ചൈനീസ് സര്‍ക്കാരിന് ജാക് മായോട് ഇപ്പോഴെന്താണിത്ര അതൃപ്തി? രാജ്യത്തേക്കാള്‍ വളരുന്ന കുത്തക മുതലാളിത്തരീതിയെ ചൈനയും അതിരുകടന്ന് ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു.

To advertise here,

ആഗോള ടെക് ഭീമനായ ആലിബാബയ്ക്കും സഹസ്ഥാപകനായ ജാക് മായ്ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. ഇതോടെ അദ്ദേഹത്തിന്റെ ആസ്തിയില്‍ ഒക്ടോബറിനുശേഷം വന്‍ഇടിവുണ്ടായി.

രാജ്യത്തേക്കാള്‍ വളരുന്ന വ്യവസായികളുടെ ആസ്തികളുടെ സൂക്ഷ്മ പരിശോധന നടത്തുകയാണ് ചൈന. ഇതോടെ ജാക്ക് മായുടെ ആസ്തിയില്‍ 1100 കോടി ഡോളറോളമാണ് നഷ്ടമായത്. കമ്പനിയുടെ ഓഹരി വില കുത്തനെ ഇടിയുകയുംചെയ്തു.

56-കാരനായ മുന്‍ ഇംഗ്ലീഷ് അധ്യാപകന്റെ വളര്‍ച്ച ചൈനയുടെ ഇന്റര്‍നെറ്റ് വ്യവാസയാത്തിന്റെ അതിവേഗനേട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിലൂടെ ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി ജാക് മാ. ഇപ്പോഴിതാ ലോകത്തിലെ 500 കോടീശ്വരന്മാരുടെ പട്ടികയില്‍ 25-ാം സ്ഥാനത്തേയ്ക്ക് അദ്ദേഹം പിന്തള്ളപ്പെട്ടിരിക്കുന്നു. ആസ്തിയാകട്ടെ 50.9 ബില്യണ്‍ ഡോളറുമായി. 

കോവിഡ് വ്യാപനത്തെതുടര്‍ന്ന് ഓണ്‍ലൈന്‍ വ്യാപാരമേഖലയില്‍ വന്‍കുതിപ്പുണ്ടായെങ്കിലും സര്‍ക്കാര്‍ പരിശോധന കടുപ്പിച്ചതോടെ ഈ കമ്പനികളുടെ ഓഹരികളെ ബാധിക്കുകയുംചെയ്തു. ആഴ്ചകള്‍ക്കുള്ളില്‍ ചൈനയിലെ ടെക് ഭീമന്മാര്‍ക്ക് വിപണിമൂല്യത്തില്‍ നുറുകണക്കിന് ബില്യണ്‍ ഡോളറുകള്‍ നഷ്ടമായി. 

പോണി മായുടെ ടെന്‍സെന്റ് ഹോള്‍ഡിങ്‌സിന്റെ മൂല്യം നവംബര്‍ ആദ്യത്തെ നിലവാരത്തില്‍നിന്ന് 15ശതമാനത്തോളം ഇടിഞ്ഞു. വാങ് ഷിങുവിന്റെ ഭക്ഷ്യ വിതരണ ശൃംഖലയായ മീറ്റുവാന്റെ മൂല്യം ഏറ്റവും ഉയര്‍ന്ന നിലവാരത്തിലെത്തിയ കഴിഞ്ഞമാസത്തെതില്‍നിന്ന് അഞ്ചിലൊന്ന് ഇടിഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ മുതലുള്ള കണക്കുനോക്കിയാല്‍ ആലിബാബയുടെ അമേരിക്കന്‍ ഡെപ്പോസിറ്റരി റസീറ്റുകളില്‍ 25ശതമാനത്തിലധികം കുറവുണ്ടായി. 

ചൈനയുടെ കുത്തക വിരുദ്ധ കരട് നിര്‍ദേശവും ആന്റിട്രസ്റ്റ് അവലോകനവും ടെക് ഭീമന്മാര്‍ക്കുമേല്‍ കരിനിഴല്‍വീഴ്ത്തിക്കഴിഞ്ഞു.