത്രത്തിൽ ദക്ഷിണാമൂർത്തി ഈണമിട്ട് പാടിയ നാഗരാദി എണ്ണയുണ്ട് എന്ന ഹാസ്യഗാനമായിരുന്നു ഇൻസ്റ്റന്റ് ഹിറ്റ്. എങ്കിലും ലീലയുടെ എക്കാലത്തേയും മികച്ച ഗാനങ്ങളിലൊന്നായി "നീരാളമെത്ത"യെ വിലയിരുത്തുന്നവർ നിരവധി. പലർക്കും മധുരനൊമ്പരം കലർന്ന ഓർമ്മയാണ് ആ പാട്ട്. രേണു എഴുതുന്നു: "ചില പാട്ടുകളുണ്ട്. പതിറ്റാണ്ടുകൾ കേൾക്കാതിരുന്നാലും ഉള്ളിന്റെയുള്ളിൽ എവിടെയോ ഊറിപ്പിടിച്ചിരിപ്പുണ്ടാകും. ഇടക്കൊക്കെ രാത്രിയുടെ നിമിഷങ്ങളിൽ അവ്യക്തമായ ചില ഈണങ്ങളായി, പാതി മറന്ന വാക്കുകളായി ഓർമ്മയിൽ മുങ്ങിപ്പൊങ്ങും. അങ്ങനെയൊരു പാട്ടായിരുന്നു എനിക്കത്."

ഒരിക്കലേ കണ്ടിട്ടുള്ളൂ രാമനാഥൻ മാഷിനെ. മാഷിന്റെ വത്സലശിഷ്യൻ കൂടിയായ ഗായകൻ ജയചന്ദ്രനൊപ്പമായിരുന്നു മറക്കാനാവാത്ത ആ കൂടിക്കാഴ്ച്ച. അതിനും മാസങ്ങൾ മുൻപൊരിക്കൽ ജയേട്ടനിൽ നിന്ന് ഫോൺ നമ്പർ വാങ്ങി ഒരു രാത്രി മാഷ് എന്നെ വിളിച്ചത് ഓർമ്മയുണ്ട്. എന്നോ എഴുതി മറന്നുപോയ ഒരു റേഡിയോ ലളിതഗാനത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ "പാട്ടെഴുത്തി"ലൂടെ വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി പറയാൻ വേണ്ടിയായിരുന്നു ആ വിളി; എം. കുഞ്ഞിമൂസ പാടിയ "കരിനീല രജനിതൻ" എന്ന പാട്ട്.

കുട്ടിത്തം ഡിജിറ്റൽ ലോകത്തേക്കും കാർട്ടൂൺ നെറ്റ്‌വർക്കിലേക്കും കുടിയേറിയ ഈ കാലത്തും ഗൃഹാതുരതയോടെ എന്റെ തലമുറ മനസ്സിൽ കൊണ്ടുനടക്കുന്നു കെ.വി. രാമനാഥന്റെ മാന്ത്രികസ്പർശമേറ്റ ഒട്ടനവധി കഥാപാത്രങ്ങളെ. അപ്പുക്കുട്ടനും ഗോപിയും മാന്ത്രികപ്പൂച്ചയും അത്ഭുതവാനരനും അദൃശ്യ മനുഷ്യനും മുതൽ അത്ഭുതനീരാളി വരെയുണ്ട് അവരിൽ. ബാല്യകാല സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയവർ. "എങ്കിലും മാഷ് ഞങ്ങൾക്ക് സമ്മാനിച്ച ഏറ്റവും വൈവിധ്യമാർന്ന കഥാപാത്രം ജയചന്ദ്രൻ തന്നെ എന്നാണെന്റെ വിശ്വാസം."-- കൂടിക്കാഴ്ച്ചക്ക് ശേഷം വിടപറയുമ്പോൾ രാമനാഥൻ മാഷോട് പറഞ്ഞു. ആണെന്നും അല്ലെന്നും പറഞ്ഞില്ല മാഷ്. പകരം ഒരു ചിരി മാത്രം സമ്മാനിച്ചു. ആ ചിരിയിലുണ്ടായിരുന്നു എല്ലാം.

രാമനാഥൻ മാഷ് ആദ്യം പോയി. പിന്നാലെ ജയചന്ദ്രനും. ഒരിക്കലും വിട്ടുപോകാൻ കൂട്ടാത്ത ഓർമ്മകൾ മാത്രമുണ്ട് ബാക്കി.

രേണുവിന്റെ പുസ്തകം വായിക്കുമ്പോൾ മാഷിന്റെ സുതാര്യവ്യക്തിത്വം മാത്രമല്ല സൗമ്യസുന്ദരമായ ഒരു കാലം കൂടി വന്ന് ഹൃദയത്തെ തൊടുന്നു. ഒരിക്കലും തിരികെ വരാത്തവണ്ണം ഓർമ്മകളുടെ തിരശ്ശീലക്കപ്പുറത്ത് മറഞ്ഞുപോയ നന്മയുടെ കാലം. പാട്ടിന്റെ വരികളിൽ പറയും പോലെ "നീ വന്നു പാടുമെന്നാശിച്ചു വീണതൻ കമ്പി മുറുക്കി" കാത്തിരിക്കാനല്ലേ കഴിയൂ നമുക്ക് ?