ഭൂമിയോട് തൊട്ടടുത്തുള്ള ഭ്രമണപഥങ്ങളിൽ കൂടുതലായി ഉപഗ്രഹങ്ങൾ വിന്യസിച്ച് വയറുകളില്ലാതെ കൂടുതൽ വേഗത്തിലുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് സംവിധാനം.

മുംബൈ: ഉപഗ്രഹ ഇന്റർനെറ്റ് സേവനം നടപ്പാകുംമുൻപ് ഈ മേഖലയിൽ പോർക്കളം തുറന്ന് സേവനദാതാക്കൾ. ഇന്ത്യയിൽ നിയമങ്ങളും നിബന്ധനകളും പാലിച്ച ശേഷവും ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അനുമതിയില്ലെന്നും ഇന്ത്യൻ ടെലികോം കമ്പനികളുടെ സമ്മർദമാണ് ഇതിനു കാരണമെന്നും അമേരിക്കൻ ശതകോടീശ്വരനും സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് ഉടമയുമായ ഇലോൺ മസ്ക് ആരോപിക്കുന്നു. ഇന്ത്യൻ ശതകോടീശ്വരനായ മുകേഷ് അംബാനിക്കെതിരേയാണ് മസ്കിന്റെ ചോദ്യമുനകൾ നീളുന്നത്. ആരോപണത്തിനു തൊട്ടുപിന്നാലെ ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് വിപുല പദ്ധതികൾ പ്രഖ്യാപിച്ച് റിലയൻസ് ജിയോ രംഗത്തെത്തി. 1,600 ഉപഗ്രഹങ്ങളുടെ വിപുലമായ നിരയൊരുക്കി ഇന്ത്യയിലെ ആറു ലക്ഷത്തിലധികം ഗ്രാമങ്ങളിലേക്ക് ഉപഗ്രഹ ഇന്റർനെറ്റ് കണക്ടിവിറ്റി എത്തിക്കുമെന്നാണ് ജിയോയുടെ പ്രഖ്യാപനം. ‘ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഉപഗ്രഹ കണക്ടിവിറ്റി’യെന്ന പേരിലാണ് ജിയോ പദ്ധതി അവതരിപ്പിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്.
ഭൂമിയോട് തൊട്ടടുത്തുള്ള ഭ്രമണപഥങ്ങളിൽ കൂടുതലായി ഉപഗ്രഹങ്ങൾ വിന്യസിച്ച് വയറുകളില്ലാതെ കൂടുതൽ വേഗത്തിലുള്ള ഇന്റർനെറ്റ് കണക്ടിവിറ്റി നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതാണ് സംവിധാനം. സിഗ്നലുകൾ സ്വീകരിക്കുന്നതിന് ആന്റിനയും മറ്റുപകരണങ്ങളും ആവശ്യമായി വരുന്നതിനാൽ ചെലവ് അല്പം കൂടും.
സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കാൻ പ്രാഥമികാനുമതി നേരത്തേയുണ്ട്. റിലയൻസ് ജിയോ, ഭാരതി എയർടെൽ എന്നീ കമ്പനികൾക്കും ഈ അനുമതികൾ ലഭ്യമായിട്ടുണ്ട്.
എന്നാൽ, സുരക്ഷാ അനുമതി ഒരു കമ്പനിക്കും നൽകിയിട്ടില്ല. ഇന്ത്യയിലെ നിയമങ്ങളും നിബന്ധനകളും പാലിച്ചിട്ടും അനുമതിനൽകാൻ കേന്ദ്രസർക്കാർ തയ്യാറാകുന്നില്ലെന്നാണ് മസ്ക് പറയുന്നത്. റഷ്യ-യുക്രൈൻ യുദ്ധം, ഇറാൻ പ്രക്ഷോഭം, ബംഗ്ലാദേശിലെയും നേപ്പാളിലെയും ബഹുജന പ്രക്ഷോഭം തുടങ്ങിയ മേഖലകളിലെല്ലാം മസ്കിന്റെ സ്റ്റാർലിങ്ക് ഉപയോഗിച്ച രീതി ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.
ഇറാനിലെ പ്രക്ഷോഭങ്ങൾക്കിടയിൽ സർക്കാർ ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചപ്പോൾ സ്റ്റാർലിങ്ക് ഉപഗ്രഹ ഇന്റർനെറ്റ് സേവനം ലഭ്യമാക്കി സർക്കാരിനെ വെല്ലുവിളിച്ചു. കലാപങ്ങളിലും മറ്റും ഇന്ത്യപോലുള്ള ഇത്രയും ജനസംഖ്യയുള്ള രാജ്യത്ത് ഈ രീതി പ്രയോഗിച്ചാൽ അതുണ്ടാക്കുന്ന ആഘാതമാണ് സുരക്ഷാ അനുമതി വൈകുന്നതിലേക്ക് ഇന്ത്യയെ നയിക്കുന്നത്. ഇന്ത്യയിൽ ഇന്റർനെറ്റ് കണക്ടിവിറ്റിയില്ലാത്ത ആളുകളിലേക്ക് സേവനമെത്തിക്കുകയാണ് ലക്ഷ്യമെന്ന് മസ്ക് പറയുന്നു.
ഇത്തരം പ്രദേശങ്ങൾ കൂടുതലായി രാജ്യത്തിന്റെ അതിർത്തി മേഖലകളിലും മലയോര മേഖലകളിലുമാണ്. ഈ ഭാഗങ്ങളിൽ തീവ്രവാദ പ്രവർത്തനങ്ങൾക്കും രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾക്കും സ്റ്റാർലിങ്ക് സേവനങ്ങൾ ഉപയോഗിക്കാനുള്ള സാധ്യതകളാണ് സർക്കാരിനെ ആശങ്കപ്പെടുത്തുന്ന മറ്റൊരുകാര്യം. നിലവിലെ ഇന്റർനെറ്റ് നിരക്കിൽ സ്റ്റാർലിങ്ക് സേവനം ലഭിക്കില്ല. കണക്‌ഷൻ ലഭിക്കുന്നതിനുതന്നെ 35,000 രൂപയ്ക്കടുത്ത് ചെലവുവരുമെന്നാണ് കണക്കാക്കുന്നത്. അതുകൊണ്ട് ഗ്രാമീണ മേഖലയിൽ എത്രത്തോളം ഇതിനു സ്വീകാര്യത ലഭിക്കുമെന്നതാണ് മറ്റൊരു ചോദ്യം. ഇതൊന്നുമറിയാതെയല്ല മസ്കിന്റെ വരവ്. അതുകൊണ്ടുതന്നെ വാണിജ്യതാത്പര്യങ്ങൾക്കപ്പുറം മസ്കിനു മറ്റു ലക്ഷ്യങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
Content Highlights: Tensions escalate in India's emerging satellite internet market as Starlink head Elon Musk accuses Indian telecom giants like Reliance Jio of lobbying against its launch, while Jio counters with a plan for a nationwide constellation of 1,600 satellites amid government security concerns surrounding Starlink's global operations.
Published: 10 Oct 2026, 03:01 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented