കൃത്യമായ ആസൂത്രണവും വര്ഷം തോറും നിക്ഷേപം വര്ധിപ്പിക്കാനുള്ള സന്നദ്ധതയും ഉണ്ടെങ്കില് ചെറിയ വരുമാനമുള്ളവര്ക്കുപോലും
കോടീശ്വരനാകാന് സാധിക്കും. അതിനുള്ള വഴികളിതാ.

30 വർഷങ്ങൾക്കപ്പുറം, നിങ്ങളുടെ വിരമിക്കൽ കാലത്ത് ബാങ്ക് അക്കൗണ്ടിൽ 26 കോടി രൂപയുണ്ടാകുമെന്ന് സ്വപ്നം കാണാൻ കഴിയുമോ? സാധാരണ ശമ്പളക്കാരനെ സംബന്ധിച്ചിടത്തോളം അസാധ്യമെന്ന് തോന്നാം. എന്നാൽ കൃത്യമായ ആസൂത്രണം ഉണ്ടെങ്കിൽ നേടാവുന്നതേയുള്ളൂ. ഇത് കേവലം ഭാഗ്യപരീക്ഷണമല്ല, അച്ചടക്കമുള്ള നിക്ഷേപം പിന്തുടർന്നാൽ സ്വാഭാവികമായും സംഭവിക്കുന്ന ഒന്നാണ്. 30 വയസ്സുള്ള വ്യക്തി വരുമാനത്തിൽ നിന്ന് പ്രതിമാസം 50,000 രൂപ വൈവിധ്യവത്കരിച്ച് നിക്ഷേപിച്ചാൽ കോടികളുടെ സമ്പത്തിന് ഉടമയാകാം.
വിരസമെന്ന് തോന്നിയേക്കാവുന്ന നിരവധി കടമ്പകൾ നിക്ഷേപ യാത്രയിൽ നേരിടേണ്ടിവരും. പണം അപ്പോൾ കിട്ടിയതുകൊണ്ട് എന്തുകാര്യം, ഇപ്പോൾ അടിച്ചുപൊളിക്കേണ്ടേ-എന്നൊക്കെയുള്ള ചോദ്യങ്ങളും മനസിൽ ഉയരും. അല്ലെങ്കിൽ മറ്റുള്ളവർ ചോദിക്കും. അതെല്ലാം അതിജീവിച്ച്, പെട്ടെന്നുണ്ടാകുന്ന നേട്ടത്തിന് പിന്നാലെ പോകാതെ ദീർഘകാലാടിസ്ഥാനത്തിൽ തന്ത്രം മെനയേണ്ടിവരും. എങ്കിൽ മികച്ച ആസ്തി വിന്യാസത്തിലൂടെ ഈ നേട്ടം കൈവരിക്കാം.
ആസ്തി വിഭജനം
പ്രധാനമായും മൂന്ന് വിഭാഗങ്ങളിലായാണ് നിക്ഷേപം ക്രമീകരിക്കേണ്ടത്. ദീർഘകാലാടിസ്ഥാനത്തിൽ ഓഹരി നിക്ഷേപത്തിൽനിന്ന് 12 ശതമാനം ആദായം പ്രതീക്ഷിക്കാം. ലാഭത്തിന് വേണ്ടി മാത്രമല്ല, വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാൻ ആവശ്യമായ മുൻകരുതലോടെ നീങ്ങേണ്ടിവരുമെന്നകാര്യം പ്രത്യേകം ശ്രദ്ധിക്കുക. സമ്പത്ത് വളർത്താൻ ഇക്വിറ്റിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സ്വർണം പണപ്പെരുപ്പത്തിനെതിരെയും ആഗോള അനിശ്ചിതത്വങ്ങൾക്കെതിരെയും മുൻകരുതലായി കാണാം. ഡെറ്റ് ഉൾപ്പെടെയുള്ള സ്ഥിര നിക്ഷേപങ്ങൾ പോർട്ട്‌ഫോളിയോയിൽ സ്ഥിരത ഉറപ്പാക്കാൻ സഹായിക്കും.
ആസ്തി വിന്യാസം (Asset Allocation)
| ആസ്തി (Asset Class) | പ്രതിമാസ വിഹിതം | പ്രതീക്ഷിക്കുന്ന വാർഷിക ആദായം | ഉദ്ദേശ്യം |
|---|---|---|---|
| ഇക്വിറ്റി | 30,000 | 12% | പ്രധാന വളർച്ചാ ചാലകം |
| സ്വർണം | 10,000 | 9% | അനിശ്ചിതത്വങ്ങൾക്കെതിരെ സംരക്ഷണം |
| ഡെറ്റ് | 10,000 | 7% | സ്ഥിരത ഉറപ്പാക്കൽ |
ഘട്ടം ഘട്ടമായുള്ള വർധന
ഈ കോളത്തിൽ നിരവധി തവണ വിശദീകരിച്ചിട്ടുള്ളതും വായനക്കാർക്ക് സുപരിചിതവുമായ സ്റ്റെപ്പ് അപ്പ് തന്ത്രമാണ് ഈ പദ്ധതിയുടെ നട്ടെല്ല്. നിക്ഷേപകന്റെ വരുമാനത്തിൽ കാലക്രമേണ വർധനവുണ്ടാകുക സ്വാഭാവികമാണ്. അതിന് അനുസരിച്ച് വർഷംതോറും നിക്ഷേപ തുകയിൽ 10 ശതമാനം വർധനവരുത്തുന്നത് പണപ്പെരുപ്പത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സഹായിക്കുന്നു.
വർധനവിലെ സ്ഥിരത: ഓഹരി നിക്ഷേപത്തിൽ മാത്രം ഇത്തരത്തിൽ വർധനവരുത്തിക്കൊണ്ടുള്ള പദ്ധതിയാണ് ഈവിടെ വിശകലനം ചെയ്യുന്നത്. (മൂന്ന് ആസ്തികളിലും വർധനവരുത്തുന്ന കാര്യവും പരിഗണിക്കാം). ആദ്യത്തെ വർഷം 30,000 രൂപയിൽ തുടങ്ങുന്ന നിക്ഷേപം രണ്ടാം വർഷം 33,000 രൂപയായും മൂന്നാം വർഷം 36,300 രൂപയായും കൂട്ടണം. ഇത്തരത്തിൽ ഓരോ വർഷവും 10 ശതമാനം വർധനവരുത്തുന്നത് നിക്ഷേപത്തിന്റെ വളർച്ചാവേഗം പതിന്മടങ്ങ് വർധിപ്പിക്കും.
സത്യംവെളിപ്പെടുന്ന നിമിഷം: 30 വർഷത്തെ നിക്ഷേപ യാത്രയിൽ മൊത്തം നിക്ഷേപിക്കുന്ന തുക 5.9 കോടി രൂപയാണ്. 60-ാം വയസ്സിൽ ലഭിക്കുന്ന തുകയാകട്ടെ 23.95 കോടിയും. അതായത് നിക്ഷേപിച്ച തുകയുടെ നാലിരട്ടി കൂട്ടുപലിശയായി മാത്രം ലഭിക്കുന്നു.
കൂട്ടുപലിശയുടെ മാന്ത്രികത
30 വയസ്സുമുതൽ 60 വയസ്സുവരെ നീളുന്ന 30 വർഷം കൂട്ടുപലിശയുടെ നേട്ടം പരമാവധി ലഭിക്കാൻ സഹായിക്കും. മറ്റൊരു ശ്രദ്ധേയമായ കാര്യം കാണാതെ പോകരുത്. 30 വർഷത്തെ യാത്രയിൽ സൃഷ്ടിക്കുന്ന ആകെ സമ്പത്തിന്റെ പകുതിയോളം തുക രൂപപ്പെടുന്നത് അവസാനത്തെ അഞ്ച് മുതൽ ഏഴ് വരെയുള്ള വർഷങ്ങളിലാണ്. പ്രത്യേകം ശ്രദ്ധിക്കുക- ആദ്യവർഷങ്ങളിൽ വളർച്ച പതുക്കെയാണെന്ന് തോന്നി നിക്ഷേപം പിൻവലിക്കുന്നവർക്ക് ഈ നേട്ടം സ്വന്തമാക്കാനാവില്ല. ഇവിടെ പാഠം ലളിതമാണ്. നിക്ഷേപിക്കുന്ന തുകയേക്കാൾ പ്രധാനം, എത്രകാലം നിക്ഷേപം തുടർന്നു എന്നതാണ്. ദീർഘകാലം ക്ഷമയോടെ കാത്തിരുന്നാൽ വിപണിയിലുണ്ടാകുന്ന ഹ്രസ്വകാലയളവിലെ തകർച്ചകളെ നിഷ്പ്രഭമാക്കാൻ കഴിയും.
തന്ത്രപരമായ നിക്ഷേപ പാഠങ്ങൾ
സ്ഥിരതയുടെ പ്രാധാന്യം: വലിയ തുകകളുമായി നിക്ഷേപം തുടങ്ങുന്നതിനേക്കാൾ പ്രധാനം ചെറിയ തുകകളാണെങ്കിലും മുടങ്ങാതെ നിക്ഷേപിക്കുന്നതാണ്. മാസംതോറും നീക്കിവെയ്ക്കുന്ന ചെറിയ തുക പോലും കൃത്യമായ ആസൂത്രണത്തിലൂടെ വലിയ സമ്പത്താക്കി മാറ്റാൻ സാധിക്കും.
റിസ്‌ക് മാനേജ്മെന്റ്: ഒരൊറ്റ ആസ്തിയിൽ മാത്രം ഒതുക്കാതെ
ഓഹരി, സ്വർണം, സ്ഥിര നിക്ഷേപം എന്നിവയിൽ വിഭജിച്ച് നിക്ഷേപിക്കുന്നത് അപകടസാധ്യത കുറയ്ക്കുകയും മികച്ച നേട്ടം ഉറപ്പാക്കുകയും ചെയ്യുന്നു.
ക്ഷമയും അച്ചടക്കവും: പെട്ടെന്നുള്ള ലാഭത്തേക്കാൾ വിപണിയിലെ വ്യത്യസ്ത സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും നിക്ഷേപത്തിൽ ഉറച്ചുനിൽക്കാനുള്ള ക്ഷമയാണ് സമ്പത്ത് സൃഷ്ടിക്കുന്നതിൽ പ്രധാനം.
ലളിതമായ സമീപനം: ഉയർന്ന റിസ്‌ക് ഉള്ള പന്തയങ്ങളെയോ പെട്ടെന്നുള്ള ഭാഗ്യപരീക്ഷണങ്ങളെയോ ആശ്രയിക്കേണ്ടതില്ല. അത്തരം റിസ്‌കുകളിൽനിന്ന് മാറിനിൽക്കുക. ക്രമമായ നിക്ഷേപ രീതിക്ക് മുൻഗണന നൽകുക. എല്ലാം താനേ സംഭവിച്ചുകൊള്ളും.
കൃത്യമായ ആസൂത്രണവും വർഷം തോറും നിക്ഷേപം വർധിപ്പിക്കാനുള്ള സന്നദ്ധതയും ഉണ്ടെങ്കിൽ ചെറിയ വരുമാനമുള്ളവർക്കുപോലും കോടീശ്വരനാകാൻ സാധിക്കുമെന്ന് വ്യക്തമായിക്കഴിഞ്ഞു. 30 വർഷ കാലയളവിൽ നടത്തിയ ഓഹരി, സ്വർണം, സ്ഥിര നിക്ഷേപം എന്നിവയിലെ 6.64 കോടി രൂപയുടെ നിക്ഷേപം 26.84 കോടി രൂപയായി മാറുന്നത് സാമ്പത്തിക അച്ചടക്കത്തിന്റെ വിജയമാണ്.
Content Highlights: Starting a ₹50,000 monthly investment at age 30 can lead to a ₹26 crore corpus by age 60., Utilize a 10% annual step-up strategy to combat inflation and boost compounding., Diversify assets across equity, gold, and debt for risk management., Patience and consistency over 30 years are critical, as most wealth accumulates in the final years., Disciplined long-term investment outperforms short-term speculative gains.
Published: 07 May 2026, 12:19 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented