പാട്ട് പാടി അനശ്വരമാക്കിയത് വാണിജയറാം. എന്നാൽ പാട്ടെഴുതിയ ആളുടെ ഓർമ്മകളെ എന്നും ആർദ്രമാക്കിയത് മറ്റൊരു ശബ്ദമാണ്; തീവണ്ടിയാത്രക്കിടെ യാദൃച്ഛികമായി പരിചയപ്പെട്ട സാധാരണക്കാരിയായ ഒരു സ്ത്രീയുടെ ശബ്ദം.

To advertise here,

'യുദ്ധഭൂമി'യിലെ സൂപ്പർഹിറ്റ് ഗാനമെഴുതിയ മങ്കൊമ്പ് ഗോപാലകൃഷ്ണനാണ് തൊട്ടടുത്തിരിക്കുന്നതെന്നറിഞ്ഞപ്പോൾ അത്ഭുതമായിരുന്നു സഹയാത്രികക്ക്. കവിയെ ആ പാട്ടൊന്ന് നേരിട്ട് പാടിക്കേൾപ്പിക്കാൻ മോഹം അവർക്ക്. മങ്കൊമ്പിന്റെ കണ്ണുകളിൽ ഉറ്റുനോക്കി, വിഷാദമധുരമായ ശബ്ദത്തിൽ അവർ പാടി:

'ആഷാഢമാസം ആത്മാവിൽ മോഹം

അനുരാഗമധുരമാം അന്തരീക്ഷം,

വിധുരയാം രാധയെപ്പോൽ എനിക്കെന്നിട്ടും

വിലപിക്കാൻ മാത്രമാണ് യോഗം.'

പാട്ടുപാടി നിർത്തിയശേഷം ഒരു ചോദ്യം കൂടി: 'എന്റെ ജീവിതമുണ്ട് ഈ പാട്ടിൽ. താങ്കളെങ്ങനെ അത് തിരിച്ചറിഞ്ഞു?'

മറുപടിയില്ലായിരുന്നു കവിക്ക്. ' എഴുതിയ പാട്ടുകൾ പലതും സ്വന്തം ജീവിതത്തോട് ചേർത്തുവെക്കുന്നവരെ പതിവായി കണ്ടുമുട്ടാറുണ്ട്. സിനിമയിലെ കഥാസന്ദർഭം മുന്നിൽക്കണ്ട് എഴുതിയതാണെന്ന് പറഞ്ഞാലും വിശ്വസിക്കാത്തവർ. അക്കൂട്ടത്തിൽ ഒരിക്കലൂം മറക്കാനാവാത്ത മുഖമാണ് ട്രെയിനിലെ സ്ത്രീയുടേത്; പിന്നീടൊരിക്കലും അവരെ കണ്ടിട്ടില്ലെങ്കിലും. ആഷാഢമാസം തന്നെക്കുറിച്ചെഴുതിയ പാട്ടാണെന്നായിരുന്നു അവരുടെ വിശ്വാസം.' -- മങ്കൊമ്പിന്റെ വാക്കുകൾ.

നാലേ നാല് വാചകങ്ങളിലൊതുങ്ങുന്നതായിരുന്നു സഹയാത്രികയുടെ ജീവിതകഥ: എല്ലാം മറന്ന് ഒരാളെ പ്രണയിച്ചു. വിവാഹം കഴിക്കാൻ മോഹിച്ചു. മനോഹരമായ ഒരു മധുവിധു സ്വപ്നം കണ്ടു. ഒടുവിൽ സകല പ്രതീക്ഷകളും തകർന്നു തരിപ്പണമാകുന്നത് നിസ്സഹായയായി കണ്ടുനിന്നു. അത്രമാത്രം. ജീവിതം മധ്യാഹ്നവേളയിൽ എത്തിയിട്ടും നഷ്ടപ്രണയത്തിന്റെ ഓർമ്മകളിൽ മുഴുകി അവിവാഹിതയായി കഴിയുകയായിരുന്നു ആ സ്ത്രീ. 'യുദ്ധഭൂമി' എന്ന സിനിമ അവർ കണ്ടിട്ടില്ല. പാട്ടിന്റെ സന്ദർഭം എന്തെന്നുമറിയില്ല. പക്ഷേ റേഡിയോയിൽ ആദ്യം കേട്ട നിമിഷം മുതൽ ഹൃദയത്തിലുണ്ടത്രേ ആഷാഢമാസം എന്ന പാട്ടിന്റെ വരികൾ.

പലവിധ പരിമിതികൾക്കുള്ളിൽ ഒതുങ്ങിനിന്നുകൊണ്ട് സിനിമക്ക് വേണ്ടി ഗാനമെഴുതുമ്പോൾ അജ്ഞാതരായ ആരുടെയൊക്കെയോ സ്വകാര്യ നിമിഷങ്ങളെ ആഴത്തിൽ ചെന്ന് തൊടുമതെന്ന് സങ്കല്പിക്കുന്നില്ലല്ലോ എഴുത്തുകാരൻ. അത്തരം അപൂർവ അനുഭവങ്ങളാണ് പാട്ടെഴുത്തു ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ ആത്മസംതൃപ്തിയും അഭിമാനവും പകരുന്നതെന്ന് പറഞ്ഞിട്ടുണ്ട് മങ്കൊമ്പ്.

റിലീസാകാതെ പോയ ഒരു പടത്തിന് വേണ്ടി എഴുതിയതാണ് ആഷാഢമാസം. 'യുദ്ധഭൂമി'യിൽ പിന്നീട് അത് ഉപയോഗിക്കപ്പെടുകയായിരുന്നു. 'ചില പാട്ടുകളുടെ തലക്കുറി അതാണ്. സത്യത്തിൽ യുദ്ധഭൂമിക്ക് വേണ്ടി പാട്ടെഴുതണം എന്ന ആവശ്യവുമായി സംവിധായകൻ ക്രോസ്‌ബെൽറ്റ് മണി സമീപിച്ചപ്പോൾ ഒഴിഞ്ഞുമാറാനാണ് ആദ്യം ശ്രമിച്ചത്. കൗബോയ് പടങ്ങളുടെ മാതൃകയിലുള്ള തട്ടുപൊളിപ്പൻ ചിത്രമാണ്. ആക്ഷനായിരിക്കും ഇത്തരം പടങ്ങളിൽ പ്രാധാന്യം. പാട്ടുകൾക്ക് വലിയ പ്രസക്തിയൊന്നും ഉണ്ടാവില്ല. ഉണ്ടെങ്കിൽ തന്നെ തമാശപ്പാട്ടുകൾ മതിയാകും....'

എന്നാൽ സംവിധായകനുണ്ടോ പിന്മാറുന്നു. മുൻപെഴുതിവെച്ച പാട്ടുകളായാലും മതി, സിറ്റുവേഷൻ നോക്കേണ്ട എന്നായി അദ്ദേഹം. 'നേരത്തെ ഞാൻ എഴുതി വെച്ചിരുന്ന പാട്ടുകളുടെ ഫയൽ അദ്ദേഹം തന്നെ ചോദിച്ചുവാങ്ങി. വിശദമായി പരിശോധിച്ച ശേഷം അതിൽ നിന്ന് രണ്ടുമൂന്ന് പാട്ടുകൾ തിരഞ്ഞെടുക്കുകയും ചെയ്തു, അവയിലൊന്നായിരുന്നു ആഷാഢമാസം. തകർന്നുപോയ വിവാഹസ്വപ്നങ്ങളെ ചൊല്ലിയുള്ള ഒരു കാമുകിയുടെ പരിദേവനമാണ് ആ രചന. ഇഷ്ടപ്പെട്ടെഴുതിയ പാട്ട് പാഴാക്കിക്കളയരുതേ എന്നൊരു അഭ്യർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു മങ്കൊമ്പിന്. ആ പേടി വേണ്ടെന്ന് സംവിധായകന്റെ മറുപടി.

ആർ കെ ശേഖറാണ് സംഗീത സംവിധായകൻ. 'ശേഖറിന്റെ വീട്ടിൽ വെച്ചായിരുന്നു കമ്പോസിംഗ്. അസാധ്യ ഹാർമോണിസ്റ്റാണ് ശേഖർ. പെട്ടി വായിച്ച് അദ്ദേഹം വരികൾ ചിട്ടപ്പെടുത്തുമ്പോൾ അടുത്ത് വന്ന് കൗതുകത്തോടെ നോക്കിനിൽക്കുന്ന മകന്റെ ചിത്രം മങ്കൊമ്പിന്റെ ഓർമ്മയിലുണ്ട്. ദിലീപ് ആയിരുന്നു ആ പത്തുവയസ്സുകാരൻ. ലോകമറിയുന്ന സംഗീത പ്രതിഭാസമായി വളർന്ന സാക്ഷാൽ എ ആർ റഹ്‌മാൻ. എത്രയോ മൊഴിമാറ്റ ചിത്രങ്ങളിൽ പിൽക്കാലത്ത് അതേ റഹ്‌മാന്റെ ഈണങ്ങൾക്കൊത്ത് വരികൾ കുറിക്കേണ്ടി വരും തനിക്കെന്ന് സങ്കല്പിച്ചിരിക്കുമോ മങ്കൊമ്പ്? റോജ, ഉയിരേ, ഇരുവർ, അലൈപായുതേ, മിൻസാരക്കനവ്, അഴകിയ തമിഴ് മകൻ, ഇന്ത്യൻ, തിരുടാ തിരുടാ തുടങ്ങി നിരവധി ചിത്രങ്ങൾ.

വിൻസന്റ്, രവിമേനോൻ, വിധുബാല, രാജകോകില തുടങ്ങിയവർ അഭിനയിച്ച 'യുദ്ധഭൂമി'ക്ക് (1976) കഥയും തിരക്കഥയും സംഭാഷണവുമെഴുതിയത് സാഹിത്യലോകത്തെ അതികായനായ കാക്കനാടൻ ആണെന്ന പ്രത്യേകതയുണ്ട്. സിനിമയിൽ ഗാനരംഗത്തഭിനയിച്ചത് രാജകോകില. കെ പി ഉമ്മർ അവതരിപ്പിച്ച കാമുക കഥാപാത്രത്തെ ഓർത്തുകൊണ്ടുള്ള രാജകോകിലയുടെ പാട്ടായാണ് ആഷാഢമാസം സിനിമയിൽ വന്നത്. മറ്റൊരു കൗതുകം കൂടിയുണ്ട്. പിൽക്കാലത്ത് സ്വന്തം ജീവിതപങ്കാളിയായി മാറിയ രാജകോകിലയുമായുള്ള മണിയുടെ പ്രണയം പൂവിടുന്നത് ഈ സിനിമയുടെ ചിത്രീകരണ വേളയിലാണ്. സിനിമയിൽ വേറെ രണ്ടു പാട്ടുകൾ കൂടിയുണ്ടായിരുന്നു മങ്കൊമ്പിന്റെ വകയായി: അരുവി പാലരുവീ (ജയചന്ദ്രൻ), കാമന്റെ കൊടിയുടെ അടയാളം (ബ്രഹ്‌മാനന്ദൻ). മറ്റൊരു ഗാനമെഴുതിയത് ഭരണിക്കാവ് ശിവകുമാർ.

ചെയ്തതിലേറെയും ആക്ഷൻ സിനിമകളെങ്കിലും ക്രോസ്‌ബെൽറ്റ് മണിയുടെ പടങ്ങൾ ഇന്നോർക്കപ്പെടുന്നത് അവയിലെ പാട്ടുകളുടെ മികവ് കൊണ്ട് കൂടിയാണ്. വയലാറും ഭാസ്‌കരനും ശ്രീകുമാരൻ തമ്പിയും ഭരണിക്കാവ് ശിവകുമാറുമെല്ലാം മണിച്ചിത്രങ്ങളിൽ മറക്കാനാവാത്ത പാട്ടുകളെഴുതി. ചന്ദ്രികാചർച്ചിതമാം രാത്രിയോടോ (പുത്രകാമേഷ്ടി), അകലെയകലെ നീലാകാശം, പൊന്നും തരിവള മിന്നും കൈകളിൽ, കനകപ്രതീക്ഷ തൻ (മിടുമിടുക്കി), ജന്മബന്ധങ്ങൾ വെറും ജലരേഖകൾ (വെളിച്ചം അകലെ). മനസ്സ് മനസ്സിന്റെ കാതിൽ (ചോറ്റാനിക്കര അമ്മ), കാലം മാറിവരും (ക്രോസ്‌ബെൽറ്റ്), വെള്ളിത്തേൻ കിണ്ണം പോൽ (പെൺപട)...

വാണിജയറാമിന്റേയും ഏറ്റവും പ്രിയപ്പെട്ട പാട്ടുകളിൽ ആഷാഢമാസമുണ്ട്. 'പാടുമ്പോൾ ഇത്ര വലിയ ഹിറ്റാകും എന്ന് പ്രതീക്ഷിച്ചിട്ടില്ല. ഗാനമേളകളിൽ ആ പാട്ട് പാടിത്തുടങ്ങുമ്പോഴേ നിലക്കാത്ത കയ്യടി ഉയരും. അത്രയും തീവ്രമാണ് മലയാളികൾക്ക് ആഷാഢമാസത്തോടുള്ള സ്‌നേഹം...' ചക്കരപ്പന്തൽ എന്ന ടെലിവിഷൻ പരിപാടിക്ക് വേണ്ടി കണ്ടു സംസാരിച്ചപ്പോൾ വാണിജയറാം പറഞ്ഞു.

ദുഃഖനിമിഷങ്ങളുമായി മാത്രമല്ല ജീവിതത്തിലെ ആഹ്‌ളാദനിമിഷങ്ങളുമായും 'ആഷാഢമാസ'ത്തെ ചേർത്തുവെക്കുന്നവർ ധാരാളം. അദ്ധ്യാപികയും എഴുത്തുകാരിയുമായ ഒരു സുഹൃത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ഗാനമാണത്. ജീവിതത്തിലാദ്യം എഴുതിയ പ്രണയലേഖനത്തിൽ കുറിക്കാൻ അവർ കടമെടുത്തത് മങ്കൊമ്പിന്റെ വരികൾ:

'അർഹതപ്പെട്ടതല്ലെങ്കിലും ഞാനെന്റെ

അന്തരംഗം നിൻ മുന്നിൽ തുറന്നുവെച്ചു

അങ്ങയോടൊത്തെന്റെ ജീവിതം പങ്കിടാൻ

അവിവേകിയായ ഞാൻ ആഗ്രഹിച്ചു..... '

'പക്വത വന്നിട്ടില്ലാത്ത പ്രായമായിരുന്നു. പിന്നീടോർത്തപ്പോൾ എന്തൊരു പൈങ്കിളിത്തം എന്നൊക്കെ തോന്നിയിട്ടുണ്ട്. എങ്കിലും പശ്ചാത്താപമൊന്നുമില്ല. ആ എഴുത്തിൽ നിന്നാണല്ലോ ഞങ്ങളുടെ പ്രണയം തുടങ്ങിയത്. വിവാഹിതരായിട്ടും ഇന്നും വലിയ കുഴപ്പമില്ലാതെ ഒഴുകിക്കൊണ്ടിരിക്കുന്നു ആ പ്രണയനദി.' -- സുഹൃത്തിന്റെ വാക്കുകൾ. ഒപ്പം ആത്മഗതം പോലെ ഒരു ചോദ്യവും: 'അൽപ്പം പൈങ്കിളിത്തമില്ലെങ്കിൽ പിന്നെന്ത് പ്രണയം, അല്ലേ ?'