വെളിച്ചെണ്ണ, പച്ചക്കായ എന്നിവയുടെ വിലയ്ക്കനുസൃതമായാണ് ഉപ്പേരിയുടെയും ചിപ്‌സിന്റെയും വിലയും മാറുന്നത്. നാടൻകായയുടെ ലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് നിന്നെത്തുന്ന പച്ചക്കായ ആണ് ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. മൊത്തവില കിലോയ്ക്ക് 65-70 രൂപ എന്ന നിലവാരത്തിലാണ്.

കൊച്ചി: ഓണസദ്യ വിളമ്പാനായി തൂശനിലയിടുമ്പോൾ ആദ്യം ഇടംപിടിക്കുന്നവയാണ് ഏത്തയ്ക്ക ചിപ്‌സും ശർക്കര ഉപ്പേരിയും. 'സ്റ്റാർട്ടർ' ആയി ഇവ കൊറിച്ചുകൊണ്ടായിരിക്കും സദ്യയുടെ രുചിമേളത്തിന് തുടക്കമാവുക. ഓണസദ്യ പൂർണമാക്കുന്ന ഈ ഇരട്ടകൾക്ക് ഓണവിപണിയിൽ ചൂടേറിയ വിൽപ്പനയാണ്. പ്രീമിയം നിലവാരമുള്ള ചിപ്‌സിന് കിലോയ്ക്ക് 560 രൂപയും ശർക്കര ഉപ്പേരിയ്ക്ക് കിലോയ്ക്ക് 520 രൂപയും വരെയാണ് വില. ഏതാനും ആഴ്ച കൊണ്ട് ഈ രണ്ട് വിഭവങ്ങളിൽ മാത്രമായി കോടികൾ മറിയും.
സദ്യയ്ക്ക് പ്രധാനമായി ഉപയോഗിക്കുന്ന മുറിച്ച ചിപ്‌സിന് (കായ ഉപ്പേരി) വില 600 രൂപ കടക്കും. വ്യാപാരസ്ഥാപനങ്ങളും ഗുണനിലവാരവും മാറുന്നതിനനുസരിച്ച് ഈ വിലയിൽ മാറ്റമുണ്ടാകും.
തിരക്കിട്ട വിൽപ്പന
ഓണക്കാലത്ത് വീടുകളിൽ ചിപ്‌സും ശർക്കര ഉപ്പേരിയും തയ്യാറാക്കുന്ന പതിവുതെറ്റിയതോടെ കടകളിൽ വിൽപ്പന ഏറിയിട്ടുണ്ട്. തിരക്കേറിയ കടകളിൽ, ഓണം സീസണിൽ 1.25 ടണ്ണിന്റെ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. നാല് ഔട്ട്ലെറ്റുകളുള്ള എറണാകുളം ജില്ലയിലുള്ള ബേക്കറി ശൃംഖലയിൽ ഓണം സീസണിൽ അഞ്ച് ടണ്ണിന്റെ വിൽപ്പന പ്രതീക്ഷിക്കുന്നുണ്ട്. മറ്റ് മാസങ്ങളിൽ നാല് ഔട്ട്ലെറ്റുകളിൽ നിന്നുമായി ദിവസേന 500 കിലോയുടെ വിൽപ്പനയാണ് നടക്കാറുള്ളത്.
|
| ഏകദേശ വില (കിലോയ്ക്ക്) |
|---|---|
| പ്രീമിയം ഏത്തയ്ക്ക ചിപ്‌സ് | ₹560 |
| ശർക്കര ഉപ്പേരി | ₹520 |
| മുറിച്ച ചിപ്‌സ് (കായ ഉപ്പേരി) | ₹600-ന് മുകളിൽ |
കേരളത്തിന് തൊട്ടടുത്തുകിടക്കുന്ന സംസ്ഥാനങ്ങളിലേക്കും ഓണക്കാലത്ത് ചിപ്‌സും ഉപ്പേരിയും അയക്കുന്നത് പതിവാണ്. രാജസ്ഥാനിലെ ജയ്പുരിലേക്കും കേരളത്തിന്റെ ചിപ്‌സും ഉപ്പേരിയും ഓണയാത്ര നടത്തുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനമായ അസമിലെ ഗുവാഹാട്ടിയിലേക്കുപോലും ഈ സീസണിൽ ആവശ്യക്കാരുണ്ട്. ഈ രണ്ട് വിഭവങ്ങളും ചേർത്ത് ഏതാണ്ട് 700 കിലോയോളം ഇതുവരെ കയറ്റിഅയച്ചതായി കോഴിക്കോടുള്ള കെ.എൻ. ട്രേഡേഴ്‌സ് ഉടമ ബിബിൽ കുമാർ പറഞ്ഞു.
ഓഫീസോണം
ഓണക്കാലത്തിന് രണ്ടാഴ്ച മുൻപുതന്നെ ചിപ്സ്, ഉപ്പേരി വ്യാപാരത്തിന് തുടക്കമായിരുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങൾ, സ്വകാര്യ ബാങ്കുകൾ അടക്കമുള്ള ഇടങ്ങളിലെ ഓണാഘോഷത്തിലേക്കാണ് ആദ്യ ഓർഡറുകൾ. സ്വകാര്യബാങ്കുകളിലേക്കും മറ്റുമായി 1,000 കിലോയോളം ഓർഡറുകൾ ലഭിച്ചതായി കൊച്ചി കടവന്ത്രയിലുള്ള വറവ്കട ചിപ്‌സ് ആൻഡ് ബേക്കറി ഉടമ പി.എസ്. നൗഫൽ പറഞ്ഞു. ഒന്നിലധികം ബ്രാഞ്ചുകളുള്ള സ്ഥാപനങ്ങൾ 50 കിലോ എന്ന കണക്കിലാണ് ഓർഡറുകൾ നൽകുന്നത്. ഈ ആഴ്ച കഴിയുന്നതോടെ സ്ഥാപനങ്ങളിലെ ഓണാഘോഷ പരിപാടികൾ അവസാനിക്കും. ഇതിന് ശേഷമായിരിക്കും വീടുകളിലേക്കുള്ള വിൽപ്പന തുടങ്ങുക. ഉത്രാടത്തിന് മുൻപുള്ള ദിവസങ്ങളിൽ വിൽപ്പന തകൃതിയാകും.
ഇവർ പ്രധാനികൾ
വെളിച്ചെണ്ണ, പച്ചക്കായ എന്നിവയുടെ വിലയ്ക്കനുസൃതമായാണ് ഉപ്പേരിയുടെയും ചിപ്‌സിന്റെയും വിലയും മാറുന്നത്. നാടൻകായയുടെ ലഭ്യത കുറഞ്ഞതോടെ തമിഴ്‌നാട്ടിലെ മേട്ടുപ്പാളയത്ത് നിന്നെത്തുന്ന പച്ചക്കായ ആണ് ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. മൊത്തവില കിലോയ്ക്ക് 65-70 രൂപ എന്ന നിലവാരത്തിലാണ്. ദിവസേന 800 കിലോവരെ പച്ചക്കായ ഉപയോഗിക്കുന്ന കടകളുണ്ട്. ആഴ്ചയിൽ 400 ലിറ്ററിലധികം വെളിച്ചെണ്ണയും ആവശ്യമായി വരുന്നുണ്ട്.
Content Highlights: Premium banana chips priced at Rs 560 per kg and sharkkara upperi at Rs 520 per kg., High demand has led to inter-state shipments reaching Jaipur and Guwahati., Corporate and office Onam celebrations drive early bulk orders., Raw plantains are predominantly sourced from Mettupalayam, Tamil Nadu.
Published: 21 Aug 2026, 07:22 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented