മുംബൈ: ഇന്ത്യയുടെ കയറ്റുമതി നടപ്പുസാമ്പത്തികവർഷം ഒരുലക്ഷംകോടി ഡോളർ കടക്കുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ. ആഗോള വ്യാപാരം കുറഞ്ഞുവരുകയാണെങ്കിലും ഇക്കാര്യത്തിൽ തനിക്ക് ശുഭാപ്തിവിശ്വാസമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം 86,300 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യയിൽനിന്നുണ്ടായത്. ഇതിൽനിന്ന് 16 ശതമാനംവരെ വർധനയാണ് ഈ സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്നത്.

To advertise here,

സാമ്പത്തികവർഷം ആദ്യപകുതിയിലെ കണക്കുകൾ നോക്കുമ്പോൾ ലക്ഷ്യം മറികടക്കാനാകുമെന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് പാർട്ണർഷിപ്പ് സമ്മിറ്റിൽ അദ്ദേഹം പറഞ്ഞു. 2026 ഏപ്രിൽമുതൽ ഓഗസ്റ്റുവരെയുള്ള വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം 39,927 കോടി ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയിട്ടുള്ളത്. ആഗോള വളർച്ച മൂന്നുശതമാനംവരെ കുറയാനിടയുണ്ടെന്നു കണക്കാക്കുന്ന സമയത്താണ് ഇന്ത്യ കയറ്റുമതിയിൽ ഈ നേട്ടം ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ 6.3 കോടി ചെറുകിട-സൂക്ഷ്മ-ഇടത്തരം സംരംഭങ്ങളും ഗ്ലോബൽ കേപ്പബിലിറ്റി സെന്ററുകളും 2.5 ലക്ഷംവരുന്ന സ്റ്റാർട്ടപ്പുകളുമാണ് കയറ്റുമതി രംഗത്തെ ചലനാത്മകതയ്ക്കു ശക്തിപകരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലോകം മതിലുകൾ പണിയുമ്പോൾ ഇന്ത്യ പാലം നിർമിക്കുകയാണ്. യൂറോപ്യൻ യൂണിയൻ, ബ്രിട്ടൻ എന്നിവയടക്കമുള്ള രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാരക്കരാർ കൊണ്ടുവരാനായത് രാജ്യത്തെ കയറ്റുമതിമേഖലയ്ക്കു നേട്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.