അഞ്ച് വർഷം കഴിഞ്ഞാൽ ജോലിയിൽനിന്ന് വിരമിക്കും. നിലവിൽ ബാങ്ക് സ്ഥിരനിക്ഷേപത്തിലുള്ള തുക അഞ്ച് വർഷംകൊണ്ട് ഇരട്ടിയാക്കാൻ കഴിയുമോ? എവിടെ നിക്ഷേപിച്ചാലാണ് മികച്ച നേട്ടം ലഭിക്കുക?

To advertise here,

ആലപ്പുഴ സ്വദേശി മനോഹരന്റെ ചോദ്യം ഇതാണ്.

വിരമിക്കാറാകുമ്പോഴാണ് പലരും പണം പരമാവധി സമാഹരിക്കാനുള്ള വഴികൾ തിരക്കുന്നത്. മനോഹരനും അന്വേഷിക്കുന്നത് പെട്ടെന്ന് പണം ഇരട്ടിപ്പിക്കാനുള്ള വഴിയാണ്. എന്നാൽ, അഞ്ച് വർഷംകൊണ്ട് നിക്ഷേപം ഇരട്ടിയാക്കുക എന്നത് സാമ്പത്തിക യാഥാർഥ്യങ്ങൾക്ക് അപ്പുറമുള്ള കാര്യമാണ്. മാത്രമല്ല, വിരമിക്കൽ കാലത്ത് ഉയർന്ന റിസ്ക് എടുത്ത് വലിയ നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നത് അപകടവുമാണ്.

പണം ഇരട്ടിപ്പിക്കാൻ തുനിയുന്നതിനേക്കാൾ നിക്ഷേപത്തുക സംരക്ഷിച്ച് സ്ഥിരമായ ആദായം ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകേണ്ടത്. അതോടൊപ്പം, മികച്ച രീതിയിൽ പോർട്ട്ഫോളിയോ ക്രമീകരിച്ച് ആദായം കൂട്ടാനുള്ള സാധ്യതകളും പ്രയോജനപ്പെടുത്താം.

ഓഹരി

അഞ്ച് വർഷംകൊണ്ട് നിക്ഷേപം ഇരട്ടിയാകാൻ പ്രതിവർഷം 15 ശതമാനം ആദായം (Return) ലഭിക്കണം. തുക മുഴുവൻ ഓഹരിയിൽ നിക്ഷേപിച്ചാൽപോലും ദീർഘകാലാടിസ്ഥാനത്തിൽ 15 ശതമാനം വാർഷിക ആദായം ലഭിക്കുമെന്ന് ഉറപ്പുപറയാനാകില്ല. വിരമിക്കലിന് തൊട്ടുമുമ്പോ അതിനുശേഷമോ വിപണിയിൽ ഇടിവുണ്ടായാൽ സമ്പാദ്യത്തിന്റെ നല്ലൊരു ഭാഗം നഷ്ടപ്പെടാം. ജീവിതച്ചെലവുകൾക്കായി ഈ തുകയെ ആശ്രയിക്കുന്ന വ്യക്തിക്ക് നഷ്ടത്തിൽനിന്ന് കരകയറാൻ ഏറെ കാത്തിരിക്കേണ്ടി വരും. അതുകൊണ്ടുതന്നെ തുക മുഴുവൻ ഓഹരിയിൽ നിക്ഷേപിക്കുന്നത് ഉചിതമല്ല.

സ്ഥിരനിക്ഷേപം (FD)

അതേസമയം, സുരക്ഷ മാത്രം നോക്കി മുഴുവൻ തുകയും ബാങ്കിൽ സ്ഥിരനിക്ഷേപമിടുന്നതും അനുയോജ്യമല്ല. നികുതി കിഴിച്ച് എഫ്.ഡി.യിൽനിന്ന് ലഭിക്കുന്ന വരുമാനം പരിമിതമാണ്. പണപ്പെരുപ്പവുമായി താരതമ്യം ചെയ്യുമ്പോൾ ഭാവി ജീവിതത്തിന് ഇത് തികയാതെ വരും.

പോർട്ട്ഫോളിയോ ക്രമീകരിക്കാം

മൂലധനസുരക്ഷയ്ക്കൊപ്പം പണപ്പെരുപ്പത്തെ മറികടക്കുന്ന ആദായം സ്വന്തമാക്കാൻ യോജിച്ച പോർട്ട്ഫോളിയോ ക്രമീകരിക്കുകയാണ് വേണ്ടത്. ഇതിനായി തുകയുടെ 50 ശതമാനം ഇക്വിറ്റി മ്യൂച്ചൽ ഫണ്ടുകളിലും ബാക്കി 50 ശതമാനം ഡെറ്റ് നിക്ഷേപങ്ങളിലുമായി മാറ്റി വെക്കാം. ഓഹരി നിക്ഷേപത്തിനായി നീക്കിവെക്കുന്ന തുക ഒറ്റയടിക്കല്ലാതെ ഒന്നോ രണ്ടോ വർഷമെടുത്ത് ഘട്ടംഘട്ടമായി നിക്ഷേപിക്കാം. ഇതിനായി സിസ്റ്റമാറ്റിക് ട്രാൻസ്ഫർ പ്ലാൻ (STP) സ്വീകരിക്കാം.

പ്രതീക്ഷിക്കാവുന്ന ആദായം

  1. ഡെറ്റ് അല്ലെങ്കിൽ സ്ഥിരനിക്ഷേപത്തിൽനിന്ന് ശരാശരി 6.5 മുതൽ 7.5 ശതമാനം വരെ ആദായം പ്രതീക്ഷിക്കാം.
  2. ഡൈവേഴ്സിഫൈഡ് ഇക്വിറ്റി ഫണ്ടുകളിൽനിന്ന് ദീർഘകാലാടിസ്ഥാനത്തിൽ 12 ശതമാനം വരെ ലഭിച്ചേക്കാം.
  3. രണ്ടും കൂടിച്ചേരുമ്പോൾ ശരാശരി 10 ശതമാനം വാർഷിക റിട്ടേൺ ലഭിക്കും.
  4. ഇതുപ്രകാരം അഞ്ചുവർഷംകൊണ്ട് പണം ഇരട്ടിയാകില്ലെങ്കിലും മൊത്തം തുകയിൽ 60 ശതമാനം വളർച്ച പ്രതീക്ഷിക്കാം.

ഉദാഹരണത്തിന്:

നിങ്ങളുടെ കൈവശം 10 ലക്ഷം രൂപയാണുള്ളതെങ്കിൽ 50:50 പോർട്ട്ഫോളിയോ പ്രകാരം അഞ്ച് വർഷത്തിനുശേഷം വിരമിക്കുമ്പോൾ നിക്ഷേപത്തുക 16 ലക്ഷം രൂപയായി വളരും.

 

വിരമിച്ചു കഴിഞ്ഞാൽ മുഴുവൻ തുകയും എഫ്.ഡി.യിലേക്ക് മാറ്റരുത്. വിരമിച്ചശേഷം 20-30 വർഷം കൂടി ജീവിക്കേണ്ടതുണ്ടല്ലോ. പണപ്പെരുപ്പത്തെ മറികടക്കാൻ മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്ന് ഇക്വിറ്റി ഫണ്ടുകളിൽത്തന്നെ തുടരാൻ ശ്രദ്ധിക്കുക. വിരമിക്കലിനുശേഷമുള്ള ആവശ്യങ്ങൾക്കായി പ്രതിവർഷം മൊത്തം നിക്ഷേപത്തിന്റെ 6 ശതമാനത്തിൽ കൂടുതൽ പിൻവലിക്കാതിരിക്കുക.

സ്ഥിരനിക്ഷേപവും ഓഹരിയും ചേർന്ന സന്തുലിത പോർട്ട്ഫോളിയോ ക്രമീകരിച്ച് ഘട്ടംഘട്ടമായി നിക്ഷേപിക്കുന്നതാണ് വിരമിക്കൽ കാലത്ത് സുരക്ഷിതവും ലാഭകരവുമായ മാർഗ്ഗം.