ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെ സജീവമാകാൻ രാജ്യത്തെ മുൻസിപ്പൽ കടപ്പത്ര വിപണി. വൻകിട നഗരസഭകളെ മൂലധന വിപണിയിലേക്ക് ആകർഷിക്കാനായി 100 കോടി രൂപയുടെ ആനുകൂല്യമാണ് ബജറ്റിൽ വാഗ്ദാനം ചെയ്തത്. അടിസ്ഥാന സൗകര്യവികസനത്തിന് ഗ്രാന്റുകളെയും ബാങ്ക് വായ്പകളെയും മാത്രം ആശ്രയിക്കുന്നതിൽനിന്ന് മാറി നഗരസഭകളെ സ്വയം പര്യാപ്തമാക്കുകയെന്നതാണ് ലക്ഷ്യം. റോഡ്, ജലവിതരണം, ശുചിത്വം തുടങ്ങിയ അടിസ്ഥാന സൗകര്യ പദ്ധതികൾക്കായി ഫണ്ട് സമാഹരിക്കാൻ പ്രാദേശിക ഭരണകൂടങ്ങൾ ഉപയോഗിക്കുന്ന കടപ്പത്രങ്ങളാണ് മുൻസിപ്പൽ ബോണ്ടുകൾ. മികച്ച ആദായം നൽകി ചെറുകിട നിക്ഷേപകരെ ആകർഷിക്കാൻ ലക്ഷ്യമിടുന്നതിനാൽ വരുംവർഷങ്ങളിൽ പ്രധാന നിക്ഷേപ സാധ്യതയായി നഗരസഭാ ബോണ്ടുകൾ മാറും.

To advertise here,

സർക്കാർ പിന്തുണ

മുൻസിപ്പൽ ബോണ്ട് വിപണി ശക്തിപ്പെടുത്താൻ രണ്ട് തലത്തിലുള്ള പിന്തുണയാണ് സർക്കാർ വാഗ്ദാനം ചെയ്യുന്നത്.

  • 1,000 കോടി രൂപയ്ക്ക് മുകളിൽ കടപ്പത്രങ്ങൾ പുറത്തിറക്കുന്ന നഗരസഭകൾക്ക് 100 കോടി രൂപയുടെ ഇൻസന്റീവ് നൽകും. മൂലധന ചെലവ് കുറയ്ക്കാനും വൻകിട പദ്ധതികൾ ലാഭകരമാക്കാനും ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
  • അമൃത് (AMRUT - Atal Mission for Rejuvenation and Urban Transformation) പദ്ധതിയിലൂടെ 200 കോടി രൂപ വരെയുള്ള കടപ്പത്രങ്ങൾ പുറത്തിറക്കുന്നതിന് പിന്തുണ തുടരും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുന്നതിനും നഗര ഭരണത്തിൽ പരിഷ്‌കാരങ്ങൾ വരുത്തുന്നതിനും ഇത് സഹായകമാകും.

നിക്ഷേപകർക്കുള്ള നേട്ടം

ഉയർന്ന ആദായം: ട്രിപ്പിൾ എ-റേറ്റിങ് ഉള്ള കോർപറേറ്റ് കടപ്പത്രങ്ങളേക്കാൾ ഒരു ശതമാനം വരെ കൂടുതൽ ആദായം മുൻസിപ്പൽ ബോണ്ടുകളിൽനിന്ന് ലഭിക്കും. നിലവിൽ ഒമ്പത് ശതമാനം വരെ ആദായം വാഗ്ദാനം ചെയ്യുന്നുണ്ട്.

സ്ഥിര വരുമാനം: വരുമാന സ്രോതസ്സുകളുടെ പിന്തുണ നഗരസഭകൾക്കുള്ളതിനാൽ നിക്ഷേപം താരതമ്യേന സുരക്ഷിതമാണ്.

വൈവിധ്യവൽക്കരണം: സർക്കാർ സെക്യൂരിറ്റികൾക്കും കോർപ്പറേറ്റ് ബോണ്ടുകൾക്കും പുറമെ നിക്ഷേപ പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കാൻ ബോണ്ടുകൾ ഉപകരിക്കും.

നിലവിലെ സാഹചര്യം

  • നേരിയതോതിലാണെങ്കിലും മുൻസിപ്പൽ ബോണ്ട് വിപണിയിൽ വളർച്ച പ്രകടമാണ്.
  • 7.15% മുതൽ 10% വരെയാണ് ആദായ നിരക്ക്.
  • 2017-ൽ പുണെ മുൻസിപ്പൽ കോർപ്പറേഷനാണ് ബോണ്ടിന് തുടക്കമിട്ടത്. പിന്നീട് കൂടുതൽ നഗരങ്ങളിലേക്ക് വ്യാപിച്ചു.
  • 68 ഇഷ്യൂകളിലായി 3,783.9 കോടി രൂപ മുൻസിപ്പൽ ബോണ്ടുകൾ വഴി ഇതുവരെ സമാഹരിച്ചു.
  • ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷനാണ് ഏറ്റവും കൂടുതൽ തുക സമാഹരിച്ചത് (495 കോടി രൂപ).

വിവിധ കാലയളവുകളിലായി വലിയ തുകകൾ സമാഹരിച്ചിട്ടുണ്ട്:

  • ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ (2018 & 2019): 495 കോടി രൂപ (8.9-10.23% പലിശ).
  • അഹമ്മദാബാദ് മുൻസിപ്പൽ കോർപ്പറേഷൻ (2019 & 2024): 400 കോടി രൂപ (7.9- 8.7% പലിശ).
  • സൂറത്ത് മുൻസിപ്പൽ കോർപ്പറേഷൻ (2019 & 2025): 400 കോടി രൂപ (8-8.68% പലിശ).
  • പിംപ്രി ചിഞ്ച്വാഡ് മുൻസിപ്പൽ കോർപ്പറേഷൻ (2023 & 2025): 400 കോടി രൂപ (7.85 -8.15% പലിശ).
  • ഇൻഡോർ മുൻസിപ്പൽ കോർപ്പറേഷൻ (2018 & 2023): 383.9 കോടി രൂപ (8.25 - 9.25% പലിശ).
  • വഡോദര മുൻസിപ്പൽ കോർപ്പറേഷൻ (2022 & 2024): 200 കോടി രൂപ (7.15 - 7.9% പലിശ).

പ്രധാന ഇഷ്യൂകളുടെ പട്ടിക

 

  വർഷം

മൊത്തം തുക    (₹കോടിയിൽ)

കൂപ്പൺ നിരക്ക് (%)

പുണെ മുൻസിപ്പൽ കോർപ്പറേഷൻ

2017

200

7.59

ഭോപ്പാൽ മുൻസിപ്പൽ കോർപ്പറേഷൻ

2018

175

9.55

ഗ്രേറ്റർ വിശാഖപട്ടണം മുൻസിപ്പൽ കോർപ്പറേഷൻ

2018

80

10

ലഖ്‌നൗ മുൻസിപ്പൽ കോർപ്പറേഷൻ

2020

200

8.5

ഗാസിയാബാദ് നഗർ നിഗം

2021

150

8.1

രാജ്‌കോട്ട് മുൻസിപ്പൽ കോർപ്പറേഷൻ

2024

100

7.9

ആഗ്ര നഗർ നിഗം

2025

50

8.15

ഭാവ്‌നഗർ മുൻസിപ്പൽ കോർപ്പറേഷൻ

2025

25

8

ഗാന്ധിനഗർ മുൻസിപ്പൽ കോർപ്പറേഷൻ

2025

25

7.65

ഗ്രേറ്റർ ചെന്നൈ കോർപ്പറേഷൻ

2025

200

7.97

നാസിക് മുൻസിപ്പൽ കോർപ്പറേഷൻ

2025

200

7.8

പ്രയാഗ്‌രാജ് നഗർ നിഗം

2025

50

8.07

വാരണാസി നഗർ നിഗം

2025

50

8.01

ഉയർന്ന പലിശ വാഗ്ദാനം ചെയ്തത് ഗ്രേറ്റർ വിശാഖപട്ടണം മുൻസിപ്പൽ കോർപ്പറേഷൻ (10%), ഗ്രേറ്റർ ഹൈദരാബാദ് മുൻസിപ്പൽ കോർപ്പറേഷൻ (10.23% വരെ) എന്നിവയാണ്. കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയതാകട്ടെ വഡോദര മുൻസിപ്പൽ കോർപ്പറേഷൻ (7.15%) ആണ്.

വളർച്ചയും പങ്കാളിത്തവും

2025-ലെ മുന്നേറ്റം: 2025-ൽ മാത്രം ആഗ്ര, ഭാവ്നഗർ, ഗാന്ധിനഗർ, ചെന്നൈ, നാസിക്, പ്രയാഗ്രാജ്, വാരണാസി തുടങ്ങി നിരവധി നഗരങ്ങൾ ബോണ്ട് വിപണിയിൽ സജീവമായി.

ചെറുകിട ഇഷ്യൂകൾ: ഭാവ്നഗർ, ഗാന്ധിനഗർ എന്നീ കോർപ്പറേഷനുകൾ 25 കോടി രൂപ വീതമുള്ള താരതമ്യേന ചെറിയ തുകകളാണ് സമാഹരിച്ചത്.

ഹൈദരാബാദ്, ഇൻഡോർ, അഹമ്മദാബാദ്, സൂറത്ത്, പിംപ്രി ചിഞ്ച്വാഡ് തുടങ്ങിയ നഗരങ്ങൾ ഒന്നിലധികം തവണ വിപണിയെ സമീപിച്ച് വലിയ തുകകൾ (350 കോടിക്ക് മുകളിൽ) സമാഹരിച്ചു. ഈ നഗരസഭകളുടെ സാമ്പത്തിക സുസ്ഥിരതയെയും വിപണിയിലുള്ള വിശ്വാസത്തെയും ഇത് സൂചിപ്പിക്കുന്നു.

സെബിയുടെ കണക്ക് പ്രകാരം 2025-ൽ 1,000 കോടി രൂപ മൂല്യമുള്ള ബോണ്ടുകളാണ് പുറത്തിറക്കിയത്. കോർപ്പറേറ്റ് ബോണ്ട് വിപണിയുമായി (പ്രതിവർഷം ഒരു ലക്ഷം കോടി രൂപയ്ക്ക് മുകളിൽ) താരതമ്യം ചെയ്യുമ്പോൾ കുറവാണെങ്കിലും വളർച്ചയുടെ സൂചനകൾ പ്രകടമാണ്.

വെല്ലുവിളികൾ

കുറഞ്ഞ റീട്ടെയിൽ പങ്കാളിത്തം: ഭൂരിഭാഗം ബോണ്ടുകളും 'പ്രൈവറ്റ് പ്ലേസ്മെന്റ്' വഴിയാണ് വിതരണം ചെയ്യുന്നത്. സാധാരണ നിക്ഷേപകരെ വിപണിയിൽ നിന്ന് അകറ്റി നിർത്താൻ ഇതിടയാക്കുന്നു.

ഉയർന്ന മുഖവില: പല ബോണ്ടുകളുടെയും മുഖവില ഒരു ലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ്. ഇത് സാധാരണ നിക്ഷേപകർക്ക് താങ്ങാനാവുന്നതിലും അധികമാണ്.

പണമാക്കൽ പ്രശ്‌നങ്ങൾ: വളരെ കുറച്ച് വ്യാപാരം മാത്രമാണ് സെക്കൻഡറി മാർക്കറ്റിൽ നടക്കുന്നത്. 2025 കലണ്ടർ വർഷത്തിൽ 175 കോടി രൂപയുടെ ഇടപാട് മാത്രം. ഭൂരിഭാഗം നിക്ഷേപകരും കാലാവധി തീരുന്നത് വരെ ബോണ്ടുകൾ കൈവശം വെക്കുന്ന രീതിയാണ് പിന്തുടരുന്നത്. ബോണ്ട് ഇറക്കുന്നത് വ്യാപകമായാൽ ഇതിൽ മാറ്റംവന്നേക്കാം.

വിശ്വാസ്യത: നിക്ഷേപകർക്ക് ഇപ്പോഴും പൊതുമേഖലാ സ്ഥാപനങ്ങളുടെ (PSU) ബോണ്ടുകളോടാണ് താത്പര്യം. നഗരസഭകളുടെ സാമ്പത്തിക സുതാര്യതയിലുള്ള വിശ്വാസക്കുറവാണ് ഇതിന് കാരണം.

പ്രധാന നിക്ഷേപ സാധ്യതയായി മാറാൻ ഇനിയും സമയമെടുത്തേക്കാമെങ്കിലും ബജറ്റിലെ പ്രോത്സാഹനം വൻകിട നഗരസഭകളെ വിപണിയിലെത്തിക്കും. ഇതോടെ ലിക്വിഡിറ്റി വർധിക്കും. പൊതുവിപണി വഴി കടപ്പത്രങ്ങൾ പുറത്തിറക്കുകയും മുഖവില കുറയ്ക്കുകയും ചെയ്താൽ സാധാരണക്കാരായ നിക്ഷേപകരുടെ പങ്കാളിത്തം വൻതോതിൽ വർധിക്കാൻ സാധ്യതയുണ്ട്.