ഫണ്ടിന്റെ പ്രകടനം മാത്രമല്ല, നിക്ഷേപകന്റെ തീരുമാനവും ക്ഷമയുമാണ് നേട്ടത്തെ സ്വാധീനിക്കുക. വിപണിയിലെ താത്കാലിക തകര്‍ച്ചകള്‍ക്കിടെ എടുക്കുന്ന സമീപനം നിര്‍ണായകമാണ്. എപ്പോള്‍ തുടരണം, എപ്പോള്‍ പുതിയതിലേക്ക് മാറണം, എപ്പോള്‍ വിറ്റൊഴിയണം എന്നതിനെക്കുറിച്ചെല്ലാം കൃത്യമായി ധാരണയുണ്ടെങ്കിലേ മികച്ച ആദായം സ്വന്തമാക്കാന്‍ കഴിയൂ.

പശ്ചിമേഷ്യയിലെ സംഘർഷം പ്രവാസിയായ അരുണിനെ കടുത്ത സമ്മർദത്തിലാക്കി. രണ്ടുവർഷം മുമ്പ് തുടങ്ങിയ മ്യൂച്വൽ ഫണ്ട് നിക്ഷേപമെല്ലാം തിരികെയെടുത്ത് അദ്ദേഹം അരിശംകൊണ്ടു. നേട്ടമൊന്നും കിട്ടിയില്ലെന്നുമാത്രമല്ല, മനസ്സമാധാനം നഷ്ടമാകുകയും ചെയ്തു. ഇനി ഈ വഴിക്കില്ലെന്നും അദ്ദേഹം തീരുമാനിച്ചു.
വിപണിയിൽ എല്ലാകാലത്തും മുന്നേറ്റം സംഭവിക്കാറില്ലെന്നകാര്യം അറിയാത്തവർ നിരവധിപേരുണ്ട്. അറിയുന്നവർതന്നെ തകർച്ച താത്കാലികം മാത്രമാണെന്നു വിശ്വസിക്കുന്നു. രണ്ടോ മൂന്നോ വർഷം ഇടിവ് തുടരാൻ സാധ്യതയില്ലെന്നാണ് ഇത്തരക്കാർ കരുതുന്നത്. ഒടുവിൽ ആത്മവിശ്വാസം നഷ്ടപ്പെട്ട് എന്നെന്നേക്കുമായി വിപണിയിൽനിന്ന് ഓടിയകലുകയും ചെയ്യും. വിപണിയിൽ ഏറ്റക്കുറച്ചിലുകൾ സ്വാഭാവികമാണ്. ഓഹരിയിലെ ഇടിവ് ഇക്വിറ്റി മ്യൂച്വൽ ഫണ്ടുകളിലെ ആദായത്തെയും ബാധിക്കും. ഫണ്ടുകളുടെ പ്രകടനം മോശമായാലും ആദായത്തിൽ കാര്യമായ കുറവുണ്ടാകും.
ദീർഘകാലയളവിലെ ആദായ സാധ്യത പ്രധാനമായും രണ്ട് കാര്യങ്ങളെ ആശ്രയിച്ചാണുള്ളത്. അനുയോജ്യമായ ഫണ്ട് തിരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണ്. അതിനുശേഷം നിക്ഷേപകൻ സ്വീകരിക്കുന്ന നിലപാടുകളും നിർണായകമാകും. താത്കാലികമായി ഉണ്ടാകുന്ന ഫണ്ടുകളുടെ മോശം പ്രകടനം കണ്ട് ഉടനെതന്നെ പ്രതികരിക്കുന്നത് ഗുണത്തേക്കാൾ ദോഷമാണുണ്ടാക്കുക. പ്രത്യേകിച്ചും ദീർഘകാല മൂലധന നേട്ടനികുതി കണക്കിലെടുക്കുമ്പോൾ. നിക്ഷേപം വിറ്റ് പുതിയതിലേക്ക് മാറുന്നതിനേക്കാൾ 'ബൈ ആൻഡ് ഹോൾഡ്' രീതിയാണ് മികച്ച ഫലം നൽകുക.
ഫണ്ടുകളുടെ തിരഞ്ഞെടുപ്പ്
മികച്ച പ്രകടനം കാഴ്ചവെച്ച ഫണ്ടുകൾ ബെഞ്ച്മാർക്കിനേക്കാൾ അഞ്ച് ശതമാനം കൂടുതൽ ആദായം നൽകിയപ്പോൾ ഏറ്റവും മോശം ഫണ്ട് നാല് ശതമാനം കുറവ് ആദായമാണ് നൽകിയതെന്ന് മോണിങ്‌സ്റ്റാർ നടത്തിയ പഠനത്തിൽ പറയുന്നു. വാർഷിക ആദായം ഒമ്പത് ശതമാനം താഴാൻ ഇതിടയാക്കുന്നു.
ഈ വ്യത്യാസം 10 വർഷ കാലയളവിൽ വിലയിരുത്തിയാൽ, മികച്ച ഫണ്ടിലെ നിക്ഷേപം മോശം ഫണ്ടിനേക്കാൾ മൂന്നിരട്ടിയോളം നേട്ടമുണ്ടാക്കാൻ സാധ്യതയുള്ളതായി കാണാം.
പഠനവിധേയമാക്കിയ 18 ഫണ്ടുകളിൽ 14 എണ്ണവും ബെഞ്ച്മാർക്കിനെ മറികടന്നുള്ള നേട്ടം നൽകി. അതുകൊണ്ടുതന്നെ ഒരു 'സൂപ്പർസ്റ്റാർ' ഫണ്ട് കണ്ടെത്താൻ ശ്രമിക്കുന്നതിനേക്കാൾ സ്ഥിരമായി മോശം പ്രകടനം നടത്തുന്ന ഫണ്ടുകൾ ഒഴിവാക്കി മികച്ചവ തിരഞ്ഞെടുക്കാൻ നിക്ഷേപകർ ശ്രദ്ധിക്കണം.
നിക്ഷേപകരുടെ സമീപനം
മികച്ച ഫണ്ട് തിരഞ്ഞെടുത്താൽ പോലും എക്കാലത്തും ഈ നേട്ടം നിലനിർത്താൻ കഴിഞ്ഞെന്നുവരില്ല. ഏറ്റവും മികച്ച ഫണ്ട് പോലും പഠനകാലയളവിന്റെ 25% സമയവും ബെഞ്ച്മാർക്കിന് പിന്നിലായിരുന്നു. മികച്ച ഫണ്ടുകൾ പോലും 40% സമയവും മോശം പ്രകടനം കാഴ്ചവെക്കുന്നതായി കാണം. സജീവമായി കൈകാര്യം ചെയ്യുന്ന ഫണ്ട് ദീർഘകാലം കൈവശം വെക്കുമ്പോൾ അത് തെറ്റായ തീരുമാനമായിരുന്നുവെന്ന് തോന്നിയേക്കാം. നിക്ഷേപകർ നേരിടുന്ന അക്ഷമയാണ് തെറ്റായ തീരുമാനങ്ങളിലേയ്ക്ക് നയിക്കുന്നത്.
പെട്ടെന്നുള്ള പ്രതികരണം തിരിച്ചടിയാകും
|
| ഫണ്ട് മാറ്റുന്നവർ | ബൈ-ആൻഡ്-ഹോൾഡ് |
|---|---|---|
| തീരുമാനം | ഫണ്ട് 5% പിന്നിലായാൽ വിൽക്കുന്നു, 5% മുന്നിലെത്തിയാൽ വീണ്ടും വാങ്ങുന്നു. | പ്രകടനം എന്തുതന്നെയായാലും നിക്ഷേപം തുടരുന്നു. |
| നകുതിക്ക് മുൻപുള്ള ഫലം | പകുതി ഫണ്ടുകളിൽ വിജയിച്ചു, പകുതിയിൽ പരാജയപ്പെട്ടു. | സമ്മിശ്ര ഫലം. |
| 12.5% LTCG നികുതിക്ക് ശേഷം | 18-ൽ ഒരു ഫണ്ടിൽ മാത്രം വിജയിച്ചു. | 18-ൽ 17 ഫണ്ടുകളിലും മികച്ച ആദായം നൽകി. |
ഫണ്ട് വിറ്റൊഴിയുകയോ സ്വിച്ച് ചെയ്യുകയോ ചെയ്യുമ്പോൾ അതുവരെയുളള ആദായത്തിന്മേൽ നികുതി നൽകേണ്ടിവരുന്നു. ഇത് കോമ്പൗണ്ടിങിന്റെ(കൂട്ടുപലിശയുടെ) വേഗത കുറയ്ക്കും. അതിലൂടെ മൊത്തം ആദായത്തിൽ കാര്യമായ കുറവുണ്ടാകാനും ഇടയാക്കും.
എപ്പോൾ വിൽക്കാം?
ആദായം കുറവുള്ള ഫണ്ടുകളിൽ അന്ധമായി നിക്ഷേപം തുടരണമെന്നല്ല ഇവിടെ ഉദ്ദേശിച്ചത്. കൂടുതൽ നേട്ടം ലഭിക്കുന്നവ നേരത്തെ വിൽക്കുകയും മൂല്യം നഷ്ടപ്പെടുന്നവ ഏറെക്കാലം കൈവശം വെയ്ക്കുകയും ചെയ്യുന്ന (Disposition effect)വരുണ്ട്. ഇതിൽപ്പെട്ടുപോകാതിരിക്കാൻ കൃത്യമായ വേർതിരിക്കൽ ആവശ്യമാണ്.
ഉദാഹരണത്തിന്, വിപണി മൊമെന്റം അടിസ്ഥാനമാക്കി നീങ്ങുമ്പോൾ വാല്യൂ ഫണ്ട് പിന്നിലാകുന്നത് സ്വാഭാവികമാണ്. ഇവിടെ നിക്ഷേപ രീതി താത്കാലികമായി തിരിച്ചടി നേരിടുന്നുണ്ടെങ്കിലും പ്രക്രിയ ശരിയായിരിക്കും. ഇത്തരം ഘട്ടങ്ങളിൽ ക്ഷമയാണ് ആവശ്യം. ഫണ്ട് നിക്ഷേപ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുകയോ എല്ലാ വിപണി സാഹചര്യങ്ങളിലും തുടർച്ചയായി പരാജയപ്പെടുകയോ ചെയ്യുന്നതും നല്ലതല്ല. ഇത്തരം സാഹചര്യങ്ങളിൽ മാറ്റം അനിവാര്യമാണ്.
പ്രായോഗിക നിർദേശങ്ങൾ
- ഫണ്ടിന്റെ പ്രകടനത്തിൽ സംശയം തോന്നുമ്പോൾ വിറ്റൊഴിയുന്നതിന് പകരം വ്യത്യസ്ത നിക്ഷേപ ശൈലി പിന്തുടരുന്ന ഫണ്ടിലേക്ക് ഭാഗികമായി മാറ്റുന്നത് പരിഗണിക്കാം.
- പുതിയ ഫണ്ടുകൾ കൂട്ടിച്ചേർക്കുന്നതിലൂടെ നിലവിലെ നിക്ഷേപം വിൽക്കുമ്പോഴുണ്ടാകുന്ന നികുതി ലാഭിക്കാം.
- പുതിയ ഫണ്ടിൽ ചെറിയതോതിൽ നിക്ഷേപം ആരംഭിച്ച് വ്യത്യസ്ത വിപണി സാഹചര്യങ്ങളിൽ എങ്ങനെ പ്രകടനം നടത്തുന്നുവെന്ന് നിരീക്ഷിച്ച ശേഷം മാത്രം കൂടുതൽ നിക്ഷേപം നടത്താം.
ഫണ്ടിന്റെ പ്രകടനം മാത്രമല്ല, നിക്ഷേപകന്റെ തീരുമാനവും ക്ഷമയുമാണ് നേട്ടത്തെ സ്വാധീനിക്കുക. വിപണിയിലെ താത്കാലിക തകർച്ചകൾക്കിടെ എടുക്കുന്ന സമീപനം നിർണായകമാണ്. എപ്പോൾ തുടരണം, എപ്പോൾ പുതിയതിലേക്ക് മാറണം, എപ്പോൾ വിറ്റൊഴിയണം എന്നതിനെക്കുറിച്ചെല്ലാം കൃത്യമായി ധാരണയുണ്ടെങ്കിലേ മികച്ച ആദായം സ്വന്തമാക്കാൻ കഴിയൂ. അതോടൊപ്പം റിസ്‌ക് പ്രൊഫൈൽ വിലയിരുത്തി, നിക്ഷേപ ലക്ഷ്യങ്ങൾ ക്രമീകരിച്ച് മുന്നോട്ടുപോയാൽ മികച്ച ആദായം സ്വന്തമാക്കാം.
Q&A
❓മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങളിൽ നിന്ന് എന്തുകൊണ്ട് പലർക്കും നേട്ടം ലഭിക്കുന്നില്ല?
വിപണിയിലെ താത്കാലിക ഇടിവിൽ അക്ഷമരായി നിക്ഷേപം പിൻവലിക്കുന്നത് പ്രധാന കാരണമാണ്. അനുയോജ്യമായ ഫണ്ടുകൾ തിരഞ്ഞെടുക്കുന്നതിലെ പിഴവും നിക്ഷേപകരുടെ തെറ്റായ തീരുമാനങ്ങളും ആദായത്തെ ബാധിക്കുന്നു.
❓മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ 'ബൈ ആൻഡ് ഹോൾഡ്' രീതി എന്തുകൊണ്ട് മികച്ചതാണ്?
തുടർച്ചയായി ഫണ്ടുകൾ വിറ്റൊഴിയുന്നത് ദീർഘകാല മൂലധന നേട്ടനികുതി ബാധ്യത ഉണ്ടാക്കുകയും കോമ്പൗണ്ടിങ്ങിന്റെ വേഗത കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ദീർഘകാലത്തേക്ക് നിക്ഷേപം നിലനിർത്തുന്നത് മികച്ച ഫലം നൽകുന്നു.
❓മികച്ച മ്യൂച്വൽ ഫണ്ടുകളെ എങ്ങനെ കണ്ടെത്താം?
സൂപ്പർസ്റ്റാർ ഫണ്ടുകൾക്കായി തിരയുന്നതിനേക്കാൾ, സ്ഥിരമായി മോശം പ്രകടനം നടത്തുന്ന ഫണ്ടുകളെ ഒഴിവാക്കുന്നതിലാണ് നിക്ഷേപകർ ശ്രദ്ധിക്കേണ്ടത്.
❓ഫണ്ടിന്റെ പ്രകടനം മോശമായാൽ ഉടൻ വിൽക്കണോ?
മികച്ച ഫണ്ടുകൾ പോലും പലപ്പോഴും ബെഞ്ച്മാർക്കിന് പിന്നിലാകാറുണ്ട്. നിക്ഷേപ ലക്ഷ്യങ്ങളിൽ നിന്ന് ഫണ്ട് വ്യതിചലിക്കുകയോ എല്ലാ സാഹചര്യങ്ങളിലും പരാജയപ്പെടുകയോ ചെയ്താൽ മാത്രം മാറ്റം പരിഗണിച്ചാൽ മതി.
❓മ്യൂച്വൽ ഫണ്ട് നിക്ഷേപം മാറ്റുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
നിലവിലുള്ള നിക്ഷേപം വിൽക്കുമ്പോൾ നികുതി ബാധ്യത ഉണ്ടാകാം. അതിനാൽ പുതിയ ഫണ്ടിലേക്ക് ഭാഗികമായി മാറുകയോ പുതിയ നിക്ഷേപങ്ങൾ വഴി പോർട്ട്ഫോളിയോ ക്രമീകരിക്കുന്നതോ ചെയ്യാം.
❓ഡിസ്പോസിഷൻ ഇഫക്റ്റ് (Disposition effect) എന്നാൽ എന്ത്?
കൂടുതൽ നേട്ടം ലഭിക്കുന്ന ഫണ്ടുകൾ നേരത്തെ വിൽക്കുകയും, മൂല്യം നഷ്ടപ്പെടുന്ന ഫണ്ടുകൾ ഏറെക്കാലം കൈവശം വെക്കുകയും ചെയ്യുന്ന പ്രവണതയാണിത്. ഇത് നിക്ഷേപകർ ഒഴിവാക്കേണ്ട ഒന്നാണ്.
Content Highlights: Market volatility is temporary; avoid emotional selling., The 'Buy and Hold' strategy outperforms frequent switching., Tax implications of selling reduce the power of compounding., Focus on avoiding consistently poor-performing funds rather than chasing superstars., Rebalance portfolios strategically instead of exiting during market downturns.
Published: 11 Mar 2026, 01:49 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented