പിന്നിട്ട ആറ് വർഷത്തിനിടയിൽ നിക്ഷേപകർക്ക് കൂടുതൽ ആദായം നൽകിയത് ഏത് ആസ്തിയാകും? റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റുകളും(REITs) ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റുമെന്റ് ട്രസ്റ്റുകളും(InvITs) തന്നെ. ഓഹരിയെയും സ്ഥിര നിക്ഷേപങ്ങളെയും മറികടക്കുന്ന പ്രകടനം കാഴ്ചവെച്ചുകൊണ്ട് വീണ്ടും നിക്ഷേപക ശ്രദ്ധ ആകർഷിക്കുകയാണ് ഈ പദ്ധതികൾ. റീറ്റ്‌സിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് 'നിക്ഷേപ പാഠം' കോളത്തിൽ 2023 ഒക്ടോബറിൽ വിശദമാക്കിയിരുന്നു. അതേ തുടർന്ന് നിരവധി പേർ നിക്ഷേപം നടത്തുകയും ചെയ്തു. റീറ്റ്‌സും ഇൻവിറ്റ്‌സും വീണ്ടും നിക്ഷേപക ശ്രദ്ധ ആകർഷിക്കുന്നത് അത് നൽകിയ നേട്ടക്കണക്കുകൾ കൊണ്ടുതന്നെ.

To advertise here,

നിശ്ചിത ഇടവേളകളിൽ ലഭിക്കുന്ന വരുമാനം, കുറഞ്ഞ നികുതി ബാധ്യതയും റിസ്‌കും എന്നിവയൊക്കെ ഈ ബദൽ പദ്ധതിയിലേക്ക് തിരിയാൻ നിക്ഷേപകരെ പ്രേരിപ്പിക്കുന്നു. 2019ൽ 19,000 ആയിരുന്ന നിക്ഷേപകരുടെ എണ്ണം 2026 ആയപ്പോഴേക്കും എട്ട് ലക്ഷത്തോളമായി. അടുത്ത നാല് വർഷത്തിനുള്ളിൽ 12 മുതൽ 15 ശതമാനംവരെ ആദായം ഈ നിക്ഷേപത്തിൽനിന്ന് പ്രതീക്ഷിക്കാമെന്നാണ് വിലയിരുത്തൽ.

പ്രകടനം

പരമ്പരാഗത നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ REIT, InvIT മേഖലകൾ മികച്ച വാർഷികാദായമാണ് നൽകിയത്. 2019 ജൂലൈ ഒന്നു മുതൽ 2026 മാർച്ച് വരെയുള്ള കണക്കുകൾ താഴെ നൽകുന്നു:

നിക്ഷേപ വിഭാഗം

വാർഷികാദായം

Nifty REIT-InvIT Index

12%

Nifty 50

11.1%

Debt Funds

7.5%

Fixed Deposit

6.5%

18 മാസമായി ഓഹരി വിപണിയിൽ മാറ്റമില്ലാത്ത സാഹചര്യത്തിൽ മറ്റ് ആസ്തി വിഭാഗങ്ങളുമായി കുറഞ്ഞ ബന്ധം (Low correlation) പുലർത്തുന്ന ഈ മേഖലകളിലേക്ക് നിക്ഷേപകർ കൂട്ടത്തോടെ എത്തുകയാണ്.

കുതിക്കുന്ന വിപണി വിഹിതം

ആസ്തി മൂല്യം: റീറ്റ്‌സ് 27 ബില്യൺ ഡോളറിന്റെയും ഇൻവിറ്റ്‌സ് 85 ബില്യൺ ഡോളറിന്റെയും ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്.

വിപണി മൂല്യം: ലിസ്റ്റ് ചെയ്ത സ്ഥാപനങ്ങളുടെ ആകെ വിപണി മൂല്യം 47 ബില്യൺ ഡോളറാണ്. ഇത് നിക്ഷേപകർക്ക് വൈവിധ്യമാർന്ന സാധ്യതകൾ മുന്നോട്ടുവെയ്ക്കുന്നു.

പ്രധാന സ്ഥാപനങ്ങൾ: എംബസി ഓഫീസ് പാർക്‌സ് (Embassy Office Parks REIT), ബ്രൂക്ക്ഫീൽഡ് ഇന്ത്യ റിയൽ എസ്റ്റേറ്റ് ട്രസ്റ്റ് (Brookfield India Real Estate Trust), നെക്‌സസ് സെലക്ട് ട്രസ്റ്റ് (Nexus Select Trust), ഇൻഡിഗ്രിഡ് ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ് (IndiGrid Infrastructure Trust), നോളജ് റിയൽറ്റി ട്രസ്റ്റ് (Knowledge Realty Trust).

സ്ഥാപനത്തിന്റെ പേര്

വിപണി വില (CMP Rs.)

വരുമാന വിഹിതം (%)

ഒരു വർഷത്തെ വരുമാനം (%)

Mindspace Business 

468.27

5.11

21.69

Embassy Off. Parks

433.98

0.20

11.75

Brookfield India

323.75

5.78

12.46

Nexus Select

157.12

4.30

21.22

Knowledge Realty

116.42

2.66

-

പ്രവർത്തന രീതി

ഓഫീസുകൾ, മാളുകൾ, റോഡുകൾ, വൈദ്യുതി ശൃംഖലകൾ എന്നിങ്ങനെ വരുമാനം നൽകുന്ന റിയൽ എസ്‌റ്റേറ്റ്-അടിസ്ഥാന സൗകര്യ ആസ്തികളാണ് ഈ ട്രസ്റ്റുകൾ കൈകാര്യം ചെയ്യുന്നത്.

വരുമാന വിതരണം: വരുമാനത്തിന്റെ കുറഞ്ഞത് 90 ശതമാനം തുകയും നിക്ഷേപകർക്ക് ലാഭവിഹിതമായി നൽകേണ്ടതുണ്ട്. മൂന്ന് മാസത്തിലൊരിക്കലോ ആറ് മാസത്തിലൊരിക്കലോ കൃത്യമായ വരുമാനം ഉറപ്പാക്കാൻ ഇതിലൂടെ കഴിയുന്നു.

എളുപ്പത്തിൽ നിക്ഷേപിക്കാം: ഓഹരികളെപ്പോലെ തന്നെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാൽ എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും സാധിക്കും.

നികുതി ബാധ്യത

പുതുക്കിയ നികുതി വ്യവസ്ഥ പ്രകാരം റീറ്റ്‌സ്, ഇൻവിറ്റ്‌സ് എന്നിവയിലെ നിക്ഷേപത്തിന് ഓഹരിക്ക് സമാനമായ നികുതി ബാധ്യതയാണുള്ളത്.

ദീർഘകാല മൂലധന നേട്ടം (LTCG): ഒരു വർഷത്തിൽ കൂടുതൽ കാലം കൈവശംവെച്ചശേഷം വിൽക്കുകയാണെങ്കിൽ ലാഭത്തിന്മേൽ 12.5 ശതമാനം നികുതിയാണ് നൽകേണ്ടത്.

ഹ്രസ്വകാല മൂലധന നേട്ടം (STCG): ഒരു വർഷത്തിൽ താഴെ കൈവശം വെച്ചശേഷം വിൽക്കുകയാണെങ്കിൽ 20 ശതമാനം നികുതിയാണ് ബാധകമാകുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആസ്തി ഏറ്റെടുക്കൽ: മാതൃകമ്പനികളിൽ നിന്നോ പുറത്തുനിന്നോ കൂടുതൽ ആസ്തികൾ ഏറ്റെടുക്കാനുള്ള കരാറുകൾ ഉണ്ടോ എന്ന് നിക്ഷേപം നടത്തുംമുമ്പ് പരിശോധിക്കുക.

ട്രാക്ക് റെക്കോഡ്: മാനേജ്മെന്റിന് പുതിയ ആസ്തികൾ ഏറ്റെടുക്കുന്നതിലും അവ കാര്യക്ഷമമായി നടത്തുന്നതിലുമുള്ള പരിചയമുണ്ടോയെന്ന് വിലയിരുത്തുക.

ഭാവി സാധ്യത: വികസനത്തിനുള്ള സാധ്യതകളും ആസ്തികളും പദ്ധതികളും പരിശോധിക്കുന്നത് നല്ലതാണ്.

കൂടുതൽ അറിയാം

❓എന്താണ് REIT, InvIT നിക്ഷേപങ്ങൾ?

ഓഫീസുകൾ, മാളുകൾ, റോഡുകൾ, വൈദ്യുതി ശൃംഖലകൾ തുടങ്ങിയ വരുമാനം നൽകുന്ന ആസ്തികളിൽ നിക്ഷേപിക്കുന്ന ട്രസ്റ്റുകളാണ് REIT-കളും InvIT-കളും.

❓എന്താണ് പ്രധാന നേട്ടം ?

സ്ഥിരമായ വരുമാനം, കുറഞ്ഞ നികുതി ബാധ്യത, ഓഹരികളെ അപേക്ഷിച്ച് കുറഞ്ഞ റിസ്‌ക് എന്നിവയാണ് പ്രധാന നേട്ടങ്ങൾ.

❓എത്ര ആദായം പ്രതീക്ഷിക്കാം?

12 മുതൽ 15 ശതമാനം വരെ വാർഷിക ആദായം ഈ നിക്ഷേപങ്ങളിൽ നിന്ന് ലഭിക്കുമെന്നാണ് വിലയിരുത്തൽ.

❓REIT, InvIT നിക്ഷേപങ്ങളിലെ ലാഭവീതം എങ്ങനെയാണ് ലഭിക്കുന്നത്?

ഈ ട്രസ്റ്റുകൾ വരുമാനത്തിന്റെ കുറഞ്ഞത് 90 ശതമാനം തുകയും മൂന്ന് മാസത്തിലൊരിക്കലോ ആറ് മാസത്തിലൊരിക്കലോ നിക്ഷേപകർക്ക് വരുമാന വിഹിതമായി നൽകണം.

❓നികുതി നിരക്കുകൾ?

ഒരു വർഷത്തിന് മുകളിലുള്ള നിക്ഷേപത്തിന് 12.5 ശതമാനം LTCG-യും, ഒരു വർഷത്തിന് താഴെയുള്ളതിന് 20 ശതമാനം STCG നികുതിയുമാണ് ബാധകം.

❓REIT, InvIT എങ്ങനെ നിക്ഷേപിക്കാം?

ഓഹരികളെപ്പോലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ളതിനാൽ  എളുപ്പത്തിൽ വാങ്ങാനും വിൽക്കാനും സാധിക്കും.

❓നിക്ഷേപം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

മാനേജ്മെന്റിന്റെ ട്രാക്ക് റെക്കോർഡ്, ആസ്തി ഏറ്റെടുക്കാനുള്ള കരാറുകൾ, വികസനത്തിനുള്ള ഭാവി സാധ്യതകൾ എന്നിവ പരിശോധിച്ചശേഷം മാത്രം നിക്ഷേപം നടത്തുക.