ബാങ്കുകളിലും മ്യൂച്വൽ ഫണ്ടുകളിലും ഓഹരികളിലുമായി പലപ്പോഴായി വാങ്ങിക്കൂട്ടിയ ഒരു കോടിയിലേറെ രൂപയുടെ മൊത്തം മൂല്യമുള്ള നിക്ഷേപങ്ങൾക്ക് ഉടമയായിരുന്നു വിജയൻ. എന്നാൽ, അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗത്തിനുശേഷം ഭാര്യ സുലോചന നേരിട്ടത് വലിയ സാമ്പത്തിക അനിശ്ചിതത്വമാണ്. വിജയന്റെ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനായി അവർ പലയിടങ്ങളിൽനിന്നും നിക്ഷേപ സർട്ടിഫിക്കറ്റുകളും സ്റ്റേറ്റ്‌മെന്റുകളും തപ്പിയെടുത്തു. എന്നിരുന്നാലും, അദ്ദേഹത്തിന്റെ നിക്ഷേപങ്ങളെക്കുറിച്ചുള്ള പൂർണമായ വിവരങ്ങൾ കണ്ടെത്താൻ അവർക്ക് സാധിച്ചില്ല.

To advertise here,

സമ്പാദ്യവിവരങ്ങൾ ചിതറിക്കിടക്കുന്നതിനാലും കൃത്യമായി രേഖപ്പെടുത്താത്തതിനാലും അക്കൗണ്ട് ഉടമയുടെ മരണശേഷം ബാങ്ക് നിക്ഷേപങ്ങൾ അനാഥമാകുകയോ അവകാശികൾക്ക് ലഭിക്കാതെ നഷ്ടപ്പെടുകയോ ചെയ്യുന്ന സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. കുടുംബങ്ങൾ നേരിടുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനും ബാങ്ക് അക്കൗണ്ടുകളും ക്യാപിറ്റൽ മാർക്കറ്റ് നിക്ഷേപങ്ങളും തമ്മിലുള്ള വിടവ് നികത്തുന്നതിനുമായി സാമ്പത്തിക ഏജൻസികൾ പരിഷ്‌കാരം നടപ്പിലാക്കുകയാണ്.

ഉപഭോക്താക്കളുടെ വിവിധ സാമ്പത്തിക നിക്ഷേപവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനായി ആർ.ബി.ഐ. അനുമതി നൽകിക്കഴിഞ്ഞു.

എൻ.ബി.എഫ്.സി. അക്കൗണ്ട് അഗ്രിഗേറ്റർമാർ വഴി കൺസോളിഡേറ്റഡ് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റിൽ (CAS) ബാങ്ക് നിക്ഷേപവിവരങ്ങൾകൂടി ഉൾപ്പെടുത്താനാണ് തീരുമാനം. ജനുവരി ഒന്നു മുതൽ ഇത് നിലവിൽ വരും. അക്കൗണ്ട് ഉടമകൾ മരണപ്പെടുന്ന സാഹചര്യങ്ങളിൽ ബാങ്ക് നിക്ഷേപങ്ങൾ അവകാശികൾ അറിയാതെ പോകുന്നത് തടയാനും നിക്ഷേപവിവരങ്ങൾ എളുപ്പത്തിൽ കണ്ടെത്താനും ഈ പരിഷ്‌കാരം സഹായിക്കുമെന്ന് ആർ.ബി.ഐ. ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ പരിഷ്‌കാരം

  • ജനുവരി ഒന്നു മുതൽ സംവിധാനം നിലവിൽ വരും.
  • ഡീമാറ്റ് അക്കൗണ്ട് ഉടമകൾക്ക് ഓഹരികൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ നിക്ഷേപവിവരങ്ങൾക്കൊപ്പം ബാങ്ക് നിക്ഷേപവിവരങ്ങളും അവയുമായി ബന്ധപ്പെട്ട ഇടപാടുകളും ഒരൊറ്റ സ്റ്റേറ്റ്‌മെന്റിൽ (CAS) ലഭ്യമാകും.
  • സെബിയുടെ കീഴിലുള്ള ഡിപ്പോസിറ്ററികൾക്ക് എൻ.ബി.എഫ്.സി. അക്കൗണ്ട് അഗ്രിഗേറ്റർ വഴി ബാങ്ക് വിവരങ്ങൾ ചേർക്കുന്നതിനായി റിസർവ് ബാങ്കാണ് അനുമതി നൽകിയിരിക്കുന്നത്.

നിലവിലുള്ള രീതി

  • നിലവിൽ ഒരേ പാന് (PAN) കീഴിലുള്ള മ്യൂച്വൽ ഫണ്ട് സ്‌കീമുകളുടെയും ഡീമാറ്റ് അക്കൗണ്ടിലുള്ള ഓഹരികളുടെയും വിവരങ്ങളാണ് സ്റ്റേറ്റ്‌മെന്റുകളായി നൽകുന്നത്.
  • സെബിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഡിപ്പോസിറ്ററികളായ എൻ.എസ്.ഡി.എൽ., സി.ഡി.എസ്.എൽ. എന്നിവയാണ് നിലവിൽ രജിസ്റ്റർ ചെയ്ത ഇ-മെയിൽ വഴി ഉപഭോക്താക്കൾക്ക് സ്റ്റേറ്റ്‌മെന്റ് അയച്ചുനൽകുന്നത്.
  • എൻ.പി.എസ്. (NPS) അക്കൗണ്ടിലെ വിവരങ്ങൾ നേരത്തേതന്നെ ഈ സ്റ്റേറ്റ്‌മെന്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ബാങ്ക് നിക്ഷേപങ്ങൾ ഇതിൽ ഉണ്ടായിരുന്നില്ല.

പങ്കെടുക്കുന്ന ഡിപ്പോസിറ്ററികൾ

എൻ.എസ്.ഡി.എൽ.,

സി.ഡി.എസ്.എൽ. 

റെഗുലേറ്ററി അനുമതി

റിസർവ് ബാങ്ക്, സെബി,

പി.എഫ്.ആർ.ഡി.എ.

വിവര കൈമാറ്റ

സംവിധാനം

എൻ.ബി.എഫ്.സി.-

അക്കൗണ്ട്

അഗ്രിഗേറ്ററുകൾ

ലഭ്യമാകുന്ന മാർഗം

രജിസ്റ്റർ ചെയ്ത

ഇ-മെയിൽ

ലക്ഷ്യവും നേട്ടവും

  • അക്കൗണ്ട് ഉടമ മരിക്കുന്ന സാഹചര്യങ്ങളിൽ, ബാങ്ക് നിക്ഷേപങ്ങളെക്കുറിച്ച് വിവരമില്ലാതെ തുക നഷ്ടപ്പെടുന്ന സംഭവങ്ങൾ നിരവധിയുണ്ട്.
  • സമ്പാദ്യവിവരങ്ങൾ ഒറ്റ സ്റ്റേറ്റ്‌മെന്റിൽ ലഭ്യമാകുന്നതോടെ, മരണപ്പെട്ട വ്യക്തികളുടെ നിക്ഷേപങ്ങളെക്കുറിച്ച് അവരുടെ അവകാശികൾക്ക് എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കും.
  • സാമ്പത്തിക വിവരങ്ങൾ നൽകുന്ന കമ്പനികളും സാമ്പത്തിക വിവരങ്ങൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങളും തമ്മിൽ വിവരകൈമാറ്റത്തിന് സഹായിക്കുന്ന സ്ഥാപനങ്ങളാണ് അക്കൗണ്ട് അഗ്രിഗേറ്റർമാർ.
  • ഇവ ആർ.ബി.ഐ. ലൈസൻസുള്ള ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളാണ് (NBFC).
  • സുരക്ഷയും അനുമതിയും: ഉപഭോക്താക്കളുടെ പൂർണ അനുമതിയോടെ മാത്രമാണ് അക്കൗണ്ട് അഗ്രിഗേറ്റർമാർ വിവരകൈമാറ്റം നടത്തുന്നത്.
  • നിലവിൽ 17 സ്ഥാപനങ്ങളാണ് അക്കൗണ്ട് അഗ്രിഗേറ്റർമാരായി പ്രവർത്തിക്കുന്നത്.
  • ഇന്റർ ഓപ്പറബിലിറ്റി: അക്കൗണ്ട് അഗ്രിഗേറ്റർ കമ്പനികൾക്കിടയിൽ ഇന്റർ ഓപ്പറബിലിറ്റി സൗകര്യം നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്.