ജോലിക്ക് പുറമെ അധിക വരുമാനത്തിനായി ആരംഭിക്കുന്ന സൈഡ് ബിസിനസുകൾ ചിലപ്പോൾ വലിയ സംരംഭങ്ങളായി മാറാറുണ്ട്. യു.എസിലെ ന്യൂഹാംഷെയറിലെ മിൽഫോർഡിൽ നിന്നുള്ള 65-കാരിയായ തെരേസ ബേൺലി തൻ്റെ 63-ാം വയസ്സിൽ ആരംഭിച്ച സെർക് എന്ന പ്രോട്ടീൻ ബൈറ്റ് ബ്രാൻഡിന്റെ വളർച്ച ബിസിനസ് വാർത്തകൾ നിറയുകയാണ്.

To advertise here,

മുമ്പ് 'വൈലി റോഡ് ഫുഡ്സ്' എന്ന സ്ഥാപനത്തിന്റെ ഉടമയായിരുന്ന തെരേസ, പ്രമുഖ കമ്പനികൾക്കായി ബേക്കിങ് ഉൽപ്പന്നങ്ങൾ നിർമ്മിച്ചു നൽകിയിരുന്നു. എന്നാൽ പാർട്ട് ടൈം സംരംഭമായി ആരംഭിച്ച 'സെർക്' പെട്ടെന്ന് ലാഭകരമായതോടെ 2024-ൽ പ്രധാന മേഖലയിൽ നിന്ന് തിരിഞ്ഞ് പൂർണ്ണമായും സെർക്കിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഇവർ തീരുമാനിക്കുകയായിരുന്നു.

'എന്റ്രപ്രണർ' മാഗസിന്റെ റിപ്പോർട്ട് അനുസരിച്ച്, നിലവിൽ ഏകദേശം രണ്ട് ദശലക്ഷം ഡോളറാണ് (ഏകദേശം 16 കോടി രൂപ) ഈ ബ്രാൻഡിന്റെ വാർഷിക വരുമാനം. വാൾമാർട്ട്, സ്റ്റാർബക്സ് ഉൾപ്പെടെ യു.എസിലെ പതിമൂന്നായിരത്തോളം റീട്ടെയിൽ കേന്ദ്രങ്ങളിൽ സെർകിന്റെ ഉൽപ്പന്നങ്ങൾ ലഭ്യമാണ്.

മാറുന്ന ഭക്ഷണശീലങ്ങളും പുതിയ ആശയവും

16 വർഷത്തോളം മറ്റ് ബ്രാൻഡുകൾക്ക് വേണ്ടി പ്രവർത്തിച്ച ശേഷമാണ് കുടുംബത്തോടൊപ്പം സ്വന്തമായി ഒരു നാച്ചുറൽ ഫുഡ് ബ്രാൻഡ് എന്ന ആശയത്തിലേക്ക് തെരേസ എത്തിയത്. വിപണിയിലുള്ള പഴയ പ്രോട്ടീൻ ബാറുകൾ ഇന്നത്തെ ജനങ്ങളുടെ ഭക്ഷണശീലങ്ങൾക്ക് അനുയോജ്യമല്ലെന്ന തിരിച്ചറിവാണ് പുതിയ രീതിയിലുള്ള ഉൽപ്പന്ന നിർമ്മാണത്തിലേക്ക് നയിച്ചത്.

പ്രൊഫഷണൽ പാസ്ട്രി ഷെഫുമാരെ ഉൾപ്പെടുത്തി നടത്തിയ ഗവേഷണങ്ങളിലൂടെയാണ് ബോൾ ആകൃതിയിലുള്ള പ്രോട്ടീൻ ബൈറ്റുകൾ ഇവർ വികസിപ്പിച്ചത്. ഉൽപ്പന്ന വികസനം, പ്രത്യേക യന്ത്രങ്ങൾ, പുനരുപയോഗിക്കാവുന്ന പാക്കേജിങ് എന്നിവയ്ക്കായി കമ്പനി ഒരു മില്യൺ ഡോളറോളം ചെലവഴിച്ചു.

കഴിഞ്ഞ മാസമാണ് പ്രമുഖ കോഫി ചെയ്നായ സ്റ്റാർബക്സ് യു.എസിലെ ഔട്ട്‌ലെറ്റുകളിൽ സെർക് വിൽക്കാൻ തുടങ്ങിയത്. പീനട്ട് ചോക്ലേറ്റ് ചിപ്പ്, ചോക്ലേറ്റ് മിന്റ്, ലെമൺ ബ്ലൂബെറി ഉൾപ്പെടെ ആറ് വ്യത്യസ്ത ഫ്ലേവറുകളിൽ ലഭിക്കുന്ന ഉൽപ്പന്നത്തിൽ 10 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. സൈഡ് ബിസിനസിന്റെ സാധ്യതകൾ വഴിതുറക്കുന്നതാണ് തെരേസയുടെ വളർച്ച.