
രുചികരമായ പ്രീമിയം കോഫി.. കേള്‍ക്കുമ്പോള്‍തന്നെ ആദ്യം മനസ്സിലേക്ക് വരുന്ന പേര് സ്റ്റാര്‍ബക്ക്‌സ് എന്നതാവും. തൊട്ടാല്‍ വിലയില്‍ അല്‍പം പൊള്ളുമെങ്കിലും കുറച്ചുകാലമായി കാപ്പി പ്രേമികള്‍ക്ക് സ്റ്റാര്‍ബക്ക്‌സ് ഏറ്റവും ആദ്യത്തെ ചോയിസുകളിലൊന്നായി മാറിയിരിക്കുന്നു. ഇന്ന് കാണുന്ന പ്രീമിയം ലേബലിന് മുന്‍പ് കാപ്പികുരു മാത്രം വിറ്റ് ലാഭം കൊയ്ത ഒരു ചരിത്രം കൂടിയുണ്ട് അമേരിക്കന്‍ കമ്പനിയായ സ്റ്റാര്‍ ബക്ക്‌സിന്. കോളേജ് പഠനം പാതിവഴിക്ക് ഉപേക്ഷിച്ച മൂന്ന് സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ കുട്ടി ബിസിനസ് ലോകത്തിന് ഏറ്റവും രുചികരമായ കാപ്പി സമ്മാനിക്കുന്നവര്‍ എന്ന നേട്ടത്തിലേക്ക് എത്തിയ കഥ ഏറെ ത്രസിപ്പിക്കുന്നതാണ്. ലോകം മുഴുവന്‍ ഒരു കോഫി കള്‍ച്ചറിന് തുടക്കം കുറിച്ചുകൊണ്ട് സ്റ്റാര്‍ ബക്ക്സ് ലോകത്തെ പ്രീമിയം കോഫി ബ്രാന്‍ഡായി മാറിയ ആ കഥ ഇങ്ങനെയാണ്.
കാപ്പിപ്പൊടി വില്‍പനക്കാരായ സ്റ്റാര്‍ബക്ക്‌സ്
കഫേ ലാറ്റേ, വാനില ലാറ്റേ, കപുചീനോ, കഫേ മോക്ക,കഫേ അമേരിക്കാനോ, ഫ്‌ളാറ്റ് വൈറ്റ് തുടങ്ങി രുചിയേറും സ്റ്റാര്‍ബക്ക്‌സ് കോഫി മെനു അങ്ങനെ നീളുന്നു. കോഫിക്ക് പേരുകേട്ട ബ്രാന്‍ഡാണ് സ്റ്റാര്‍ബക്ക്‌സ് എങ്കിലും കാപ്പിക്കുരു ഉണക്കിപ്പൊടിച്ച് വില്‍പന നടത്തുന്ന കമ്പനി ആയിട്ടായിരുന്നു സ്റ്റാര്‍ബക്ക്‌സിന്റെ തുടക്കം. വാഷിങ്ടണില്‍ നിന്നുള്ള ജെറി ബാള്ഡ്വിൻ, സെവ് സീഗല്‍, ഗോര്‍ഡന്‍ ബൗകെര്‍ എന്നിവര്‍ ചേര്‍ന്ന് 1971ലാണ് സ്റ്റാര്‍ബക്ക്‌സ് കമ്പനിക്ക് തുടക്കം കുറിച്ചത്. ഇതിലേക്ക് നയിച്ചതാവട്ടെ 1962ല്‍ ബൗകെര്‍ ഇറ്റലിയിലേക്ക് നടത്തിയ വിനോദയാത്രയും. ഇറ്റലി സന്ദര്‍ശനത്തിനിടെ വിശേഷപ്പെട്ട കാപ്പിയുടെ നറുരുചിയും മണവും ആസ്വദിച്ചറിഞ്ഞ ബൗകെര്‍ എന്തുകൊണ്ട് തന്റെ നാട്ടിലും ഇത്തരമൊരു ബിസിനസ് ആരംഭിച്ചുകൂടാ എന്ന് ആലോചിക്കുകയായിരുന്നു. അങ്ങനെ കോളേജ് പഠനം പാതിവഴിയിലുപേക്ഷിച്ച രണ്ട് സുഹൃത്തുക്കളുമായി ചേര്‍ന്ന് കോഫി കച്ചവടത്തിന്റെ സാധ്യത മുന്നില്‍കണ്ടുകൊണ്ട് പുതിയ ബിസിനസ്സിലേക്കിറങ്ങി. കാപ്പിക്കുരു ഉണക്കിപ്പൊടിച്ച് വില്‍പന നടത്തിയിരുന്ന ആല്‍ഫ്രഡ് പീറ്റ് എന്ന കാപ്പി വ്യവസായിയുടെ വിജയവും ഇവര്‍ക്ക് പ്രചോദനമായി. പീറ്റ്‌സിന്റെ സഹായത്തോടെയായിരുന്നു ഇവര്‍ സംരംഭം ആരംഭിച്ചത്.

തുടക്കത്തില്‍ മികച്ച ഗുണനിലവാരമുള്ള കാപ്പിക്കുരു അമേരിക്കയുടെ പലഭാഗത്തുനിന്ന് ശേഖരിച്ച് പൊടിച്ച് വില്‍പന നടത്തിക്കൊണ്ടായിരുന്നു സ്റ്റാര്‍ബക്ക്‌സ് തങ്ങളുടെ ബിസിനസ് ആരംഭിച്ചത്. ബിസിനസ് കാപ്പി പ്രേമികള്‍ക്കിടയില്‍ ഹിറ്റായതോടെ സ്റ്റാര്‍ബക്ക്സ് എന്ന ബിസിനസ് പതിയെ വളരാനും ആരംഭിച്ചു. 1980കളോടെയാണ് അമേരിക്കയിലെ സിയാറ്റിലില്‍ സ്റ്റാര്‍ബക്ക്‌സ് തങ്ങളുടെ ആദ്യത്തെ നാല് സ്റ്റോറുകള്‍ തുറന്നത്. ഉയര്‍ന്ന ഗുണനിലവാരമുള്ള കാപ്പിക്കുരു ആണ് മാര്‍ക്കറ്റിലിറക്കിയത് എന്നതുകൊണ്ടുതന്നെ സ്റ്റാര്‍ബക്ക്‌സിന് അക്കാലത്ത് എതിരാളികളും കുറവായിരുന്നു. റോസ്റ്റഡ് കോഫി ബീന്‍സ് മാത്രമായിരുന്നില്ല, സുഗന്ധവ്യഞ്ജനങ്ങളും തേയിലയും ഏതാനും കാപ്പി റോസ്റ്റിങ് ഉപകരണങ്ങളും തുടക്കത്തില്‍ സ്റ്റാര്‍ബക്ക്‌സ് വില്‍പന നടത്തിയിരുന്നു. സ്റ്റാര്‍ബക്ക്‌സ് കടകളിലെത്തുന്നവര്‍ക്ക് സുഗന്ധവ്യഞ്ജനങ്ങളുടെ സാംപിളുകളും കാപ്പിപ്പൊടിയുടെ സാംപിളുകളും കമ്പനി നല്‍കാന്‍ ആരംഭിച്ചു. കാപ്പിരുചി ബോധിച്ചവര്‍ വീണ്ടും വീണ്ടും കാപ്പി തേടിയെത്തി. സ്റ്റാര്‍ബക്ക്‌സ് അവരുടെ മാര്‍ക്കറ്റും വ്യാപിപ്പിച്ചു.

ഹവാര്‍ഡ് തുടങ്ങിയ ജൈത്രയാത്ര
തുടക്കം മുതല്‍ വലിയ തളര്‍ച്ചകളില്ലാതെയാണ് സ്റ്റാര്‍ബക്ക്‌സ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അവരുടെ യഥാര്‍ഥ ജൈത്രയാത്ര ആരംഭിച്ചത് 1982ല്‍ ഹവാര്‍ഡ് ഷുല്‍ട്‌സ് എന്ന ബിസിനസ്സുകാരന്‍ സ്റ്റാര്‍ ബക്ക്‌സിന്റെ മാര്‍ക്കറ്റിങ് ടീമിൽ ചേര്‍ന്നതോടെയാണ്. സ്റ്റാര്‍ബക്ക്സിന്റെ യഥാര്‍ഥ വിജയത്തിന് പിന്നിലെ ശില്‍പി ഹവാര്‍ഡ് ആണെന്നുവേണം പറയാന്‍. ഹവാര്‍ഡ് ഷുല്‍ട്‌സിന്റെ വരവോടെ സ്റ്റാര്‍ബക്ക്‌സ് ഉത്പന്നങ്ങളിലേയും മാര്‍ക്കറ്റിലേയും പുതിയ സാധ്യതകളെ കുറിച്ച് ആലോചിച്ചുതുടങ്ങി. കാപ്പിയുടെ ഗുണവും സാധ്യതകളും വര്‍ധിപ്പിക്കാനുള്ള വഴികള്‍ തേടി അദ്ദേഹം ഇറ്റലിയിലേക്ക് സഞ്ചരിച്ചത്. സന്ദര്‍ശനവേളയില്‍ കോഫി ഷോപ്പുകളില്‍ ജനങ്ങള്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞ് ആസ്വദിച്ച് കാപ്പി നുകരുന്നതു കണ്ടപ്പോള്‍ ഇതേ ആശയം സ്റ്റാര്‍ബക്ക്‌സിലൂടെ അമേരിക്കയില്‍ അവതരിപ്പിക്കുകയായിരുന്നു ഷുല്‍ട്‌സിന്റെ ലക്ഷ്യം. ഇറ്റാലിയന്‍ കാപ്പിയുടെ രുചിയിലും വൈവിധ്യത്തിലും ആകൃഷ്ടനായ അദ്ദേഹം ഇറ്റാലിയന്‍ കോഫി ഹൗസ് പാരമ്പര്യം അമേരിക്കയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാരംഭിച്ചു. എന്നാല്‍ തുടക്കത്തില്‍ ഇത് ചെവിക്കൊള്ളാന്‍ സ്റ്റാര്‍ബക്ക്‌സിന്റെ ഉടമസ്ഥര്‍ തയ്യാറായില്ല. നിരന്തരമുള്ള ആശയസംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹൊവാര്‍ഡ് കമ്പനിയില്‍ നിന്ന് രാജിവെച്ച് പുറത്തുപോയി.
ഇറ്റലിയില്‍ താന്‍ അനുഭവിച്ച കോഫി സംസ്‌കാരത്തെ ഉള്‍ക്കൊള്ളിച്ച് സ്വന്തം ബിസിനസ്സ് ആരംഭിച്ചുകൊണ്ടായിരുന്നു ഷുല്‍ട്‌സ് സ്റ്റാര്‍ബക്ക്‌സിന് മറുപടി നല്‍കിയത്. 1986ല്‍ സിയാറ്റില്‍ കേന്ദ്രമായി ഷുള്‍ട്‌സ് തുടങ്ങിയ 'ഇല്‍ ജര്‍ണ്ണാലേ' എന്ന കോഫി ഷോപ്പ് അമേരിക്കയില്‍ ഒരു പുതിയൊരു കാപ്പി സംസ്‌കാരത്തിന് തുടക്കം കുറിച്ചു. വീടിന് പുറത്തിറങ്ങി കാപ്പിയോ ചായയോ കുടിക്കുന്ന ശീലമില്ലാത്ത ഒരു ജനതയ്ക്ക് മുന്നിലേക്ക് പുതിയ കാപ്പിയിടങ്ങളെ സൃഷ്ടിക്കുന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച തന്ത്രം. ഇല്‍ ജര്‍ണ്ണാലേ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുന്നതിനിടെ ഇപ്പുറത്ത് സ്റ്റാര്‍ബക്ക്‌സ് മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാനുള്ള പോരാട്ടത്തിലായിരുന്നു. അതിനിടെ 1986ല്‍ സഹസ്ഥാപകനായ സെവ് സീഗല്‍ സ്റ്റാര്‍ബക്ക്‌സില്‍ നിന്ന് വിടപറഞ്ഞതും കമ്പനിക്ക് ക്ഷീണമായി. കമ്പനി എങ്ങോട്ടാണ് പോകുന്നത് എന്നറിയാതെ ബാക്കിയുള്ള രണ്ട് പേര്‍ സമ്മര്‍ദത്തിലായിരിക്കെയാണ് കമ്പനി വാങ്ങാനായി ഹൊവാര്‍ഡ് ഷുല്‍ട്‌സ് എത്തിയത്.
1987ലാണ് താന്‍ തൊഴിലെടുത്തിരുന്ന സ്റ്റാര്‍ബക്ക്‌സ് വിലയ്ക്കു വാങ്ങിയത്. അതോടെ സ്റ്റാര്‍ബക്ക്‌സിന്റെ തലവരയും തെളിഞ്ഞു. 1987ല്‍ 3.8 മില്ല്യണ്‍ ഡോളര്‍ കൊടുത്താണ് ഷുല്‍ട്‌സ് സ്റ്റാര്‍ബക്ക്‌സ് വാങ്ങിയത്. ഓഫീസിനും വീടിനുമിടയില്‍ ആളുകള്‍ പോകാനിഷ്ടപ്പെടുന്ന മൂന്നാമിടമായി സ്റ്റാര്‍ബക്ക്‌സിനെ മാറ്റിയതിന് പിന്നില്‍ ഹവാര്‍ഡിന്റെ ശ്രമങ്ങളാണ്. 1987ല്‍ ആറു ഷോപ്പുകളും 100 ജോലിക്കാരുമായാണ് ഷുള്‍സ് സ്റ്റാര്‍ബക്ക്‌സിന്റെ പുതിയ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കാപ്പിക്കുരു മാത്രം വിതരണം ചെയ്യേണ്ട ഒരു കമ്പനിയല്ല സ്റ്റാര്‍ബക്ക്‌സ് എന്ന് തിരിച്ചറിഞ്ഞത് ഹൊവാര്‍ഡ് ആണ്. അങ്ങനെ വ്യത്യസ്തമായ രുചിയില്‍ കാപ്പിയുണ്ടാക്കി കൊടുക്കുന്നിടത്തേക്ക് സ്റ്റാര്‍ബക്ക്‌സ് എത്തി. ഷുള്‍സിന്റെ ആശയവിനിമയ പാടവവും വിപണിയെ അറിഞ്ഞുകൊണ്ടുളള തന്ത്രങ്ങളും കമ്പനിക്ക് കുതിപ്പേകി. അങ്ങനെ കാപ്പിക്കുരു ഉണക്കിപ്പൊടിച്ച് വില്‍പന നടത്തുന്നിടത്ത് നിന്ന് കാപ്പിയുണ്ടാക്കി വിതരണം ചെയ്യുന്നിടത്തേക്ക് സ്റ്റാര്‍ബക്ക്‌സ് വളര്‍ന്നു. വെറും പത്ത് വര്‍ഷത്തിനുള്ളിലാണ് 1300 കടകളും 25,000 ജോലിക്കാരുമുള്ള സ്ഥാപനമായി സ്റ്റാര്‍ബക്ക്‌സ് വളര്‍ന്നത്. പതിയെ വിശ്രമത്തിനും വിനോദത്തിനും ആളുകളുമായി ഇടപഴകാനുമുള്ള സ്ഥലമായി ഈ കോഫിഷോപ്പുകള്‍ മാറി. കോഫിബീന്‍സ് വില്‍പനകേന്ദ്രത്തില്‍ നിന്ന് സ്റ്റാര്‍ബക്ക്‌സ് കഫേകളായി മാറി.
1986 മുതല്‍ 2000 വരെയും 2008 മുതല്‍ 2017 വരേയും സ്റ്റാര്‍ ബക്ക്‌സിന്റെ ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായിരുന്നു ഹവാര്‍ഡ് ഷുല്‍ട്‌സ്. 2022 മുതല്‍ 2023 വരെ ഇടക്കാല സി.ഇ.ഒ ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2000ലാണ് സ്റ്റാര്‍ബക്ക്‌സിന്റെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് രാജിവെക്കുന്നതായി ഷുല്‍ട്‌സ് പ്രഖ്യാപിച്ചത്. 2007 ആയപ്പോഴേക്കും ലോകത്താകമാനം പതിനയ്യായിരത്തോളം കഫേകള്‍ സ്റ്റാര്‍ബക്ക്‌സ് ആരംഭിച്ചിരുന്നു. സ്റ്റാര്‍ബക്ക്‌സ് ജനപ്രിയത തുടര്‍ന്ന് വളരുന്നതിനിടെ 2008ല്‍ ഷുല്‍ട്‌സ് വീണ്ടും കമ്പനിയുടെ തലപ്പത്തേക്ക് തിരിച്ചെത്തി. എന്നാല്‍ ആ കാലത്തുണ്ടായ സാമ്പത്തിക മാന്ദ്യം സ്റ്റാര്‍ബക്ക്‌സിനേയും ബാധിച്ചു. ഉത്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിച്ചത് നിലവിലുള്ള ഉത്പന്നങ്ങളുടെ വില്‍പനയെ ബാധിച്ചു. മക്‌ഡൊണാള്‍ഡ് അടക്കമുള്ള ആഗോളഭീമന്മാരും കോഫി ബിസിനസ്സില്‍ കളം പിടിച്ചതും ഫാസ്റ്റ്ഫുഡ് സംസ്‌കാരം വ്യാപിച്ചതും കമ്പനിയെ തളര്‍ത്താനാരംഭിച്ചു.

സാമ്പത്തിക സമ്മര്‍ദം നേരിടാന്‍ സ്റ്റാര്‍ബക്ക്‌സ് ആദ്യം ചെയ്തത് ലോകത്തുള്ള കഫേകളില്‍ 900 എണ്ണം അടച്ചുപൂട്ടുകയായിരുന്നു. ഒപ്പം ആഗോളതലത്തിലെ പ്രമുഖ ബേക്കറി ഔട്ട്‌ലെറ്റുകളെയും കോഫി ബ്രൂവറികളേയും സ്റ്റാര്‍ബക്ക്‌സ് ഏറ്റെടുത്തു. ഈ ഔട്ട്‌ലെറ്റുകളിലൂടെയും സ്റ്റാര്‍ബക്ക്‌സ് അവരുടെ കോഫി വിറ്റഴിച്ചു. അതിനിടെ ഇന്‍സ്റ്റന്റ് കോഫി ബ്രാന്‍ഡും സ്റ്റാര്‍ബക്ക്‌സ് പുറത്തിറക്കി. കഫേകളിലൂടെ ചെറിയ രീതിയില്‍ ബേക്കറികള്‍ വിറ്റഴിക്കുന്ന രീതി സ്റ്റാര്‍ബക്ക്‌സ് സ്വീകരിച്ചത് 2003ലാണ്. കാപ്പിക്കൊപ്പം ബേക്കറി രുചിയും ആസ്വദിക്കാനുള്ള അവസരം വമ്പിച്ചരീതിയില്‍ വിജയം കണ്ടു. സ്റ്റാര്‍ബക്ക്‌സ് അവരുടെ പ്രതാപത്തിലേക്ക് അടുക്കാനും തുടങ്ങി. 2012ഓടെ സ്റ്റാര്‍ബക്ക്‌സ് അവരുടെ വരുമാനത്തിൽ വന്‍കുതിപ്പാണ് ഉണ്ടാക്കിയെടുത്തത്. അതിനിടെ ഷുല്‍ട്‌സ് കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്ന് പിന്‍വലിഞ്ഞിരുന്നു. എന്നാല്‍ കമ്പനി പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്നത് തുടര്‍ന്നു. 2018വരെ അദ്ദേഹം കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നു. ഷുല്‍ട്‌സിന് പിന്നാലെ കെവിന്‍ ജോണ്‍സണും 2012ല്‍ മൈറോണ്‍ ഉള്‍മാനും സ്റ്റാര്‍ബക്ക്‌സിന്റെ ആയിരുന്നു സി.ഇ.ഒ ആയി പ്രവര്‍ത്തിച്ചിരുന്നു. 2019ലാണ് ലോകത്തെ ഏറ്റവും വലിയ സ്റ്റാര്‍ബക്ക്‌സ് ഔട്ട്‌ലെറ്റ് ഷിക്കാഗോയില്‍ തുറക്കുന്നത്. സ്റ്റാര്‍ബക്ക്‌സ് റിസര്‍വ് റോസ്‌റ്റെറി എന്നായിരുന്നു ഇതിന്റെ പേര്. 2021 ആയപ്പോഴേക്കും സ്റ്റാര്‍ബക്ക്‌സ് ആഗോളതലത്തില്‍ 32000 സ്‌റ്റോറുകള്‍ തുറന്നിരുന്നു. കമ്പനിയുടെ വളര്‍ച്ച മുന്നോട്ടായിരുന്നെങ്കിലും ഇക്കാലത്ത് സ്റ്റാര്‍ബക്ക്‌സും നിരവധി പ്രതിസന്ധികൾ നേരിട്ടിരുന്നു. കമ്പനിയുടെ എതിര്‍പ്പ് വകവയ്ക്കാതെ പല സ്റ്റോറുകളിലെയും തൊഴിലാളികള്‍ യൂണിയനുകള്‍ രൂപീകരിക്കാന്‍ തുടങ്ങി. കോവിഡും സ്റ്റാര്‍ബക്ക്‌സിന്റെ വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചു. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് കമ്പനിയുടെ പ്രധാന വിപണികളിലൊന്നായ ചൈനയെ ആയിരുന്നു. 2022-ല്‍ കെവിന്‍ ജോണ്‍സണ്‍ സി.ഇ.ഒ സ്ഥാനത്ത് നിന്ന് മാറുകയും ഇന്ത്യന്‍ വംശജനായ ലക്ഷ്മണ്‍ നരസിംഹന്‍ സി.ഇ.ഒ സ്ഥാനത്തെത്തുമെന്ന് 2023ല്‍ സ്റ്റാര്‍ബക്ക്‌സ് പ്രഖ്യാപിക്കുകയും ചെയ്തു.

സ്റ്റാര്‍ബക്ക്സ് വളര്‍ന്ന നാള്‍വഴികള്‍
1971ല്‍ സിയാറ്റിലിലെ പൈക് പ്ലേസ് മാര്‍ക്കറ്റിലാണ് സ്റ്റാര്‍ബക്ക്‌സ് അവരുടെ ആദ്യത്തെ സ്റ്റോര്‍ തുറന്നത്. 82ല്‍ ഹൊവാര്‍ഡ് ഷുല്‍ട്‌സ് സ്റ്റാര്‍ബക്ക്‌സ് മാര്‍ക്കറ്റിങ്ങിലേക്ക് ചേര്‍ന്നു. കോഫിഹൗസ് എന്ന ആശയം ഇതിന് ശേഷമാണ് നടപ്പാക്കിയത്. 1984ല്‍ ആണ് സ്റ്റാര്‍ബക്ക്‌സ് ആദ്യമായി അവരുടെ കഫേ ലാറ്റേ പുറത്തിറക്കിയത്. സിയാറ്റിലിലെ ഔട്ട്‌ലെറ്റിലായിരുന്നു പരീക്ഷണം. 85 മുതല്‍ സ്റ്റാര്‍ബക്ക്‌സ് ബ്രൂഡ് കോഫിയും എസ്പ്രസോ കാപ്പിയും വിതരണം ചെയ്യാന്‍ തുടങ്ങി. ഇതേവര്‍ഷമാണ് സ്റ്റാർബക്ക്‌സ് വിട്ട ഷുല്‍ട്‌സ് സ്വന്തം കമ്പനി ആരംഭിച്ചത്. പിന്നീട് 87ല്‍ ഷുല്‍ട്‌സ് തിരിച്ചെത്തുകയും സ്വന്തം കമ്പനിയെ സ്റ്റാര്‍ബക്ക്‌സുമായി ലയിപ്പിക്കുകയും ചെയ്തു. 1991 ഓടെ അമേരിക്കയില്‍ മാത്രം സ്റ്റാര്‍ബക്ക്‌സിന്റെ ഔട്ട്‌ലെറ്റുകളുടെ എണ്ണം നൂറ് കടന്നിരുന്നു. അപ്പോഴേക്കും സ്റ്റാര്‍ബക്ക്‌സ് അമേരിക്കന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റിലും ലിസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 91ലാണ് സ്റ്റാര്‍ബക്ക്‌സ് സിയാറ്റിലില്‍ അവരുടെ ആദ്യത്തെ എയര്‍പോര്‍ട്ട് സ്‌റ്റോര്‍ ആരംഭിച്ചത്. 95കളില്‍ സ്റ്റാര്‍ബക്ക്‌സ് അവരുടെ ഫ്രാപുചീനോ അവതരിപ്പിച്ചു. അപ്പോഴേക്കും ലോകത്തെ സ്റ്റാര്‍ബക്ക്‌സ് ഔട്ട്‌ലെറ്റുകളുടെ എണ്ണം 600 പിന്നിട്ടിരുന്നു. 1996ലാണ് സ്റ്റാര്‍ബക്ക്‌സ് അവരുടെ ആദ്യത്തെ ഇന്റര്‍നാഷണല്‍ സ്‌റ്റോര്‍ ആരംഭിക്കുന്നത്. ജപ്പാനിലെ ടോക്യോയിലായിരുന്നു സ്‌റ്റോര്‍. അന്ന് സ്റ്റാര്‍ബക്ക്‌സ് സ്‌റ്റോറുകളുടെ എണ്ണം ആയിരം കടന്നിരുന്നു. 97ല്‍ സ്റ്റാര്‍ബക്ക്‌സ് ഫൗണ്ടേഷന്‍ ആരംഭിച്ചു. 99കളുടെ അവസാനത്തിലാണ് ചൈനയിലും കുവൈത്തിലും ലെബനനിലും ഓസ്‌ട്രേലിയയിലും കൊറിയയിലും ഖത്തറിലും സൗദിയും യു.എ.ഇയിലുമെല്ലാം സ്റ്റാര്‍ബക്ക്‌സ് സ്റ്റോറുകള്‍ ആരംഭിക്കുന്നത്. സ്‌റ്റോറുകളില്‍ വൈഫൈ സൗകര്യം ഏര്‍പ്പെടുത്തിയതും ഇതേ കാലത്തായിരുന്നു. അപ്പോഴേക്കും ലോകത്താകമാനം സ്റ്റാര്‍ബക്ക്‌സ് സ്‌റ്റോറുകളുടെ എണ്ണം അയ്യായിരം പിന്നിട്ടിരുന്നു. പിന്നീട് പത്ത് വര്‍ഷത്തിനിടെ നിരവധി കമ്പനികളെ സ്റ്റാര്‍ബക്ക്‌സ് ഏറ്റെടുത്തിരുന്നു. പിന്നീട് ഓരോ വര്‍ഷവും പലതരം ഉത്പന്നങ്ങള്‍ സ്റ്റാര്‍ബക്ക്‌സ് പുറത്തിറക്കി. 2019 ആവുമ്പോഴേക്കും സ്റ്റാര്‍ബക്ക്‌സിന്റെ ആകെ സ്‌റ്റോറുകളുടെ എണ്ണം മുപ്പതിനായിരം പിന്നിട്ടിരുന്നു. മാര്‍ക്കറ്റിങ്ങിന്റെ ഭാഗമായി പലതരം തന്ത്രങ്ങള്‍ അതിനോടകം തന്നെ സ്റ്റാര്‍ബക്ക്‌സ് പരീക്ഷിച്ച് വിജയിച്ചിരുന്നു. ഇന്ന് ലോകത്താകമാനം 35711 സ്റ്റോറുകളാണ് സ്റ്റാര്‍ബക്ക്‌സിനുള്ളത്. അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ സ്റ്റാര്‍ബക്ക്‌സ് സ്‌റ്റോറുകളുള്ളത്. 15952 സ്‌റ്റോറുകളാണ് അമേരിക്കയില്‍ മാത്രം പ്രവര്‍ത്തിക്കുന്നത്. പേപ്പര്‍ കപ്പുകളില്‍ കാപ്പി വിതരണം ചെയ്യാന്‍ ആരംഭിച്ചതും സ്റ്റാര്‍ബക്ക്സ് ആണ്.
കപ്പലിൽ നിന്ന് നക്ഷത്രത്തിലേയ്ക്ക്
പുതിയ സംരഭത്തിന് എന്തുപേര് നല്‍കണമെന്നത് തുടക്കം മുതല്‍ മൂവരേയും കുഴപ്പിച്ച ചോദ്യമായിരുന്നു. പേരിനായി അവര്‍ സമീപിച്ചത് ടെറി ഹെക്ക്‌ളര്‍ എന്ന ആര്‍ട്ടിസ്റ്റിനെ ആണ്. പുതുമയുള്ള, കാപ്പിപ്പെരുമയുടെ സൂചനകളുള്ള ഒരു പേര് എന്നതായിരുന്നു കമ്പനി ഉടമസ്ഥരുടെ ആവശ്യം. തുടക്കത്തില്‍ കമ്പനിക്ക് അവര്‍ നിര്‍ദേശിച്ചിരുന്ന പേര് 'പീക്വോഡ്' എന്നായിരുന്നു. അമേരിക്കന്‍ സാഹിത്യകാരനായ ഹെര്‍മന്‍ മെല്‍വിലിന്റെ പ്രശസ്തമായ നോവലായ മോബി ഡിക്കിലെ ഒരു കപ്പലിന്റെ പേരായിരുന്നു പീക്വോഡ്. എന്നാല്‍ ഈ പേര് ആകര്‍ഷകമല്ലെന്ന് ടെറി നിസ്സംശയം പറഞ്ഞ് എതിര്‍പ്പറിയിച്ചു. 'ഒരു കപ്പ് പീക്വോഡ്' എന്ന പ്രയോഗം ഏതെങ്കിലും തരത്തില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുമോ എന്നായിരുന്നു ടെറിയുടെ ചോദ്യം. തുടര്‍ന്ന് നടന്ന ആലോചനയില്‍ നിന്ന് ആദ്യം സ്റ്റാര്‍ബോ എന്ന പേരുണ്ടാവുകയും പിന്നീടത് സ്റ്റാര്‍ബക്ക്‌സ് ആയി മാറുകയും ചെയ്തു. സിയാറ്റിലിനടുത്തുള്ള ഏറ്റവും അറിയപ്പെടുന്ന ലാന്‍ഡ്മാര്‍ക്കുകളില്‍ ഒന്നായ മൗണ്ട് റെയ്നിയറിലെ മൈനിംഗ് ക്യാമ്പുകളുടെ പേരുകള്‍ അന്വേഷിക്കുന്നതിനിടയിലാണ് സ്റ്റാര്‍ബോ എന്ന പേര് ടെറിയുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്റ്റാര്‍ബോയെ ചൊല്ലിയുടെ ചര്‍ച്ചകള്‍ സംഘത്തെ വീണ്ടും മോബി ഡിക്കിലേക്ക് എത്തിക്കുകയും നോവലിലെ പീക്വോഡ് എന്ന കപ്പലിലുള്ള സഹായിയുടെ പേരായ സ്റ്റാര്‍ബക്ക് എന്ന പേരിലെത്തുകയും ചെയ്തു. അങ്ങനെയാണ് സ്റ്റാര്‍ബക്ക്‌സ് എന്ന പേര് ഇവര്‍ തിരഞ്ഞെടുക്കുന്നത്.
52 വര്‍ഷം നീണ്ട ബിസിനസ് പാരമ്പര്യത്തിനിടെ നാല് തവണ മാത്രമാണ് സ്റ്റാര്‍ബക്ക്‌സ് അവരുടെ ലോഗോ മാറ്റിയിരിക്കുന്നത്. 52 വര്‍ഷത്തെ യാത്രയ്ക്കിടെ പലതവണ കമ്പനിയുടെ നേതൃനിരയില്‍ മാറ്റം വന്നിട്ടുണ്ട്. ഈ മാറ്റങ്ങളെല്ലാം സ്റ്റാര്‍ബക്ക്‌സിന്റെ ലോഗോയിലും പ്രതിഫലിച്ചിട്ടുണ്ട്. തുടക്കത്തില്‍ സിയാറ്റിലിന്റെ സമുദ്രപാരമ്പര്യത്തെ പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു സ്റ്റാര്‍ബക്ക്‌സിന്റെ ലോഗോ. കറുപ്പും വെളുപ്പും നിറത്തിലുള്ള ലോഗോയിലുള്ളത് മത്സ്യകന്യകയ്ക്ക് സമാനമായ ഒരു രൂപമായിരുന്നു. സ്റ്റാര്‍ബക്ക്‌സ് കോഫി, ടീ, സ്‌പൈസസ് എന്ന ടെക്സ്റ്റും ലോഗോയില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. പിന്നീട് അത് റോമന്‍ ദൈവത്തിന്റെ രൂപമുള്ള ലോഗോ ആയി മാറ്റി. 1987ല്‍ സ്റ്റാര്‍ബക്ക്‌സിനെ ഹൊവാര്‍ഡ് ഷുല്‍ഡ്‌സ് വാങ്ങിയതോടെയാണ് ലോഗോയില്‍ വീണ്ടും മാറ്റം വന്നത്. ടെറി ഹെക്ക്‌ലര്‍ തന്നെയായിരുന്നു പുതിയ ലോഗോ നിര്‍മിച്ചത്. ഹൊവാര്‍ഡ് ഷുല്‍ഡ്‌സിന്റെ കമ്പനിയും സ്റ്റാര്‍ബക്ക്‌സും സംയോജിപ്പിച്ചതോടെ രണ്ടും ചേരുന്ന പുതിയ ലോഗോയ്ക്ക് ടെറി രൂപം നല്‍കി. ലോഗോയില്‍ തുടക്കത്തിലുണ്ടായിരുന്ന മത്സ്യകന്യകയെ രൂപം മാറ്റി വീണ്ടും ലോഗോയിലേക്കെത്തിച്ചു. കറുപ്പും വെളുപ്പും നിറത്തെ പച്ചയും വെളുപ്പും നിറത്തിലേക്ക് മാറ്റി. ലോഗോയിലുണ്ടായിരുന്ന വലിയ ടെക്‌സ്റ്റുകളെ മാറ്റി സ്റ്റാര്‍ബക്ക്‌സ് കോഫി എന്നാക്കി മാറ്റി. 1992ല്‍ അല്‍പം നിറവ്യത്യാസങ്ങളോടെ ലോഗോ വീണ്ടും മാറ്റി. 2011 വരെ ഈ ലോഗോ തുടര്‍ന്നിരുന്നു. 2011ല്‍ ലോഗോയില്‍ നിന്ന് സ്റ്റാര്‍ബക്ക്‌സ് എന്ന പേരെടുത്തുമാറ്റുകയും മത്സ്യകന്യകയ്ക്ക് ചുറ്റുമുള്ള വൃത്തം എടുത്തുമാറ്റി പച്ചയും വെളുപ്പും നിറത്തില്‍ മത്സ്യകന്യകയുടെ രൂപം മാത്രം നിലനിര്‍ത്തുകയും ചെയ്തു. വൃത്തം എടുത്തുമാറ്റിക്കൊണ്ട് ചിന്തകള്‍ക്ക് അതിര്‍ത്തിയില്ലെന്നതാണ് ഉദ്ദേശിച്ചതെന്ന് ടെറി പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. വെറുമൊരു കാപ്പിക്ക് അപ്പുറം ചിന്തിക്കാനുള്ള സ്റ്റാര്‍ബക്ക്‌സിന്റെ സ്വാതന്ത്ര്യമാണ് ഇതെന്ന് ഹൊവാര്‍ഡ് ഷൂല്‍ഡ്‌സും വിശദീകരിച്ചിട്ടുണ്ട്.
സ്റ്റാര്‍ബക്ക്സ് ഇന്ത്യയിലേക്ക്..
2012ല്‍ ടാറ്റ ഗ്ലോബല്‍ ബിവറേജുമായി സഹകരിച്ചാണ് മുംബൈയില്‍ സ്റ്റാര്‍ബക്ക്‌സ് ഇന്ത്യയിലെ ആദ്യത്തെ സ്റ്റോര്‍ തുറന്നത്. സ്റ്റാര്‍ബക്ക്‌സ് കോഫി കമ്പനി- ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ടസ് എന്നിവര്‍ ചേര്‍ന്ന് 50-50 എന്നിങ്ങനെയായിരുന്നു ബിസിനസ് നടത്തിപ്പ്. ഇന്ന് 70 നഗരങ്ങളിലായി 300 ഔട്ട്‌ലെറ്റുകളാണ് സ്റ്റാര്‍ബക്ക്‌സിന് ഇന്ത്യയിലുള്ളത്. മഹാരാഷ്ട്രയിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്റ്റോറുകളുള്ളത്. 109 സ്‌റ്റോറുകള്‍, അതായത് ഇന്ത്യയിലെ ആകെ സ്‌റ്റോറുകളുടെ 31 ശതമാനം. കേരളത്തില്‍ കൊച്ചി ലുലു മാളിലാണ് സ്റ്റാര്‍ബക്ക്‌സ് അവരുടെ ആദ്യത്തെ സ്‌റ്റോര്‍ ആരംഭിച്ചത്.
സ്റ്റാര്‍ബക്ക്‌സുമായി കേരളത്തിനുമുണ്ട് ബന്ധം. സ്റ്റാര്‍ബക്ക്‌സ്, കോസ്റ്റ് കോഫി അടക്കമുള്ള മുന്‍നിര കമ്പനികള്‍ക്കുള്ള പേപ്പര്‍ കപ്പുകള്‍ നിര്‍മിക്കുന്നതില്‍ തൃശൂരില്‍ നിന്നുള്ള കമ്പനിക്കും പങ്കുണ്ട്. തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് കപ്പുണ്ടാക്കുന്നത്. മന്ത്രി പി രാജീവ് ആണ് ഒരു ഔദ്യോഗിക പരിപാടിക്കിടെ ഇക്കാര്യം വ്യക്തമാക്കിയത്.
വിലയില്‍ ഭീമന്‍ സ്റ്റാര്‍ബക്ക്സ്
രുചിയും പെരുമയിലുമെല്ലാം കയ്യടി നേടുന്നുണ്ടെങ്കിലും ഒരു കപ്പ് സ്റ്റാര്‍ബക്ക്സ് കോഫി എന്നത് അല്‍പം കൂടുതലാണെന്നാണ് പലരുടേയും പരാതി. സ്റ്റാര്‍ബക്ക്സ് കോഫിയുടെ വിലയ്ക്ക് പിന്നില്‍ ഒരു കാരണമുണ്ടെന്നാണ് മാര്‍ക്കറ്റ് വിദഗ്ധരും സ്റ്റാര്‍ബക്ക്സും വിശദീകരിക്കുന്നത്.

ആഗോളതലത്തില്‍ ജനപ്രിയമായ കോഫി രുചിയുടേയും പ്രാദേശിക പാനീയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട രുചികളും സംയോജിപ്പിച്ച് 'ഒറിജിനല്‍' രുചിയാണ് സ്റ്റാര്‍ബക്ക്സ് തങ്ങളുടെ പാനീയങ്ങളിലൂടെ അവതരിപ്പിക്കുന്നത്. അതായത് മാര്‍ക്കറ്റില്‍ സ്റ്റാര്‍ബക്ക്സിന് പകരമൊരു ഉത്പന്നം ഇല്ലെന്ന് ചുരുക്കം. സ്റ്റാര്‍ബക്ക്സ് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന രുചി മറ്റൊരിടത്തും കണ്ടെത്താനാവില്ല. അതുതന്നെയാണ് അവരുടെ വിജയതന്ത്രവും. മികച്ച ഗുണനിലവാരമുള്ല അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് വ്യത്യസ്തമായ ഈ രുചി ഉണ്ടാക്കിയെടുക്കുന്നത് ചെലവേറിയ പരിപാടിയാണെന്നാണ് സ്റ്റാര്‍ബക്ക്സ് പറയുന്നത്. ഒപ്പം കാപ്പിയില്‍ തന്നെ രുചിവൈവിധ്യങ്ങള്‍ കൊണ്ടുവരാനുള്ള പരീക്ഷണങ്ങളും ചെലവേറിയതാണ്. ഈ ഘടകങ്ങളെല്ലാമാണ് സ്റ്റാര്‍ബക്ക്‌സ് കോഫിയുടെ വിലയിലേക്ക് നയിക്കുന്നത്.

ബഹിഷ്‌കാരണാഹ്വാനത്തില്‍ മുങ്ങി സ്റ്റാര്‍ബക്ക്‌സും
ഭൗമരാഷ്ട്രീയ നിലപാടുകളില്‍ നിന്ന് അകന്നുനില്‍ക്കുന്ന സമീപനമായിരുന്ന സ്റ്റാര്‍ബക്ക്‌സ് എക്കാലത്തും സ്വീകരിച്ചുപോന്നത്. എന്നാല്‍ ഇസ്രയേല്‍- പാലസ്തീന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് സ്റ്റാര്‍ബക്ക്‌സിനെതിരേ ബഹിഷ്‌കരണ ആഹ്വാനങ്ങളുയരാന്‍ ആരംഭിച്ചു. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ സ്റ്റാര്‍ബക്ക്‌സ് തൊഴിലാളി യൂണിയനായ സ്റ്റാര്‍ബക്ക്‌സ് വര്‍ക്കേഴ്‌സ് യുണൈറ്റഡ് പാലസ്തീന് അനുകൂലമായി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതാണ് കമ്പനിക്ക് വിനയായത്. ഇത് പലതരം ചര്‍ച്ചകളിലേക്ക് നയിച്ചു. ഇസ്രയേല്‍ അനുകൂല നിലപാട് സ്വീകരിച്ചുപോരുന്ന അമേരിക്കയിലടക്കം ആളുകള്‍ സ്റ്റാര്‍ബക്ക്‌സിനോട് മുഖം തിരിച്ചുതുടങ്ങി. യൂറോപ്പിലാകെ സ്റ്റാര്‍ബക്ക്‌സ് വില്‍പന കുത്തനെയിടിഞ്ഞു. സ്റ്റാര്‍ബക്ക്‌സ് സ്റ്റോറുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
വിവാദങ്ങളുയര്‍ന്ന സാഹചര്യത്തില്‍ തൊഴിലാളി യൂണിയനെതിരേ സ്റ്റാര്‍ബക്ക്‌സ് കേസും നല്‍കി. കമ്പനിയുടെ പേരും ലോഗോയും ഉപയോഗിച്ച പേരിലായിരുന്നു കേസ്. എന്നിരുന്നാലും സ്റ്റാര്‍ബക്ക്‌സിനെതിരേയുള്ള ക്യാംപയിന്‍ തുടര്‍ന്നു. എന്നാല്‍ ഗാസയോട് അനുകൂല സമീപനം സ്വീകരിക്കണമെന്നും, സ്റ്റാര്‍ബക്ക്‌സ് സ്വന്തം നിലപാട് വ്യക്തമാക്കണമെന്നും സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയര്‍ന്നിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാര്‍ബക്‌സ് വിപണി മൂല്യം കുറഞ്ഞു. ഒരു ഓഹരിക്ക് 100 ഡോളറിലേറെ വിലയുണ്ടായിരുന്ന സ്റ്റാര്‍ബക്‌സ് ഓഹരിയുടെ ഇപ്പോഴത്തെ വില 93-95 ഡോളര്‍ എന്ന കണക്കില്‍ തുടരുകയാണ്. 1992ല്‍ യുഎസ് ഓഹരിവിപണയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് സ്റ്റാര്‍ബക്‌സ് ഓഹരിവില ഇതുപോലെ കുത്തനെ ഇടിയുന്നത് എന്നാണ് മാര്‍ക്കറ്റ് വിദഗ്ധരുടെ നിരീക്ഷണം. പോസ്റ്റ് വിവാദം ആരംഭിച്ച രണ്ടാഴ്ചയ്ക്കിടെ 12 ബില്യണ്‍ യുഎസ് ഡോളറാണ് കോഫി ഭീമന്റെ വിപണിമൂല്യത്തില്‍ നിന്ന് നഷ്ടമായതെന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയുടെ മൊത്തം മൂല്യത്തിന്റെ 9.4 ശതമാനം വരുമിത്. ഏറ്റവും അധികം വില്‍പന നടക്കുന്ന അവധിക്കാല സമയത്ത് കമ്പനിക്കേറ്റ തിരിച്ചടിയായിരുന്നു ബഹിഷ്‌കരണ ആഹ്വാനങ്ങള്‍. സ്റ്റാര്‍ബക്ക്‌സിന്റെ വില്‍പനയെ ഇത് എത്ര ആഴത്തിലാണ് ബാധിച്ചത് എന്നറിയണമെങ്കില്‍ അടുത്ത വര്‍ഷം സ്റ്റാര്‍ബക്കിസിന്റെ പുതിയ ത്രൈമാസ സെയില്‍സ് റിപ്പോര്‍ട്ട് പുറത്തുവരേണ്ടതുണ്ട്. ഫെബ്രുവരിയില്‍ ഇത് പ്രസിദ്ധീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എല്ലാവര്‍ഷവും സ്റ്റാര്‍ബക്ക്‌സ് അവരുടെ ഉത്പന്നങ്ങളില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. അടിസ്ഥാനപരമായ സ്റ്റാര്‍ബക്ക്‌സ് ഒരു കോഫി കമ്പനിയാണെങ്കിലും കോഫിക്ക് പുറമേ ചായ, ഹോട്ട് ചോക്ലേറ്റ്, സ്മൂത്തൂസ്, ഐസ്ഡ് ഡ്രിങ്ക്‌സ്, സ്‌നാക്‌സ് എന്നിവ സ്റ്റാര്‍ബക്ക്‌സ് അവരുടെ സ്‌റ്റോറുകളിലൂടെ വില്‍പന നടത്താറുണ്ട്. സ്റ്റാര്‍ബക്ക്‌സിന്റെ പ്രധാനവരുമാനം കോഫി വില്‍പനയിലൂടെ തന്നെ ആണെന്നാണ് കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാവുന്നത്. വര്‍ഷാവര്‍ഷം സ്റ്റാര്‍ബക്ക്‌സ് അവരുടെ വരുമാനത്തില്‍ ഗണ്യമായ വളര്‍ച്ചയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്ത 2019-2020 വര്‍ഷം മാത്രമായിരുന്നു വരുമാനത്തില്‍ ഇടിവ് രേഖപ്പെടുത്തിയത്. 2022ലെ കണക്കുകള്‍ പ്രകാരം സ്റ്റാര്‍ബക്ക്‌സിന്റെ വരുമാനം 26.58 ബില്ല്യണ്‍ യു.എസ് ഡോളറായിരുന്നു. 2021ല്‍ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ 1.97 ബില്ല്യണ്‍ ഡോളറിന്റെ വളര്‍ച്ചയായിരുന്നു ഇത്.
അരനൂറ്റാണ്ടിലേറെ നീണ്ട ചരിത്രത്തിനിടെ സ്റ്റാര്‍ബക്‌സ് കോഫി സംസ്‌കാരത്തെ മാറ്റിമറിക്കുക മാത്രമല്ല, കോഫി വ്യവസായത്തിലെ ഒരു ആഗോള ഐക്കണായി സ്വയം സ്ഥാപിക്കുകയും ചെയ്തു. മികച്ച ഗുണനിലവാരമുള്ള കാപ്പിക്കുരു, ഉപഭോക്താക്കളെ സന്തോഷിപ്പിക്കുന്ന തരത്തിലുള്ള കസ്റ്റമര്‍ റിലേഷന്‍, ക്രിയാത്മകമായ മാര്‍ക്കറ്റിങ് സ്ട്രാറ്റജി, കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം, പരിസ്ഥിതി സുസ്ഥിരത എന്നിവയിലൂന്നിയാണ് സ്റ്റാര്‍ബക്ക്‌സ് വളര്‍ന്നത്. ഈ ഘടകങ്ങളില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ലെന്നതുതന്നെയാണ് സ്റ്റാര്‍ബക്ക്‌സിന്റെ വിജയത്തിനും പിന്നിലുള്ളത്.
Content Highlights: The Story Behind The Starbucks Coffee
Published: 23 Dec 2023, 12:06 pm IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented