സ്വതന്ത്ര സംഗീത സംവിധായകനെന്ന നിലയിൽ സുവർണജൂബിലി നിറവിലാണ് ഇശൈജ്ഞാനി ഇളയരാജ.

മേലെ വിണ്ണിൽ സൂര്യന്റെ പീലിക്കാവടി; താഴെ പുഴയിൽ പുലരി വാരിയെറിഞ്ഞ പൊൻനാണയങ്ങൾ. അന്തരീക്ഷത്തിൽ യേശുദാസിന്റെ ഗന്ധർവനാദം.
‘ആലോലം പീലിക്കാവടി ചേലിൽ
നീലമാമല മേലെ ആലോലം
ചെമ്മണിപ്പുലരി തൻ
കൺപീലിക്കാവിലെ
മഞ്ഞുതുള്ളികൾക്കാലോലം...’
അക്ഷരങ്ങളിലൂടെ, ഈണത്തിലൂടെ, ദൃശ്യങ്ങളിലൂടെ പ്രഭാതത്തെ ഇത്ര വർണ്ണസുരഭിലമായി വരച്ചിട്ട പാട്ടുകൾ അപൂർവം. കാവാലം നാരായണപ്പണിക്കരുടെ വരികളിൽ പീലി വിടർത്തിനിൽക്കുന്ന പ്രകൃതിയെ മലയമാരുത രാഗത്തിന്റെ മാന്ത്രികസ്പർശത്താൽ അതിലും മനോഹരിയാക്കുന്നു ഇളയരാജ. യേശുദാസിന്റെ ആലാപനത്തിലെ പ്രഭാതവിശുദ്ധി കൂടി ചേരുമ്പോൾ അതൊരു അപൂർവ ഗാനശില്പമാകുന്നു. മലയാളത്തിൽ ഇശൈജ്ഞാനി ഒരുക്കിയ പാട്ടുകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്ന്. മനസ്സ് കൊണ്ട് മലയാളിയായ ഒരാൾക്കേ ഇതുപോലൊരു ഗാനം സൃഷ്ടിക്കാനാകൂ എന്ന് തോന്നിയിട്ടുണ്ട്.
ആദ്യമൊന്നിക്കുകയായിരുന്നു കാവാലവും ഇളയരാജയും. മോഹൻ സംവിധാനം ചെയ്ത ‘ആലോല’ത്തിന്റെ (1982) ഗാനസൃഷ്ടിക്ക് ചെന്നൈയിൽ ചെല്ലുമ്പോൾ ചെറിയൊരു ആശങ്കയുണ്ടായിരുന്നു ഉള്ളിലെന്ന് കാവാലം. ‘ഈണം ആദ്യമിട്ട് പാട്ടെഴുതിക്കുന്ന രീതിയാണ് രാജയുടേതെന്നു കേട്ടിട്ടുണ്ട്. എനിക്കാകട്ടെ ആദ്യം വരികൾ എഴുതിയാണ് ശീലം.’- മാതൃഭൂമിയുടെ ‘ചക്കരപ്പന്തൽ’ ടെലിവിഷൻ പരിപാടിക്ക് വേണ്ടി കണ്ടു സംസാരിച്ചപ്പോൾ കാവാലം പറഞ്ഞു. തമിഴിൽ ഹിറ്റ് പാട്ടുകളൊക്കെ ചെയ്ത് കത്തിനിൽക്കുകയാണ് ഇളയരാജ. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് മറുത്തുപറയാൻ എല്ലാവർക്കും മടി.
‘കമ്പോസിംഗ് തുടങ്ങും മുൻപ് പടത്തിന്റെ തിരക്കഥാകൃത്ത് ജോൺപോൾ എന്നെ വിളിച്ച് ഒരു കാര്യം പറഞ്ഞു: മലയാളത്തിലെ ഫോക്കിന്റെ ഉസ്താദ് എന്ന് പറഞ്ഞാണ് പണിക്കര്‍ ചേട്ടനെ അദ്ദേഹത്തിന് പരിചയപ്പെടുത്തിയിരിക്കുന്നത്. ആ ഗമയിൽ അങ്ങ് ഇരുന്നുകൊണ്ടാൽ മതി. വരികളെഴുതി ഈണമിടുന്നതിലാണ് ചേട്ടന് താല്പര്യം എന്ന് പറഞ്ഞിട്ടില്ല. രണ്ടു രീതിയിലും ചെയ്യാൻ മിടുക്കനാണ് ഇളയരാജ എന്നാണ് എന്റെ തോന്നൽ....’
പ്രസാദ് സ്റ്റുഡിയോയിലെ കമ്പോസിംഗ് മുറിയിൽ ചെന്നപ്പോൾ നിലത്ത് ചമ്രം പടിഞ്ഞിരിക്കുകയാണ് ഇളയരാജ. ചുറ്റും നിരവധി ഹാർമോണിയങ്ങൾ. കവിയെ കൈകൂപ്പി വണങ്ങി വരവേറ്റ ശേഷം സഹായിയായ അനുജൻ ഗംഗൈ അമരനെ വിളിച്ച് രാജ പറയുന്നു: "കാസറ്റ് ഇട്ട് കവിഞ്ജറെ കേൾപ്പിക്കൂ. അദ്ദേഹം വരികൾ എഴുതട്ടെ." പ്രതീക്ഷിച്ച പ്രതികരണമായതിനാൽ കാവാലം ഞെട്ടിയില്ല. പകരം വിനയത്തോടെ ഇത്രമാത്രം പറഞ്ഞു: "അങ്ങ് ഫോക്ക് സംഗീതത്തിൽ ജീനിയസ് ആണെന്നാണ് കേട്ടിട്ടുള്ളത്. എനിക്കും താല്പര്യമുള്ള മേഖലയാണത്. ഇപ്പോൾ നമ്മുടെ രണ്ടു പേരുടേയും മനസ്സുകൾ ശൂന്യമാണ്. ഈ ഒഴിഞ്ഞ കാൻവാസിൽനിന്ന് നമുക്ക് പുതിയൊരു സൃഷ്ടി മിനഞ്ഞെടുത്തുകൂടേ? അതല്ലേ യഥാർത്ഥ വെല്ലുവിളി?’
ഇളയരാജ ചിരിച്ചു. അർത്ഥഗർഭമായ ചിരി. പിന്നെ സൗമ്യമായി പറഞ്ഞു: ‘അതിനെന്താ? ഞാൻ തയ്യാർ. താങ്കൾ ധൈര്യമായി പാട്ടെഴുതിക്കൊള്ളൂ.’ കണ്ടിരുന്ന സംവിധായകൻ മോഹനും ജോൺപോളിനും ശ്വാസം നേരെ വീണത് അപ്പോഴാണെന്ന് കാവാലം.
പ്രകൃതിയും പ്രണയവും ഭക്തിയുമെല്ലാം കൈകോർത്തുനിൽക്കുന്ന വരികളാണ് കാവാലം എഴുതിയത്. ‘യമുനാതീരവന നികുഞ്ജങ്ങളിൽ കമനീയാംഗൻ കാമോപമൻ, ഗോപികാഹൃദയ ചോരനുദാരൻ, അരമണികളിൽ കാൽത്തളകളിൽ, അനുപമ ലയഭര രാസകേളിതൻ ലാസ്യലഹരിയിൽ തിരകൾ ഞൊറികൾ പകരും....’ ആദ്യം കാവാലത്തിന്റെ സ്വതഃസിദ്ധമായ താളത്തിൽ, അദ്ദേഹത്തിന്റെ തന്നെ ശബ്ദത്തിൽ വരികൾ മൂളിക്കേട്ടു ഇളയരാജ. പിന്നെ കുറച്ചു നേരം ധ്യാനനിരതനായി ഇരുന്ന ശേഷം നേരെ ഹാർമോണിയത്തിലേക്ക്. രാജയുടെ ശബ്ദത്തിൽ തികച്ചും കേരളീയമായ ഒരീണമായി സ്വന്തം വരികൾ അന്തരീക്ഷത്തിൽ ഒഴുകിനിറയുന്നത് വിസ്മയത്തോടെ കേട്ടിരുന്നു കാവാലം.
പാട്ടിനിടക്ക് അഷ്ടപദിയുടെ വരികൾ ചേർക്കാൻ തീരുമാനിച്ചപ്പോൾ ആ ഭാഗം മറ്റൊരു ഗായകന്റെ ശബ്ദത്തിൽ വരുന്നത് നന്നായിരിക്കും എന്നായി ഇളയരാജ. കാവാലം ശ്രീകുമാർ ആണ് ആ വരികൾ പാടിയത്. ‘തമ്പി’ലൂടെ അതിനകം സിനിമയിൽ ഗായകനായി അരങ്ങേറിക്കഴിഞ്ഞിരുന്നു ശ്രീകുമാർ. "അച്ഛനാണ് ഗായകനായി എന്റെ പേര് നിർദേശിച്ചത്. രാജാസാറിനും വിരോധമൊന്നും ഉണ്ടായിരുന്നില്ല." -ശ്രീകുമാർ ഓർക്കുന്നു.
പ്രസാദ് സ്റ്റുഡിയോയിൽവെച്ചുള്ള റെക്കോർഡിംഗ് മറക്കാനാവില്ല ശ്രീകുമാറിന്. ട്രാക്ക് സമ്പ്രദായം വലിയ പ്രചാരം നേടിത്തുടങ്ങിയിട്ടില്ലാത്ത കാലം. ‘യേശുദാസ് സാറും ഞാനും ഒരേ ബൂത്തിൽ അടുത്തടുത്ത് നിന്നുകൊണ്ടാണ് പാടിയത്. കുട്ടിക്കാലം മുതൽ കേട്ടുവളർന്ന ശബ്ദത്തിന്റെ ഉടമയായ മഹാഗായകനൊപ്പം ലൈവ് ആയി നിന്ന് പാടുമ്പോൾ സ്വാഭാവികമായും ഹൃദയമിടിപ്പ് കൂടി. ഒരിക്കലും ആവർത്തിക്കപ്പെടാനിടയില്ലാത്ത അപൂർവ നിമിഷങ്ങളായിരുന്നു അവ....’
താരാട്ടിന്റെ ഭാവമുള്ള പാട്ടാണ് അടുത്തത്. കുഞ്ഞിന്റെ ദോഷം മാറ്റാൻ അമ്മ പാടുന്ന നാവോറ് പാട്ടിനെകുറിച്ചുള്ള പരാമർശമുണ്ട് രചനയിൽ. തമിഴിൽ എഴുതിയെടുത്ത വരികളിലൂടെ കുറച്ചു നേരം കണ്ണോടിച്ച ശേഷം ഇളയരാജ കവിയോട് ചോദിച്ചു: ‘നിങ്ങളുടെ നാട്ടിലെ നാഗപ്പാട്ട് എങ്ങനെയാണ്?’ പരമ്പരാഗത ഈണത്തിൽ ‘ശ്രീമഹാദേവൻ തന്റെ ശ്രീ പുള്ളോർ പാടുന്നു’ എന്ന പാട്ട് പാടിക്കൊടുക്കുന്നു കാവാലം. രണ്ടു തവണയേ ആ ഗാനം കേൾക്കേണ്ടി വന്നുള്ളൂ രാജക്ക്. ‘വീണേ വീണേ വീണക്കുഞ്ഞേ’ എന്ന ഗാനത്തിന്റെ ഈണം തയ്യാർ. എസ്. ജാനകിയാണ് ഈ ഗാനത്തിന് ശബ്ദം പകർന്നത്.
വ്യത്യസ്തമായ മറ്റൊരു ഗാനം കൂടിയുണ്ടായിരുന്നു ആലോലത്തിൽ. ‘തണൽ വിരിക്കാൻ കുട നിവർത്തും സൗവർണ്ണ വസന്തം.’ ജാനകി ഹൃദയം നൽകി പാടിയ ആ ഗാനത്തിലെ ചില വരികൾ ഇന്നും മനസ്സിനെ തൊടുന്നു; ഇളയരാജ അവയ്ക്ക് പകർന്നു നൽകിയ സംഗീതവും: ‘പൂവിൻ ദളങ്ങൾക്ക് വിരിയാതെ വയ്യ, കാറ്റിൻ താളത്തിൽ തളിരിന് കുണുങ്ങാതെ വയ്യ, അല്ലിനൊന്നു നിറം പൊത്തി പുലരാതെ വയ്യ, അല്ലലിൻ തന്ത്രികൾക്ക് ആടാതെ വയ്യ...’
‘ആലോല’ത്തിൽ പാടിയിട്ടില്ലെങ്കിലും നടനും ഗായകനുമായ കൃഷ്ണചന്ദ്രന്റെ സംഗീതജീവിതത്തിലുമുണ്ട് ആ സിനിമക്കൊരു നിർണ്ണായക പ്രാധാന്യം. ‘ആലോല’ത്തിന്റെ ഗാനസൃഷ്ടിക്കിടയിലാണ് പ്രസാദ് സ്റ്റുഡിയോയിൽവെച്ച് ഇളയരാജയുമായുള്ള കൃഷ്ണചന്ദ്രന്റെ ആദ്യ കൂടിക്കാഴ്ച. പുതിയ ശബ്ദങ്ങളെ തേടുകയായിരുന്ന രാജയോട് കൃഷ്ണചന്ദ്രന്റെ പേര് നിർദ്ദേശിച്ചത് മോഹനും കാവാലവും. അധികം വൈകാതെ പാവലർ ക്രിയേഷൻസിന്റെ ബാനറിൽ ഇളയരാജയും സഹോദരരും ചേർന്ന് നിർമിച്ച് ഗംഗൈ അമരൻ സംവിധാനം ചെയ്ത ‘കോഴി കൂവുത്’ എന്ന ചിത്രത്തിനു വേണ്ടി എസ്. ജാനകിയോടൊപ്പം ഏതോ മോഹം ഏതോ ദാഹം എന്ന പ്രണയ ഗാനം പാടി തമിഴിൽ തുടക്കം കുറിച്ചു കൃഷ്ണചന്ദ്രൻ.
കാവാലവും മോഹനും ജോൺപോളുമൊക്കെ ഓർമ്മയായി. സ്വതന്ത്ര സംഗീത സംവിധായകനെന്ന നിലയിൽ സുവർണജൂബിലി നിറവിലാണ് ഇശൈജ്ഞാനി ഇളയരാജ. കാവാലവും രാജയും യേശുദാസും ചേർന്ന് വരച്ചിട്ട പുലരിയുടെ പീലിക്കാവടിച്ചേല് ഇന്നും പീലിനിവർത്തി നിൽക്കുന്നു ഓർമ്മകളിൽ.
Published: 23 May 2026, 10:09 am IST
ABOUT THE AUTHOR
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented