ഷുഗർ ഫ്രീ എന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ പ്രോട്ടീൻ പാനീയങ്ങളിൽ വൻതോതിൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന കണ്ടെത്തലിനെത്തുടർന്ന് ആഗോള കോഫി ഭീമന്മാരായ സ്റ്റാർബക്‌സിനെതിരെ പരാതി. തങ്ങളുടെ എട്ട് പ്രോട്ടീൻ പാനീയങ്ങൾ പൂർണ്ണമായും ഷുഗർ ഫ്രീ ആണെന്ന് പരസ്യം നൽകി ഉപഭോക്താക്കളെ വഞ്ചിച്ചുവെന്ന് ആരോപിച്ച് യു.എസിലെ ഉപഭോക്താക്കളാണ് വാഷിങ്ടണിലെ സിയാറ്റിൽ ഫെഡറൽ കോടതിയിൽ ക്ലാസ്-ആക്ഷൻ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ദിനംപ്രതി ആശ്രയിക്കുന്ന ഒരു പ്രമുഖ ബ്രാൻഡിന്റെ ഭാഗത്തുനിന്നുണ്ടായ നീക്കം, കഫേ വ്യാവസായിക രംഗത്തും ആരോഗ്യ ബോധവൽക്കരണ മേഖലയിലും വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

To advertise here,

2025 സെപ്റ്റംബറിലാണ് സ്റ്റാർബക്‌സ് തങ്ങളുടെ വിപണി വിപുലീകരണത്തിന്റെ ഭാഗമായി ബാക്ക് ടു സ്റ്റാർബക്‌സ് എന്ന പുതുക്കിയ മെനുവിലൂടെ എട്ട് പുതിയ പ്രോട്ടീൻ പാനീയങ്ങൾ അവതരിപ്പിച്ചത്. പ്രോട്ടീൻ സമ്പുഷ്ടമായ ഈ പാനീയങ്ങൾ ഷുഗർ ഫ്രീ ആയാണ് ബ്രാൻഡ് വിപണിയിൽ പരിചയപ്പെടുത്തിയത്. എന്നാൽ പരിശോധിച്ചപ്പോൾ ഇവയിൽ ഉയർന്ന തോതിൽ പഞ്ചസാരയടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായതായി ഹർജിക്കാർ ചൂണ്ടിക്കാണിക്കുന്നു. വാഷിങ്ടൺ, കാലിഫോർണിയ, ന്യൂയോർക്ക് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് ഉപഭോക്താക്കൾ ചേർന്നാണ് സ്റ്റാർബക്‌സിനെതിരെ പരാതി നൽകിയത്.

ചോക്ലേറ്റ് മിഠായികളായ റീസെസ് പീനട്ട് ബട്ടർ കപ്പുകളിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയേക്കാൾ കൂടുതൽ പഞ്ചസാര ഒരു വെന്റി ഷുഗർ-ഫ്രീ പ്രോട്ടീൻ പാനീയത്തിലുണ്ടെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു. യു.എസ് ഫെഡറൽ മാനദണ്ഡങ്ങൾ അനുസരിച്ച് 12 ഔൺസ് വരുന്ന ഒരു പാനീയത്തിൽ 0.5 ഗ്രാമിൽ കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിൽ അതിനെ ഷുഗർ ഫ്രീ എന്ന് വിശേഷിപ്പിക്കാൻ പാടില്ല. എന്നാൽ ഈ പരിധി വൻതോതിൽ ലംഘിച്ചുകൊണ്ടാണ് സ്റ്റാർബക്‌സ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചത്. വിപണിയിൽ ഷുഗർ ഫ്രീ എന്ന പേരിൽ വിറ്റഴിച്ച ഷുഗർ-ഫ്രീ വാനില പ്രോട്ടീൻ ലാറ്റെ, ഷുഗർ-ഫ്രീ കാരമൽ പ്രോട്ടീൻ ലാറ്റെ, ഷുഗർ-ഫ്രീ വാനില പ്രോട്ടീൻ മാച്ച, ഷുഗർ-ഫ്രീ കാരമൽ പ്രോട്ടീൻ മാച്ച എന്നീ എട്ട് ജനപ്രിയ പ്രോട്ടീൻ പാനീയങ്ങളും അവയുടെ ഐസ്ഡ് പതിപ്പുകളുമാണ് നിയമനടപടി നേരിടുന്നത്

പാനീയങ്ങളിൽ ചേർത്തിരിക്കുന്ന കാരമൽ സിറപ്പുകൾ പൂർണ്ണമായും ഷുഗർ ഫ്രീ ആണെന്നും അധിക പഞ്ചസാരയൊന്നും ചേർത്തിട്ടില്ലെന്നുമാണ് സ്റ്റാർബക്‌സിന്റെ വാദം. പാനീയത്തിൽ അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെ അളവ് അവയുണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രോട്ടീൻ അടങ്ങിയ പാലിലെ പ്രകൃതിദത്ത ഘടകമായ ലാക്ടോസ് മൂലം ഉണ്ടാകുന്നതാണെന്ന് കമ്പനി വിശദീകരിക്കുന്നു.തങ്ങളുടെ വെബ്സൈറ്റിലും ആപ്പിലും പോഷകാഹാര വിവരങ്ങളും കലോറി അടക്കമുള്ള വിവരങ്ങളും കൃത്യമായി നൽകിയിട്ടുണ്ടെന്നും, കോടതിയിൽ കേസിനെ ശക്തമായി നേരിടുമെന്നും സ്റ്റാർബക്‌സ് വക്താവ് വ്യക്തമാക്കി.

എന്നാൽ, പ്രകൃതിദത്തമായ പഞ്ചസാരയാണെങ്കിൽ പോലും ഷുഗർ ഫ്രീ എന്ന് ഉൽപ്പന്നത്തിന് പേരിടുന്നത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കലാണെന്ന് പരാതിക്കാർ വാദിക്കുന്നു. പ്രമേഹരോഗികളും, കാർബോഹൈഡ്രേറ്റും മധുരവും നിയന്ത്രിക്കുന്നവരുമായ ആളുകൾ ഷുഗർ ഫ്രീ എന്ന ലേബൽ കണ്ട് ഇത്തരം പാനീയങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് വഴി വലിയ ആരോഗ്യപ്രശ്‌നങ്ങൾ നേരിടേണ്ടി വരുമെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ച സ്റ്റാർബക്‌സ് തെറ്റായ പരസ്യങ്ങളിലൂടെ ലാഭമുണ്ടാക്കിയെന്ന് ഹർജിക്കാർ ആരോപിക്കുന്നു.

നിയമപ്രകാരമുള്ള നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്തപക്ഷം ഉൽപ്പന്നങ്ങൾക്ക് 'ഷുഗർ ഫ്രീ' എന്ന പേര് ഉപയോഗിക്കുന്നത് കോടതി തടയണം. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം കണ്ട് പണം ചെലവാക്കിയ അമേരിക്കൻ ഉപഭോക്താക്കൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം. പേരിൽ ഷുഗർ ഫ്രീ എന്ന് അവകാശപ്പെടുമ്പോൾ നൽകേണ്ട നിർബന്ധിത മുന്നറിയിപ്പുകളോ ഡിസ്‌ക്ലൈമറുകളോ കഫേ മെനുകളിൽ ഉൾപ്പെടുത്തിയിട്ടില്ല എന്ന ഗുരുതര വീഴ്ചയും ഹർജിയിൽ ഉയർത്തിക്കാട്ടുന്നു.

ഭക്ഷണസാധനങ്ങളിലെ പ്രകൃതിദത്ത പഞ്ചസാരയും കൃത്രിമമായി ചേർക്കുന്ന പഞ്ചസാരയും തമ്മിലുള്ള വ്യത്യാസം കാണിക്കാതെ സീറോ ഷുഗർ, ഷുഗർ ഫ്രീ എന്ന് പരസ്യം ചെയ്യുന്നത് ആഗോള തലത്തിൽ തന്നെ വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുന്ന സമയത്താണ് സ്റ്റാർബക്‌സും സമാനമായ കുരുക്കിൽപ്പെട്ടിരിക്കുന്നത്.