സൗദിയില്‍നിന്ന് മടങ്ങിയെത്തിയ ജയകുമാര്‍ ഭാവി ജീവിതത്തിനായി കരുതിവെച്ച തുക റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. നാട്ടിലെ ചെറുപട്ടണത്തില്‍ കട മുറി പണിത് വാടയ്ക്ക് കൊടുത്ത് അതില്‍നിന്ന് ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിക്കാനാണ് പ്ലാന്‍.

To advertise here,

തരക്കേടില്ലാത്ത, വാണിജ്യ പ്രധാന്യമുള്ള സ്ഥലത്തിനായി അന്വേഷിച്ചു നടന്നത് മൂന്നു മാസം. പ്ലാന്‍ തയ്യാറാക്കി, അനുമതി വാങ്ങി, പണി തുടങ്ങിയപ്പോഴേയ്ക്കും വര്‍ഷം ഒന്ന് പിന്നിട്ടു. വസ്തു വാങ്ങുന്നതിനും മറ്റുമായി ഒരു കോടി രൂപയോളം ഇതിനകം ചെലവായി. പണം തികയാതെ വന്നാല്‍ ലോണ്‍ എടുക്കേണ്ടിവരും. പണി പൂര്‍ത്തിയായാല്‍ നല്ല വാടകക്കാരെ കിട്ടാന്‍ കുറച്ചുകാലമെങ്കിലും കാത്തിരിക്കേണ്ടിയുംവരും. വരുമാനം ലഭിച്ചു തുടങ്ങാത്തതിനാല്‍ ബാങ്കിലെ നിക്ഷേപത്തില്‍നിന്ന് പണമെടുത്താണ് ഇപ്പോഴത്തെ ജീവിതം.

റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്
മുംബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍നിന്ന് വിരമിച്ച സതീശനും റിലയല്‍ എസ്റ്റേറ്റില്‍ തന്നെയാണ് നോട്ടം. നവി മുംബൈയില്‍ ഫ്ളാറ്റ് വാങ്ങി വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. ജീവിക്കാന്‍ അതില്‍നിന്നുള്ള വരുമാനം മാത്രം മതിയാവില്ല. വിരമിച്ചപ്പോള്‍ ലഭിച്ച തുകയില്‍നിന്ന് മറ്റൊരു ഫ്ളാറ്റ് കൂടി വാങ്ങാന്‍ പണം തികയുകയുമില്ല. 50 ലക്ഷം രൂപ കൈവശമുണ്ടെങ്കിലും വേറെയും ആവശ്യങ്ങളുള്ളതിനാല്‍ 25 ലക്ഷത്തില്‍ കൂടുതല്‍ മുടക്കാന്‍ താല്പര്യവുമില്ല. നാട്ടില്‍ വസ്തു വാങ്ങിയാല്‍ നോക്കാന്‍ ആളില്ലാത്തതിനാല്‍ അതിന് മുതിര്‍ന്നില്ല. അങ്ങനെയിരിക്കെയാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റി(റീറ്റ്)ന്റെ സാധ്യതകളെക്കുറിച്ച് അറിഞ്ഞത്.

എന്താണ് റീറ്റ്സ്
സ്ഥലം വാങ്ങാനോ, കെട്ടിടം പണിയാനോ, വാടക പിരിക്കാനോ, കെട്ടിടത്തിന്റെ അറ്റകുറ്റ പണികള്‍ ചെയ്യാനോ മിനക്കെടേണ്ടതില്ല. വിദഗ്ധരായ മാനേജര്‍മാര്‍ അതെല്ലാം ചെയ്തുകൊള്ളും. കാര്യങ്ങളൊക്കെ നോക്കിനടത്തി കാലാകാലങ്ങളില്‍ അതില്‍നിന്നുള്ള വരുമാനം നിങ്ങള്‍ക്ക് തരും. മാനേജരുടെ സഹായത്തോടെ റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപിക്കുന്നുവെന്ന് സാരം.  

നിക്ഷേപം ഇപ്രകാരം
നിക്ഷേപകരില്‍നിന്ന് പണം സമാഹരിച്ച് വന്‍കിട റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപിക്കുകയാണ് റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റുകള്‍ ചെയ്യുന്നത്. വാണിജ്യാവശ്യത്തിനുള്ള കെട്ടിടങ്ങളിലാണ് റീറ്റ്സുകള്‍ പ്രധാനമായും നിക്ഷേപം നടത്തുന്നത്. സെബിയുടെ നിയന്ത്രണം ഇവയ്ക്കുമേലുണ്ട്. കാര്‍ഷിക ഭൂമിയിലും ഒഴിഞ്ഞുകിടക്കുന്ന വസ്തുവിലും നിക്ഷേപിക്കാനാവില്ല. മൊത്തം നിക്ഷേപത്തിന്റെ 80ശതമാനവും വരുമാനം ലഭിക്കുന്ന, പൂര്‍ത്തിയാക്കിയ കെട്ടിടങ്ങളിലോ മാളുകളിലോ റിയല്‍ എസ്റ്റേറ്റ് സമുച്ചയങ്ങളിലോ മുടക്കേണ്ടതുമുണ്ട്.

വിപണിയില്‍ നാല് ട്രസ്റ്റുകള്‍
റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്, ഇന്‍ഫ്രസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് എന്നിവ ഇന്ത്യയില്‍ പുതിയതാണെങ്കിലും യുഎസ് ഉള്‍പ്പടെയുള്ള വികസിത രാജ്യങ്ങളില്‍ ഏറെക്കാലമായുണ്ട്. നാല് റീറ്റ്സുകളാണ് ഇന്ത്യയില്‍ ഇപ്പോഴുള്ളത്. എംബസി ഓഫീസ് പാര്‍ക്സ്, ബ്രൂക്ക് ഫീല്‍ഡ്, മൈന്‍ഡ് സ്പേസ്, നെക്സസ് എന്നിവയാണവ. സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ വഴി നേരിട്ടും ഫണ്ട് ഓഫ് ഫണ്ട്സ് വഴി പരോക്ഷമായും ഇവയില്‍ നിക്ഷേപിക്കാന്‍ കഴിയും.

വരുമാനം ഇപ്രകാരം
രണ്ട് തരത്തിലാണ് നിക്ഷേപത്തില്‍നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിയുക. വരുമാന വിഹിത(ലാഭവീതം)വും മൂലധനനേട്ടവും. റീറ്റ്സുകള്‍ക്ക് ദീര്‍ഘകാല വാടക കരാറുകളുള്ളതിനാല്‍ സ്ഥിരമായി ലാഭവീതം ലഭിച്ചുകൊണ്ടിരിക്കും. മൊത്തം വരുമാനത്തില്‍ 90 ശതമാനവും നിക്ഷേപകര്‍ക്ക് വിതരണം ചെയ്യണമെന്നാണ് വ്യവസ്ഥ. നിക്ഷേപിച്ച പണത്തിന് ആനുപാതികമായി ലഭിച്ച യൂണിറ്റുകളുടെ മൂല്യത്തിലുണ്ടാകുന്ന വര്‍ധനവാണ് മൂലധനനേട്ടമായി ലഭിക്കുന്നത്.

എങ്ങനെ നിക്ഷേപിക്കാം?
ട്രേഡിങ്, ഡീമാറ്റ് അക്കൗണ്ടുകളുണ്ടെങ്കില്‍ ആര്‍ക്കും നിക്ഷേപം തുടങ്ങാം. ഒരു യൂണിറ്റിന്റെ മൂല്യത്തില്‍ ഇടപാട് നടത്താം. സ്റ്റോക്ക് എക്സ്ചേഞ്ച് വഴി ഓഹരിയിലേതുപോലെ എളുപ്പത്തില്‍ നിക്ഷേപിക്കാമെന്നതാണ് പ്രധാന സവിശേഷത. ലക്ഷങ്ങളൊന്നും ആവശ്യമില്ല. നൂറോ ഇരുന്നൂറോ രൂപയുണ്ടെങ്കില്‍ നിക്ഷേപം ആരംഭിക്കാം. വലിയ തുക വായ്പയെടുത്ത് നിക്ഷേപം നടത്തേണ്ട ആവശ്യവുമില്ല. ഘട്ടംഘട്ടമായി നിക്ഷേപിക്കാനുള്ള സാധ്യതയും പ്രയോജനപ്പെടുത്താം. വീടോ സ്ഥലമോ വിറ്റ് പണം തിരികെയെടുക്കുന്നതിലും എളുപ്പത്തില്‍ നിക്ഷേപം പണമാക്കുകയും ചെയ്യാം.

ഓഹരിയെ പോലെയാണ് റീറ്റ്സുകള്‍ വിപണിയില്‍ ട്രേഡ് ചെയ്യുന്നത്. 2023 മെയ് രണ്ടിന് എംബസി ഓഫിസ് പാര്‍ക്ക്സില്‍ പത്ത് ലക്ഷം രൂപ നിക്ഷേപിച്ചിരുന്നുവെന്ന് കരുതുക, ഒന്നിന് 329.95 രൂപ നിരക്കില്‍ 3,030 യൂണിറ്റുകളാണ് ലഭിച്ചിട്ടുണ്ടാകുക. മെയ് അഞ്ചിന് 5.61 രൂപയാണ് വരുമാന വിഹിതം പ്രഖ്യാപിച്ചത്. ഈയിനത്തില്‍ 16,998 രൂപയാണ് ലഭിക്കുക. അതിനുശേഷം ഓഗസ്റ്റ് മൂന്നിന് 5.38 രൂപയും വരുമാനവിഹതമായി വിതരണം ചെയ്തു. 16,301 രൂപയാണ് ഇത്തവണത്തെ വിഹിതം.  മാസത്തിലൊരിക്കലോ മൂന്നുമാസം കൂടമ്പോഴോ വരുമാനം ലഭിച്ചുകൊണ്ടിരിക്കും. കാലാകാലങ്ങളില്‍ വാടക വരുമാനം വര്‍ധിക്കുന്നതിന് അനുസരിച്ച് ആദായവും കൂടും.

ഓഹരിയിലെന്നപോലെ റീറ്റ്സുകളുടെ നിക്ഷേപം സംബന്ധിച്ചും ധാരണവേണം. ഉദാഹരണത്തിന്, മൈന്‍ഡ് സ്പേസിന്റെ വസ്തുവകകളില്‍ 80 ശതമാനവും മുംബൈയിലും ഹൈദരാബാദിലുമാണ്. എംബസി ഓഫീസ് പാര്‍ക്ക്സിന്റെ 64 ശതമാനത്തിലധികം വസ്തുവകകള്‍ ബെംഗളുരുവിലാണ്. വന്‍കിട മാളുകള്‍, ഹോട്ടലുകള്‍, ഓഫീസ് കെട്ടിടങ്ങള്‍ എന്നിവയെല്ലാം ഇവയില്‍വരും. വലിയ നഗരങ്ങളിലെ വന്‍കിട പ്രൊജക്ടുകളിലാണ് റീറ്റ്സുകളുടെ നിക്ഷേപം. അതുകൊണ്ടുതന്നെ വന്‍കിട കമ്പനികളാകും ഉപഭോക്താക്കള്‍.

നഷ്ട സാധ്യത
റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ അന്തര്‍ലീനമായ റിസ്‌ക് റീറ്റ്സിലുമുണ്ട്. വാടക വരുമാനം കുറയുന്ന സാഹചര്യമുണ്ടായാല്‍ നിക്ഷേപകന്റെ ആദായത്തെ ബാധിക്കും. നിക്ഷേപം നടത്തിയിട്ടുള്ള അടിസ്ഥാന പ്രോപ്പര്‍ട്ടികളുടെ മൂല്യത്തില്‍ ഇടിവുണ്ടായാല്‍ യൂണിറ്റ് വിലയിലും പ്രതിഫലിക്കും. ഓഹരിയെപ്പോലെ റീറ്റ്സിന്റെ യൂണിറ്റ് മൂല്യവും വിപണിയിലെ ചാഞ്ചാട്ടത്തിന് വിധേയമാണ്.

നികുതി ബാധ്യത
മൊത്തം വരുമാനത്തോടൊപ്പം ലാഭവീതം ചേര്‍ക്കുമ്പോള്‍ വരുന്ന സ്ലാബിന് അനുസരിച്ചാണ് നികുതി നല്‍കേണ്ടത്. യൂണിറ്റുകള്‍ വിറ്റ് പണമാക്കുകയാണെങ്കില്‍ ഹ്രസ്വ-ദീര്‍ഘകാല മൂലധന നേട്ട നികുതിയാണ് ബാധകമാകുക. മൂന്നു വര്‍ഷത്തില്‍ താഴെ കൈവശം വെച്ചശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ഹ്രസ്വ കാലയളവില്‍ 15 ശതമാനവും അതിന് മുകളില്‍ കൈവശം വെച്ചതിനുശേഷമാണ് വില്‍ക്കുന്നതെങ്കില്‍ ഒരു ലക്ഷം രൂപയ്ക്കു മുകളിലുള്ള ലാഭത്തിന് 10 ശതമാനവുമാണ് നികുതി നല്‍കേണ്ടത്.

നിക്ഷേപം നടത്താമോ?
വ്യത്യസ്ത ആസ്തികളില്‍ നിക്ഷേപം ക്രമീകരിക്കുന്നതിന്റെ ഭാഗമായി റീറ്റ്സിലും ചെറുതല്ലാത്ത തുക വകയിരുത്താം. സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം, ബാങ്ക് എഫ്.ഡി തുടങ്ങിയവയോടൊപ്പം സ്ഥിര വരുമാനം ഉറപ്പാക്കാന്‍ അതിലൂടെ കഴിയും.