സർക്കാർ കടപ്പത്രങ്ങളിലെ നിക്ഷേപത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതോടെ വിദേശ നിക്ഷേപത്തിൽ വൻ വർധന. 39,640 കോടി രൂപയാണ് ജൂണിൽ രാജ്യത്തെത്തിയ വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപം. നികുതിയിളവും നിക്ഷേപ സാധ്യത വിപുലമാക്കിയതുമാണ് കുതിപ്പിന് കാരണം. ബ്ലൂംബർഗിന്റെ ആഗോള ബോണ്ട് സൂചികയിൽ ഇന്ത്യയെ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷ നിക്ഷേപകരുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്തു. നിക്ഷേപത്തിലെ കുതിപ്പ് രൂപയുടെ മൂല്യം കൂട്ടാൻ സഹായകമായി.

To advertise here,

നിക്ഷേപവരവ് ഇപ്രകാരം

റെക്കോഡ്

ജൂണിൽ രാജ്യത്തെ കടപ്പത്ര വിപണിയിലെത്തിയ നിക്ഷേപം എല്ലാ റെക്കോഡുകളും മറികടക്കുന്നതാണ്:

  • ജൂണിൽ ഇതുവരെ 39,640 കോടി രൂപ (ഏകദേശം 4.2 ബില്യൺ ഡോളർ).
  • 2024 ഓഗസ്റ്റിൽ രേഖപ്പെടുത്തിയ 22,005 കോടി ആയിരുന്നു ഇതിനുമുമ്പത്തെ ഉയർന്ന പ്രതിമാസ നിക്ഷേപം.
  • കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തം നിക്ഷേപം 3,546 കോടി മാത്രമായിരുന്നു.

വർധനവിന്റെ കാരണങ്ങൾ:

വിദേശ നിക്ഷേപകരെ ആകർഷിക്കുന്നതിനായി സർക്കാരും റിസർവ് ബാങ്കും സ്വീകരിച്ച നടപടികളാണ് മാറ്റത്തിന് പിന്നിൽ:

നികുതി ഇളവ്: നിശ്ചിത സോവറിൻ ഡെറ്റ് നിക്ഷേപങ്ങളുടെ മൂലധന നേട്ടത്തിന്മേൽ വിദേശ നിക്ഷേപകർക്ക് നികുതി ഇളവ് അനുവദിച്ചതാണ് പ്രധാനം.

നിക്ഷേപ പരിധി ഒഴിവാക്കി: 'ഫുള്ളി ആക്‌സസിബിൾ റൂട്ട്' പ്രകാരം കൂടുതൽ സെക്യൂരിറ്റികളിൽ വിദേശ നിക്ഷേപകർക്ക് പണംമുടക്കാൻ അവസരം ലഭിച്ചു. 30 വർഷത്തെ ബോണ്ടുകളും ഇതിൽ ഉൾപ്പെടുന്നു.

ആഗോള സൂചിക: ഇന്ത്യയുടെ കടപ്പത്രങ്ങൾ ബ്ലൂംബർഗ് ഗ്ലോബൽ അഗ്രഗേറ്റ് ഇൻഡക്‌സിൽ ഉൾപ്പെടുമെന്ന പ്രതീക്ഷ വിദേശ നിക്ഷേപകരെ നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു.

വിപണിയിലെ സ്വാധീനം

രൂപയുടെ മൂല്യം: മേയ് മാസത്തിലെ റെക്കോഡ് താഴ്ചയായ 96.96-ൽ നിന്ന് 94.40-ലേക്ക് മൂല്യമെത്തി.

10 വർഷ കടപ്പത്ര ആദായം: ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ 20 ബേസിസ് പോയിന്റ് കുറഞ്ഞ് 6.76%-ൽ എത്തി.

വിദേശനാണ്യ കരുതൽശേഖരം: ജൂൺ 12-ലെ കണക്കനുസരിച്ച് 672 ബില്യൺ ഡോളറിലെത്തി.

വെല്ലുവിളികൾ

റെക്കോഡ് നിക്ഷേപമെത്തിയെങ്കിലും വിദഗ്ധർ ജാഗ്രത നിർദേശിക്കുന്നു:

യുഎസ് ട്രഷറി ആദായം: യുഎസിലെ ബോണ്ട് യീൽഡ് ഉയർന്ന നിലയിൽ തുടരുന്നത് രാജ്യത്തെ ബാണ്ടുകളുടെ ആകർഷണീയത കുറച്ചേക്കാം.

ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ: ആഗോളതലത്തിലെ രാഷ്ട്രീയ മാറ്റങ്ങൾ നിക്ഷേപ ഒഴുക്കിനെ ബാധിക്കാൻ സാധ്യതയുണ്ട്.

സ്ഥിരത: ജൂണിലെ കുതിപ്പ് വരും മാസങ്ങളിൽ ആവർത്തിക്കണമെന്നില്ല.