
ന്യൂയോര്‍ക്ക്: അമേരിക്കന്‍ കോഫീ ഹൗസ് ശൃംഖലയായ സ്റ്റാര്‍ബക്സിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി നിയുക്ത ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സൊഹ്റാന് മംദാനി. രാജ്യവ്യാപക സ്റ്റാർബക്സ് ബഹിഷ്കരണത്തിന് അദ്ദേഹം ആഹ്വാനംചെയ്തു. വേതനവര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്റ്റാര്‍ബക്സ് തൊഴിലാളി സംഘടനയായ, സ്റ്റാര്‍ബക്സ് വര്‍ക്കേഴ്സ് യുണൈറ്റഡ് രാജ്യവ്യാപക സമരം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പിന്തുണയുമായി മംദാനി രംഗത്തെത്തിയത്.
‘രാജ്യമെമ്പാടുമുള്ള സ്റ്റാര്‍ബക്സ് തൊഴിലാളികള്‍, മികച്ച കരാറിനായി പോരാടിക്കൊണ്ട് നീതിരഹിതമായ തൊഴില്രീതികള്ക്കെതിരേ സമരം ചെയ്യുകയാണ്. തൊഴിലാളികള്‍ സമരം ചെയ്യുമ്പോള്‍ ഞാന്‍ സ്റ്റാര്ബക്സില്നിന്ന് യാതൊന്നും വാങ്ങില്ല. എനിക്കൊപ്പം ചേരാന്‍ നിങ്ങളോടും അഭ്യര്‍ഥിക്കുകയാണ്. ശക്തമായൊരു സന്ദേശം നമുക്കൊരുമിച്ച് നല്‍കാനാവും. നോ കോണ്‍ട്രാക്ട്, നോ കോഫീ’, മംദാനി സാമൂഹികമാധ്യമമായ എക്സില്‍ കുറിച്ചു. സ്റ്റാര്‍ബക്സ് വര്‍ക്കേഴ്സ് യുണൈറ്റഡിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മംദാനിയുടെ പ്രതികരണം.
കമ്പനി വ്യാപകമായി തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തിയതായി സ്റ്റാര്‍ബക്സ് വര്‍ക്കേഴ്സ് യുണൈറ്റഡ് ആവര്‍ത്തിച്ച് ആരോപിച്ചിട്ടുണ്ട്. നാഷണല്‍ ലേബര്‍ റിലേഷന്‍സ് ബോര്‍ഡിലെ അഡ്മിനിസ്ട്രേറ്റീവ് ലോ ജഡ്ജിമാര്‍, നാനൂറിലധികം തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് സ്റ്റാര്‍ബക്സ് ഉത്തരവാദിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ന്യൂയോര്‍ക്ക്, ഡാലസ്, സിയാറ്റില്‍, ഫിലാഡല്‍ഫിയ തുടങ്ങി 25-ല്‍ അധികം നഗരങ്ങളിലെ സ്റ്റാര്‍ബക്സ് ജീവനക്കാര്‍ സമരത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം.
Content Highlights: newyork mayor elect zohran mamdani calls for nationwide starbucks boycott
Published: 16 Nov 2025, 11:40 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented