(ഇന്ത്യസഖ്യം ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് സുപ്രീംകോടതിയിലേക്കു നടത്തിയ യാത്രയ്ക്കൊപ്പം നടന്ന മാതൃഭൂമി റിപ്പോർട്ടർ അരുൺ സാബു എഴുതുന്നു...)

To advertise here,

ന്യൂഡൽഹി: ജനാധിപത്യവിശ്വാസികൾ ഒന്നായണിനിരന്ന പ്രകടനം; ഇന്ത്യസഖ്യത്തിന്റെ തിങ്കളാഴ്ചത്തെ സുപ്രീംകോടതി മാർച്ചിനെ ഇങ്ങനെ ചുരുക്കാം. ഇന്ത്യസഖ്യം രൂപവത്കരിച്ചശേഷം പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ ശക്തിപ്രകടനമെന്നു പറഞ്ഞാലും അതിശയോക്തിയല്ല. ഹർജി നൽകാനുള്ള യാത്രയായിരുന്നെങ്കിലും മാർച്ചിൽ ഉയർന്നത് മോദിസർക്കാരിനെതിരായ ജനവികാരംതന്നെ.

ഉച്ചയ്ക്ക് തുടക്കം

എം.പി.മാരുടെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽനിന്ന് ഉച്ചയ്ക്ക് രണ്ടരയോടെ നേതാക്കൾ ബസിലും അണികൾ നടന്നും നീങ്ങി. തുടങ്ങിയപ്പോൾക്കണ്ട ചിത്രമായിരുന്നില്ല, വൈകീട്ട് ആറോടെ മാർച്ച് അവസാനിച്ചപ്പോൾ. വഴിനീളെ വന്നുചേർന്ന ആയിരങ്ങൾ യാത്രയെ ആൾക്കടലാക്കി.

ഫിറോസ്ഷാ റോഡ് വഴി മണ്ഡിഹൗസിലെത്തി അവിടെനിന്ന് സുപ്രീംകോടതിക്കടുത്ത ഭഗവാൻ ദാസ് റോഡിലേക്ക് പോകാവുന്ന മാർച്ചിനെ ശക്തിവെളിപ്പെടുത്താൻ രാഹുൽ ഗാന്ധിയും നേതാക്കളും ബാരഖംബ റോഡുവഴി കൊണാട് പ്ലേസിലെ ഇന്ദിരാ ചൗക്കിലേക്ക് തിരിച്ചുവിട്ടു. നേഹാ ബോറയും ഐഷി ഘോഷും ബസ്സിൽ രാഹുലിനും പ്രതിപക്ഷ നേതാക്കൾക്കുമൊപ്പമുണ്ടായിരുന്നു. ഉച്ചവെയിൽ താണപ്പോൾ ആവേശം ഇരട്ടിയായി.

സി.ജെ.പി. സമരത്തിൽ നിറഞ്ഞുനിന്ന യുവശക്തിതന്നെയായിരുന്നു ഈ മാർച്ചിന്റെയും കരുത്ത്. ഇടതു വിദ്യാർഥി, യുവജന സംഘടനകളായ ഐസ, എ.ഐ.എസ്.എഫ്., എസ്.എഫ്.ഐ., എ.ഐ.വൈ.എഫ്., കെ.വൈ.എസ്., ദിശ തുടങ്ങിയവ മാർച്ചിൽ പൂർണശക്തിയിൽ അണിനിരന്നു. യൂത്ത് കോൺഗ്രസും എൻ.എസ്.യുവും എം.എസ്.എഫും ഒപ്പം എസ്.പി.യും ആർ.ജെ.ഡി.യും സജീവസാന്നിധ്യമായി. കുടിവെള്ളവും സൗകര്യങ്ങളുമായി സേവാദളും.

ഇടയ്ക്ക് ബാരിക്കേഡ് വെക്കാൻ ശ്രമമുണ്ടായെങ്കിലും അതെല്ലാം മറിച്ചിട്ട് പ്രതിഷേധക്കാർ മുന്നേറി. ഭഗവാൻ ദാസ് റോഡിലേക്കെത്തിപ്പോൾ ബാരിക്കേഡുകളുടെ അടുക്കുനിരത്തി തടഞ്ഞു. മറികടക്കാൻ കനയ്യകുമാറിന്റെ നേതൃത്വത്തിൽ ബാരിക്കേഡിന്റെ മുകളിൽക്കയറിയപ്പോൾ പോലീസ് വിയർത്തു. കഷ്ടപ്പെട്ടാണ് ഇവരെ താഴെയിറക്കിയത്. ബാരിക്കേഡ് കടക്കാതെ മാർച്ച് അവസാനിപ്പിക്കാൻ ധാരണയിലെത്തിയതോടെ പോലീസ് ബലപ്രയോഗം അവസാനിപ്പിച്ചു.

മാർച്ചിൽ നിറഞ്ഞ് ബാറ്റ്മാൻ മാസ്‌ക്

ഇൻസ്റ്റഗ്രാമിൽ ചെറുപ്പക്കാർക്കിടയിൽ രാഹുൽ ഗാന്ധിക്കുള്ള ‘ബാറ്റ്മാൻ’ വിശേഷണം മാർച്ചിൽ മുഖംമൂടികളായി നിറഞ്ഞു. ഈ മാസ്ക് ചിലർ രാഹുലിന് സമ്മാനിച്ചു. രാഹുൽ ഇത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ അണിയിക്കുകയും ചെയ്തു.