വിരമിക്കൽ ആസൂത്രണത്തിന് നിവരധി നിക്ഷേപ പദ്ധതികൾ രാജ്യത്തുണ്ട്. അവയിൽ ചിലത് ഉറപ്പുള്ള വരുമാനം വാഗ്ദാനം ചെയ്യുന്നു. ഒറ്റത്തവണയായി വലിയൊരു തുക സമാഹരിക്കാൻ കഴിയുന്നവയും മൊത്തം തുകയോടൊപ്പം മാസംതോറും പെൻഷൻ ലഭിക്കുന്നവയുമുണ്ട്. നാഷണൽ പെൻഷൻ സിസ്റ്റത്തിൽ (എൻ.പി.എസ്) മാസംതോറും 15,000 രൂപ നിക്ഷേപിച്ചാൽ 7.94 കോടി രൂപയിലധികം രൂപ വിരമിക്കുന്ന സമയത്ത് സമാഹരിക്കാം. അതോടൊപ്പം 1.11 ലക്ഷം രൂപയോളം മാസംതോറും പെൻഷനും നേടാം.

To advertise here,

വിവിധ നിക്ഷേപ സാധ്യതകൾ പ്രയോജനപ്പെടുത്താൻ എൻപിഎസിൽ അവസരമുണ്ട്. സരുക്ഷിതമായ നിക്ഷേപവും വിപണി അധിഷ്ഠിത നിക്ഷേപ സാധ്യതയും എൻപിഎസ് മുന്നോട്ടുവെയ്ക്കുന്നു.

60 വയസ്സാകുമ്പോൾ മൊത്തമായി സമാഹരിച്ച തുകയുടെ 20 ശതമാനം പെൻഷൻ ലഭിക്കാനായി നീക്കിവെയ്ക്കണം. ഈ തുക ആന്വിറ്റി പ്ലാനുകളിൽ നിക്ഷേപിച്ച് അതിൽനിന്നാണ് പെൻഷൻ ലഭിക്കുക. ബാക്കിയുള്ള 80 ശതമാനം തുക പിൻവലിച്ച് ഉചിതംപോലെ ഉപയോഗിക്കാം. 20 ശതമാനമെന്നത് ചുരുങ്ങിയ തുകയാണ്. വേണമെങ്കിൽ അതിലും കൂടുതൽ തുക നിക്ഷേപിക്കുകയുമാകാം (നേരത്തേ 40 ശതമാനം തുക ആന്വിറ്റി പ്ലാനിനായി നീക്കിവെക്കേണ്ടിയിരുന്നു. എന്നാൽ 2025 ഡിസംബറിലെ ഭേദഗതി പ്രകാരം സർക്കാരിതര വരിക്കാരുടെ നിർബന്ധിത ആന്വിറ്റി വിഹിതം 20 ശതമാനമായി കുറച്ചു. ഇതിനു പുറമേ, നിക്ഷേപത്തുക മുഴുവനായും പിൻവലിക്കാനുള്ള പരിധി രണ്ടുലക്ഷം രൂപയിൽനിന്ന് എട്ടുലക്ഷം രൂപയായി ഉയർത്തുകയും ചെയ്തു.)

നിലവിൽ ആന്വിറ്റി പ്ലാനുകളിലെ ആദായം കുറവായതിനാൽ അതിൽ കൂടുതൽ നേട്ടം ലഭിക്കുന്ന പദ്ധതികൾ നിക്ഷേപത്തിനായി തിരഞ്ഞെടുക്കുകയും ചെയ്യാം. അതുമല്ലെങ്കിൽ ഒറ്റത്തവണയല്ലാതെ ഘട്ടംഘട്ടമായി എൻപിഎസിൽനിന്ന് പിൻവലിക്കാനും അനുവദിക്കും.

18നും 85നും ഇടയിൽ പ്രായമുള്ള ഇന്ത്യൻ പൗരന്മാർക്ക് എൻപിഎസിൽ അംഗമാകാം. പ്രവാസി ഇന്ത്യക്കാർക്കും അക്കൗണ്ട് തുടങ്ങാം. കുട്ടികൾക്കുവേണ്ടി രക്ഷിതാക്കൾക്കും അക്കൗണ്ട് തുടങ്ങാം.

എൻപിഎസ് വാത്സല്യ
2024 ജൂലായിലെ ബജറ്റിൽ അവതരിപ്പിച്ച പദ്ധതി പ്രകാരം രക്ഷാകർത്താക്കൾക്ക് കുട്ടികൾക്കായി എൻപിഎസ് വാത്സല്യ പ്രകാരം അക്കൗണ്ട് തുറക്കാം. 18 വയസ്സുവരെ നിക്ഷേപം നടത്തുകയും ചെയ്യാം. കുട്ടിക്ക് പ്രായപൂർത്തിയായാൽ സാധാരണ അക്കൗണ്ട് ആക്കിമാറ്റാം. പിന്നീട് കുട്ടിക്ക് സ്വന്തമായി കൈകാര്യം ചെയ്യാനും തുടർന്ന് നിക്ഷേപം നടത്താനും കഴിയും. നേരത്തെ നിക്ഷേപം തുടങ്ങിയാൽ അത്രയും നേട്ടം ഭാവിയിൽ ലഭിക്കുമെന്നതാണ് സവിശേഷത്.

ടിയർ-1, ടിയർ-2 എന്നിങ്ങനെ രണ്ട് അക്കൗണ്ടുകളാണ് എൻപിഎസ് വാഗ്ദാനം ചെയ്യുന്നത്. ടിയർ 1 ആണ് പെൻഷൻ അക്കൗണ്ട്. 60-ാംവയസ്സിൽ മാത്രെ ഇതിലെ നിക്ഷേപം പിൻവലിക്കാൻ അനുവദിക്കൂ. ടിയർ -2 അക്കൗണ്ടിൽ ഇത്തരം നിബന്ധനകളില്ല. ടിയർ 1 ൽ ചേർന്നവർക്കുമാത്രമേ ടിയർ 2 വിൽ ചേരാൻ കഴിയു. ടിയർ 2ലെ നിക്ഷേപം എപ്പോൾവേണമെങ്കിലും പിൻവലിക്കാം.

മാസം 15,000 രൂപ വീതം നിക്ഷേപിച്ചാൽ

25 വയസ്സുള്ള ഒരാൾ 35 വർഷം മാസം 15,000 രൂപ വീതം നിക്ഷേപം നടത്തിയാൽ 7.94 കോടി രൂപ 60 വയസാകുമ്പോൾ ലഭിക്കും. 1.11 ലക്ഷം രൂപ മാസംതോറും പെൻഷനായും കൈപ്പറ്റാം.

35 വർഷത്തിനുള്ളിൽ മൊത്തം നടത്തിയ നിക്ഷേപം 63 ലക്ഷം രൂപ മാത്രമാണ്. 12.75 ശതമാനം വാർഷിക റിട്ടേൺ പ്രകാരം മൊത്തം സമാഹരിക്കാൻ കഴിയുക 9.92 കോടി രൂപയാണ്. അതായത് നേട്ടംമാത്രം 9.29 കോടി രൂപ!. കുറഞ്ഞ വരുമാനക്കാർക്ക് മാസം 3000 രൂപയോ 5,000 രൂപയോ അടിച്ച് അതിന് ആനുപാതികമായ വരുമാനം നേടാം. വർഷത്തിലൊരിക്കൽ 1000 രൂപയെങ്കിലും നിക്ഷേപിക്കണമെന്നുമാത്രം.

 

ഒറ്റത്തവണയായി ലഭിക്കുന്ന 7.94 കോടി മികച്ച രീതിയിൽ നിക്ഷേപിച്ച് നല്ലൊരു വരുമാനം അതോടൊപ്പം നേടുകയോ. അപ്പോഴുള്ള മറ്റ് സാമ്പത്തിക ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കുകയോ ചെയ്യാം.

 

നിക്ഷേപ മാതൃക:

എൻ.പി.എസിലെ സ്‌കീം

ആക്റ്റീവ് ചോയ്സ്

ജനന തീയതി

20 സെപ്റ്റംബർ 2001

പ്രതിമാസ നിക്ഷേപം

₹ 15,000

വിരമിക്കൽ പ്രായം

60 വയസ്സ്

പ്രതീക്ഷിക്കുന്ന നേട്ടം

12.75%*

ആന്വിറ്റി അനുപാതം

20%

ആന്വിറ്റി നിരക്ക്‌

6.75%

*നിലവിലെ റിട്ടേൺ അടിസ്ഥാനമാക്കി നിശ്ചയിച്ചത്. ഭാവിയിൽ റിട്ടേൺ കൂടുകയോ കുറയുകയോ ചെയ്യാം.

സമാഹരിക്കുന്ന തുക(Projected Total Corpus)

  • ആകെ നിക്ഷേപം: 63,00,000 രൂപ.
  • പ്രതീക്ഷിക്കുന്ന ലാഭം: 9,29,38,707 രൂപ
  • വിരമിക്കൽ സമയത്തെ മൊത്തം തുക: 9,92,38,707 രൂപ.