
റോഡുവക്കിലെ പെട്ടിക്കടകളില്‍ മുതല്‍ വമ്പന്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലെ റാക്കുകളില്‍ വരെ ബിസ്‌ക്കറ്റ് കൂട്ടങ്ങള്‍ക്കിടയില്‍ സ്ഥിരം സാന്നിധ്യമായ ഒരു ബ്രാന്‍ഡ്, എവിടെ കണ്ടാലും തിരിച്ചറിയാന്‍ പറ്റുന്ന ഓമനത്തം തോന്നുന്ന കുഞ്ഞുമുഖം പതിച്ച വരകള്‍ നിറഞ്ഞ മഞ്ഞ കവര്‍. പാര്‍ലേ ജി എന്നാല്‍ ഇന്ത്യാക്കാര്‍ക്ക് വെറും ബിസ്‌ക്കറ്റ് മാത്രമല്ല, കുട്ടിക്കാലത്തിന്റെ ഗൃഹാതുരമായ ഓര്‍മ കൂടിയാണ്. നിങ്ങളൊരു ഇന്ത്യക്കാരനാണോ, എങ്കില്‍ പാര്‍ലേ ജി ബിസ്‌ക്കറ്റ് കഴിക്കാതിരിക്കാന്‍ യാതൊരു സാധ്യതയുമില്ലെന്നാണ് പറയുക. വിപണിയിലിറങ്ങി നൂറ്റാണ്ടിനോടടുക്കുമ്പോള്‍ കേവലം ഒരു ബിസ്‌ക്കറ്റ് എന്നതിനുമപ്പുറം വളര്‍ന്നിരിക്കുന്നു പാര്‍ലേ ജി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ അവരുടെ ഇഷ്ടങ്ങളിലേക്ക് ചേര്‍ത്തുവെച്ച ഒരു രുചി, വര്‍ഷമിത്ര കഴിഞ്ഞിട്ടും രൂപത്തിലും വിലയിലും യാതൊരു മാറ്റവും വരാത്ത ഒരു ഉത്പന്നം.. ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന ബിസ്‌ക്കറ്റ് ബ്രാന്‍ഡായി പാര്‍ലേ ജി എങ്ങനെയാണ് മാറിയത്? എന്താണ് പാര്‍ലേ ജിയുടെ കഥ?
ബിസ്‌ക്കറ്റ്-സമ്പന്നരുടെ പലഹാരം
Also Read
മോഹന്‍ലാല്‍ ദയാല്‍ ചൗഹാന്‍ എന്ന ബിസ്സിനസ്സുകാരന്‍ യൂറോപ്പിലേക്ക് നടത്തിയ ഒരു യാത്രയാണ് പാര്‍ലേ ഹൗസില്‍ നിന്നുള്ള ബിസ്‌ക്കറ്റിന്റെ പിറവിയിലേക്ക് നയിച്ചത്. ഗുജറാത്തിലെ പാര്‍ദിയില്‍ നിന്നുള്ള ബിസിനസ്സുകാരനായിരുന്നു മോഹന്‍ലാല്‍. ഇന്ത്യ ബ്രിട്ടീഷ് ആധിപത്യത്തിലായിരുന്ന കാലത്ത് തന്നെ സ്വയം ഒരു സംരംഭകനായി തനിക്ക് മാറണം എന്ന ചിന്ത മോഹന്‍ലാലിനുണ്ടായിരുന്നു. അതുകൊണ്ടാണ് അദ്ദേഹം മുംബൈയിലേക്ക് താമസം മാറിയത്. ആദ്യകാലത്ത് പട്ട് ബിസിനസ്സായിരുന്നു അദ്ദേഹം നോക്കിയിരുന്നത്. എന്നാല്‍ ഇത് അത്രകണ്ട് വിജയിക്കാത്തതിനെ തുടര്‍ന്ന് പലഹാരക്കച്ചവടം ആരംഭിച്ചു. അന്ന് 12 പേര്‍ മാത്രമായിരുന്നു മോഹന്‍ലാലിന്റെ പലഹാര ഫാക്ടറിയിലുണ്ടായിരുന്നത്. ജീവനക്കാരെല്ലാവരും ചൗഹാന്‍ കുടുംബത്തില്‍ നിന്നുണ്ടായിരുന്നവരായിരുന്നു. ബണ്‍, ബ്രെഡ്, റസ്‌ക്, നാന്‍കടായ് തുടങ്ങിയ പലഹാരങ്ങളായിരുന്നു ആദ്യകാലത്ത് മോഹന്‍ലാല്‍ നിര്‍മിച്ചിരുന്നത്. കച്ചവടം മെച്ചപ്പെടുത്താനുള്ള സാങ്കേതിക വിദ്യകളും പുതിയ തന്ത്രങ്ങളും തേടിയാണ് മോഹന്‍ലാല്‍ യൂറോപ്പിലേക്ക് യാത്ര ചെയ്തത്. അന്ന് 60000 രൂപ ചെലവഴിച്ച് ജര്‍മനിയില്‍ നിന്നുള്ള മെഷീനുകള്‍ വരെ മോഹന്‍ലാല്‍ മുംബൈയിലേക്ക് എത്തിച്ചിരുന്നു. വിലയേറിയ ബ്രീട്ടീഷ് സ്‌നാക്കുകള്‍ക്ക് പകരം എന്ന നിലയ്ക്കാണ് പാര്‍ലേ ജി ബിസ്‌കറ്റ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.
യൂറോപ്യന്‍ രാജ്യങ്ങളിലെ വീടുകളില്‍ മധുരമുള്ള ഒരു ചെറുപലഹാരം ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കിയ മോഹന്‍ലാല്‍ തന്റെ നാട്ടിലും ഇത്തരമൊന്ന് ആരംഭിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയായിരുന്നു. യൂറോപ്പില്‍ ആ പലഹാരം സമ്പന്ന കുടുംബങ്ങളില്‍ മാത്രമായിരുന്നു വ്യാപകമായി ഉപയോഗിച്ചുവന്നത്. എന്നാല്‍ എല്ലാ ഇന്ത്യന്‍ കുടുംബങ്ങളിലേക്കും താന്‍ പുറത്തിറക്കുന്ന ബിസ്‌ക്കറ്റ് എത്തിക്കണമെന്നായിരുന്നു മോഹന്‍ലാലിന്റെ ലക്ഷ്യം. അതിനായി അദ്ദേഹം പരിശ്രമിക്കുകയും പാര്‍ലേ ഹൗസില്‍ നിന്ന് ആദ്യത്തെ ബിസ്‌ക്കറ്റ് പുറത്തിറക്കുകയും ചെയ്തു.
മോഹന്‍ലാല്‍ ദയാല്‍ ചൗഹാന്‍ 1929ലാണ് പാര്‍ലേ കമ്പനിക്ക് തുടക്കം കുറിച്ചത്. മുംബൈയിലെ വിലേ പാര്‍ലേയില്‍ ആയിരുന്നു അവരുടെ ആദ്യത്തെ കമ്പനി. ഈ സ്ഥലപ്പേര് തന്നെയാണ് പാര്‍ലേ ജി എന്ന പേരിലേക്കും നയിച്ചത്. വിലേ പാര്‍ലേയിലെ ആദ്യ ഫാക്ടറിയില്‍ നിന്ന് പലതരം മധുരപലഹാരങ്ങളുണ്ടാക്കി തുടങ്ങിയ കമ്പനി 1938ല്‍ ആദ്യമായി അവരുടെ ബിസ്‌ക്കറ്റ് നിര്‍മിച്ചു. 'പാര്‍ലേ ഗ്ലൂക്കോ' എന്നായിരുന്നു ആ ബിസ്‌ക്കറ്റിന്റെ പേര്. അതായിരുന്നു പാര്‍ലേ ഹൗസിന്റെ ഗ്രേറ്റ് ബിസ്‌ക്കറ്റ് യാത്രയുടെ തുടക്കം. വൈല്‍ പാര്‍ലേയിലെ ഫാക്ടറി 2016ല്‍ അടച്ചെങ്കിലും ഇതുവഴി പോകുമ്പോള്‍ അനുഭവിക്കുന്ന ഫ്രഷ് ബിസ്‌ക്കറ്റിന്റെ ഗന്ധത്തെ കുറിച്ച് ഇപ്പോഴും ആളുകള്‍ ഓര്‍ത്തെടുക്കുന്നുണ്ട്.

കുക്ക്, മാനേജര്‍, എഞ്ചിനീയര്‍, അക്കൗണ്ടന്റ് തുടങ്ങി കമ്പനിയിലെ എല്ലാ ജോലികളും നോക്കിയിരുന്നത് ആദ്യത്തെ 12 പേര്‍ ചേര്‍ന്നായിരുന്നു. ബിസിനസ് പച്ചപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ കമ്പനിക്ക് പേര് കൊടുക്കാന്‍ ചൗഹാന്‍ കുടുംബം മറന്നുപോയിരുന്നു. ആദ്യത്തെ ഉത്പന്നമാണ് 'ഓറഞ്ച് മിഠായി' പുറത്തിറക്കിയതിന് ശേഷമാണ് കമ്പനിക്ക് പേര് കൊടുക്കുന്നതിനെ കുറിച്ച് അവര്‍ ആലോചിച്ചത്. അങ്ങനെയാണ് കമ്പനി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് കമ്പനിയുടെ പേരായി മാറിയത്. ഇര്‍ളയ്ക്കും പാര്‍ലെയ്ക്കും ഇടയിലായിരുന്നു ഫാക്ടറി സ്ഥിതി ചെയ്തിരുന്നത്. തുടക്കത്തില്‍ പലതരം മിഠായികളാണ് പാര്‍ലേ പുറത്തിറക്കിയത്. കമ്പനി ആരംഭിച്ച് 10 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവരുടെ ഐക്കോണിക് ഉത്പന്നമായ പാര്‍ലേ ബിസ്‌ക്കറ്റ് പുറത്തിറങ്ങിയത്.

'ദേശസ്‌നേഹത്തിന്റെ രുചി'
കൊതിയൂറുന്ന പലഹാരങ്ങളുള്‍പ്പെടെ ഭക്ഷണസാധനങ്ങള്‍ പലതും വിദേശരാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്തിരുന്ന കാലത്തായിരുന്നു 'സ്വദേശി' മുന്നേറ്റത്തിന്റെ ചുവടുപിടിച്ച് മോഹന്‍ലാല്‍ ബിസ്‌ക്കറ്റ് എന്ന സവിശേഷമായ ഒരു പലഹാരം ഇന്ത്യയില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. ഇന്ത്യയില്‍ നിര്‍മിക്കുന്നതിനെ പിന്തുണയ്ക്കുകയും ഇന്ത്യന്‍ നിര്‍മ്മിത ഉത്പന്നങ്ങളെ വ്യാപിപ്പിക്കുകയും ചെയ്യുന്നതായിരുന്നു സ്വദേശിവത്കരണത്തിന്റെ ആദ്യഘട്ടം. മഹാത്മാഗാന്ധി തുടങ്ങിവെച്ച ഈ മുന്നേറ്റത്തിന്റെ ഭാഗമായാണ് മോഹന്‍ലാല്‍ യൂറോപ്പില്‍ കണ്ടുപഠിച്ച രുചി ഇന്ത്യയിലേക്കെത്തിച്ചത്. പാര്‍ലേ ഹൗസില്‍ നിന്ന് ബിസ്‌ക്കറ്റുകള്‍ വിപണിയിലേക്കെത്താന്‍ തുടങ്ങിയതോടെ വിദേശത്ത് നിന്നുള്ള, പ്രത്യേകിച്ച് ബ്രിട്ടണില്‍ നിന്നുള്ള ബിസ്‌ക്കറ്റുകള്‍ക്ക് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ പ്രിയം കുറഞ്ഞുതുടങ്ങി. അക്കാലത്ത് വിദേശബിസ്‌ക്കറ്റുകള്‍ക്ക് വലിയ വിലയായിരുന്നു ഇന്ത്യന്‍ വിപണിയിലുണ്ടായിരുന്നത്. ആ പ്രശ്‌നങ്ങളെ പരിഹരിച്ചുകൊണ്ടാണ് പാര്‍ലേ ബിസ്‌ക്കറ്റ് വിപണിയിലിറങ്ങിയത്. പുതിയ രുചിയെ ഇന്ത്യന്‍ ഉപഭോക്താക്കളും ഏറ്റെടുത്തു. 1947ല്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയതിന് പിന്നാലെ പാര്‍ലേ അവരുടെ ആദ്യത്തെ പരസ്യ ക്യാംപയിനും പുറത്തിറക്കി. ബ്രിട്ടീഷ് ബിസ്‌ക്കറ്റ് ബ്രാന്‍ഡുകള്‍ക്ക് പകരം വെയ്ക്കാവുന്നതാണ് തങ്ങള്‍ പുറത്തിറക്കിയ ഗ്ലൂക്കോ ബിസ്‌ക്കറ്റുകള്‍ എന്ന തരത്തിലായിരുന്നു ആദ്യ പരസ്യ ക്യാംപയ്ന്‍ നടന്നത്. ഇത് ഫലം കണ്ടു. ആളുകള്‍ ഗ്ലൂക്കോ ബിസ്‌ക്കറ്റിനെ ഏറ്റെടുക്കാനും തുടങ്ങി.
ബിസ്‌ക്കറ്റ് കണ്ടോ കേട്ടോ രുചിച്ചോ പരിചയമില്ലാത്ത ഇന്ത്യയില്‍ ബിസ്‌ക്കറ്റ് ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാക്കി മാറ്റിയതിന് പിന്നില്‍ പാര്‍ലേ ജി ആണെന്ന് പറയാതെ വയ്യ. കൃത്രിമ ഫ്‌ളേവറുകളോ, ക്രീമോ, ഡ്രൈഫ്രൂട്ട്‌സുകളോ ചോക്ലേറ്റ് തരികളോ തുടങ്ങി യാതൊരു തരത്തിലുള്ള 'അലങ്കാരങ്ങളും' പാര്‍ലേ അവരുടെ പാര്‍ലേ ജി ബിസ്‌ക്കറ്റില്‍ ചേര്‍ക്കുന്നില്ല. ചതുരാകൃതിയിലുള്ള ബിസ്‌ക്കറ്റിന് മേലെ ആലേഖനം ചെയ്ത 'പാര്‍ലേ ജി' എന്ന പേരും അതിനുചുറ്റുമുള്ള ചെറിയ ഡിസൈനുമാണ് അന്നുമുതല്‍ ഇന്നുവരെ പാര്‍ലേ ജിയുടെ രൂപം. മഞ്ഞ നിറത്തിലുള്ള പുറംകവറിനും ഇതുവരെ മാറ്റമൊന്നും കമ്പനി വരുത്തിയിട്ടില്ല. പാര്‍ലേ ഹൗസ് ദശാബ്ദങ്ങളായി തുടരുന്നത് ഒരേ ബിസ്‌ക്കറ്റ് നിര്‍മാണരീതി കൂടിയാണ്. ഗോതമ്പുപൊടി, പാല്‍പ്പൊടി, പഞ്ചസാര, ഉപ്പ്, പാം ഓയില്‍, പ്രിസര്‍വേറ്റീവ് എന്നിവ നിശ്ചിത രീതിയില്‍ സംയോജിപ്പിച്ച് 280 ഡിഗ്രി സെല്‍ഷ്യസില്‍ എട്ട് മിനുട്ട് ബേക്ക് ചെയ്താണ് ബിസ്‌ക്കറ്റ് ഉണ്ടാക്കിയെടുക്കുന്നത്. പാര്‍ലേ ഹൗസില്‍ നിന്ന് പലതരം ബിസ്‌ക്കറ്റുകള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും പാര്‍ലേ ജി ബിസ്‌ക്കറ്റിന്റെ രൂപത്തിനോ രുചിക്കോ ഒരിക്കലും മാറ്റം വന്നിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ഗോതമ്പിന് വലിയ ക്ഷാമം നേരിട്ടിരുന്നു. പാര്‍ലേ ജിക്ക് അവരുടെ ഗോതമ്പ് ബിസ്ക്കറ്റ് പുറത്തിറക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെക്കേണ്ടി വന്നെങ്കിലും അക്കാലത്ത് ബാര്‍ളി കൊണ്ടുണ്ടാക്കിയ ബിസ്ക്കറ്റ് പുറത്തിറക്കി കൊണ്ടായിരുന്നു കമ്പനി പ്രതിസന്ധിയെ നേരിട്ടത്. പാര്‍ലേ ജി ബിസ്‌ക്കറ്റ് പാക്കറ്റിന് മുകളിലെ കുട്ടിയുടെ മുഖത്തെ ചൊല്ലി പലതരം വ്യാഖ്യാനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. എന്നാല്‍ മഗന്‍ലാല്‍ ദയ്യ എന്ന ആര്‍ട്ടിസ്റ്റ് 1960ല്‍ വരച്ച സാങ്കല്‍പിക ചിത്രം മാത്രമാണ് കുട്ടിയുടേതെന്ന് പാര്‍ലേ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

വിപണിയിലെ പാര്‍ലേ 'കൊടുങ്കാറ്റുകള്‍
1985കള്‍ വരെ പാര്‍ലേ ബിസ്‌ക്കറ്റിനെ പാര്‍ലേ ഗ്ലൂക്കോ എന്നായിരുന്നു വിളിച്ചിരുന്നത്. പാര്‍ലേ ജിയിലെ ജി ഫോര്‍ ഗ്ലൂക്കോസ് എന്നായിരുന്നുവെന്നാണ് കമ്പനി പറയുന്നത്. എന്നാല്‍ പരസ്യ ക്യാംപയിനുകളുടെ ഭാഗമായി ജി എന്നാല്‍ ജീനിയസ് എന്ന് വിളിക്കപ്പെട്ടു. ഇന്ന് പാര്‍ലേ ജി കവറിന് പുറത്ത് 'ജി ഫോര്‍ ജീനിയസ്' എന്ന വാക്യവും കാണാം. വിപണി പിടിച്ച് വളരാന്‍ തുടങ്ങുന്നതിനിടെ 90കളില്‍ പുറത്തിറങ്ങിയ ഒരു പരസ്യമാണ് പാര്‍ലേ ജിക്ക് വമ്പന്‍ കുതിപ്പേകിയത്. 90കളില്‍ കത്തി നിന്നിരുന്ന ശക്തിമാനെ കൂട്ടുപിടിച്ച് തയ്യാറാക്കിയതായിരുന്നു ആ പരസ്യം. ഒറ്റ പരസ്യം കൊണ്ട് 50 ടണ്ണില്‍ നിന്ന് 2000 ടണ്‍ ആയി പാര്‍ലേജിയുടെ വില്‍പന കുതിച്ചുയര്‍ന്നു. 2011ല്‍ നീല്‍സെന്‍ സര്‍വേ നടത്തിയ ഒരു പഠനം പറയുന്നത് ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബിസ്‌ക്കറ്റ് ബ്രാന്‍ഡ് പാര്‍ലേ ജി ആണെന്നാണ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 5000 കോടി രൂപയുടെ വില്‍പന നടന്ന ഉപഭോക്ത ഉത്പന്നം പാര്‍ലേ ജി ആണെന്ന് 2013ല്‍ നടന്ന മാര്‍ക്കറ്റ് സ്റ്റഡിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആദ്യകാലത്ത് ശക്തിമാന്‍ പരസ്യമാണ് പാര്‍ലേ ജിക്ക് മാര്‍ക്കറ്റില്‍ വമ്പന്‍ കുതിച്ചുചാട്ടം നല്‍കിയതെങ്കില്‍ അടുത്തിടെ കോവിഡ് ആണ് പാര്‍ലേ ജിയുടെ മാര്‍ക്കറ്റ് സെയില്‍ ഉയര്‍ത്തിയ മറ്റൊരു കാരണം. കോവിഡ് കാലത്ത് പകര്‍ച്ചവ്യാധിയെ ഭയപ്പെട്ട ആളുകള്‍ക്ക് പുറത്തിറങ്ങാനോ ജോലി ചെയ്യാനോ സാധിക്കാതെ ആയി. തൊഴിലില്ലായ്മയും കൂടിയതോടെ സാമ്പത്തിക പ്രശ്‌നങ്ങളും രൂക്ഷമായി. പ്രതിസന്ധികളെ നേരിടാന്‍ സര്‍ക്കാര്‍, സന്നദ്ധ സംഘടനകള്‍ നല്‍കിയ റിലീഫ് കിറ്റുകളില്‍ പ്രധാന ഇനം കുട്ടികള്‍ക്കുള്ള ബിസ്‌ക്കറ്റ് ആയിരുന്നു. അതിനായി ആളുകള്‍ ഏറ്റവും കൂടുതല്‍ ആശ്രയിച്ചച് പാര്‍ലേ ജി ബിസ്‌ക്കറ്റ് ആയിരുന്നു. പരിചിതമായ ബ്രാന്‍ഡ് എന്നതിനൊപ്പം വിശ്വാസമുള്ള ബ്രാന്‍ഡ് എന്നതും കോവിഡ് കാലത്തെ പാര്‍ലേ ജിയുടെ വളര്‍ച്ചയെ സ്വാധീനിച്ചു. കൂടുതല്‍ കാലം സൂക്ഷിച്ചുവെക്കാന്‍ പറ്റുന്ന ഒന്നാണ് ബിസ്‌ക്കറ്റുകള്‍ എന്നതും ബിസ്‌ക്കറ്റുകളോടുള്ള ആളുകളുടെ പ്രിയം വര്‍ധിപ്പിക്കുന്നു. കോവിഡ് കാലത്ത് പാര്‍ലേ ജിക്ക് വമ്പന്‍ ഡിമാന്‍ഡാണുണ്ടായിരുന്നതെങ്കിലും ഇന്ത്യയില്‍ നിന്ന് അതിര്‍ത്തികടന്നുപോവുന്ന കുടിയേറ്റക്കാര്‍ക്ക് 30 മില്ല്യണ്‍ പാക്കറ്റ് ബിസ്‌ക്കറ്റാണ് പാര്‍ലേ ജി വിതരണം ചെയ്തത്. ഇത് പാര്‍ലേ ജിയുടെ സല്‍പ്പേരും ഉയര്‍ത്തി. ലോക്ക് ഡൗണ്‍ കാലത്തെ പാര്‍ലേ ജിയുടെ ഓഹരി വില അഞ്ച് ശതമാനമാണ് വര്‍ധിച്ചത്. അതിന് മുന്‍പ് സുനാമി കാലത്തും ഭൂചലനം നാശം വിതച്ചപ്പോഴും പാര്‍ലേ ജി വില്‍പന കുത്തനെ ഉയര്‍ന്നിരുന്നു.

ഇന്ത്യയുടെ സ്വന്തം ബിസ്‌ക്കറ്റ് എന്നാണ് പാര്‍ലേ ജി അറിയപ്പെടുന്നത്. ഞങ്ങള്‍ ഇന്ത്യയ്ക്ക് എന്താണ് നല്‍കിയത്, അത് ഇരട്ടി സ്‌നേഹത്തോടെ രാജ്യം തിരിച്ചുനല്‍കുന്നു. പാര്‍ലേ ജി ഞങ്ങളുടെ ഉത്പന്നമല്ല, ഉപഭോക്താക്കളുടെ ഉത്പന്നമാണ്. പാര്‍ലേയുടെ ഓരോ ബിസ്‌ക്കറ്റിനൊപ്പവും ഓരോ കഥ കൂടിയാണുള്ളത്.- പാര്‍ലേ സീനിയര്‍ കാറ്റഗറി ഹെഡ്ഡായ മായങ്ക് ഷാ
5000 കോടിയാണ് ഇന്ന് പാര്‍ലേ ജിയുടെ വിപണിമൂല്യം. ഇന്ത്യയില്‍ 120 ഫാക്ടറികളാണ് പാര്‍ലേ ജിക്കുള്ളത്. പ്രതിദിനം 400 മില്ല്യണ്‍ ബിസ്‌ക്കറ്റുകള്‍ ഈ ഫാക്ടറികളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. മാസത്തില്‍ 1 ബില്ല്യണ്‍ പാര്‍ലേ ജി പാക്കറ്റുകളാണ് കമ്പനി പുറത്തിറക്കുന്നത്. യു.എ.ഇ ഉള്‍പ്പെടെ 100 രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ പാര്‍ലേ ബിസ്‌ക്കറ്റുകള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ മാത്രം 70 ലക്ഷം കടകളില്‍ പാര്‍ലേ ജി വില്‍പന നടത്തുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്. സമ്പന്നരെ പോലെതന്നെ പാവപ്പെട്ടവര്‍ക്കും തങ്ങളുടെ ബിസ്‌ക്കറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രണ്ട് രൂപയുടേതുള്‍പ്പെടെയുള്ള പാക്കറ്റുകളാണ് പാര്‍ലേ ജി പുറത്തിറക്കുന്നത്.

മാംഗോ ബൈറ്റ്‌സ്, പോപ്പിന്‍സ്, ക്രാക്ക് ജാക്ക്.. പാര്‍ലേ വളര്‍ന്ന വഴികള്‍
പാര്‍ലേ ജി മാത്രമല്ല, പാര്‍ലേ ഹൗസില്‍ നിന്ന് പുറത്തിറങ്ങുന്ന പല ഉത്പന്നങ്ങളും നമുക്ക് പ്രിയപ്പെട്ടവയാണ്. മാംഗോ ബൈറ്റ്‌സ്, പോപ്പിന്‍സ്, ക്രാക്ക് ജാക്ക്, ഹൈഡ് ആന്‍ഡ് സീക്ക്, ഫുള്‍ടോസ് തുടങ്ങിയ ഉത്പന്നങ്ങള്‍ അതില്‍ ചിലത് മാത്രം. 1939ല്‍ പര്‍ലേ ജി പുറത്തിറക്കിയ അതേവര്‍ഷം തന്നെയാണ് മൊണോകോ എന്ന ബിസ്‌ക്കറ്റും പാര്‍ലേ പുറത്തിറക്കിയത്. ഉപ്പുരുചിയുള്ള ബിസ്‌ക്കറ്റ് ആദ്യമായി പുറത്തിറക്കിയത് പാര്‍ലേ ആണ്. ബിസ്‌ക്കറ്റില്‍ മധുരം മാത്രം നുണഞ്ഞുശീലിച്ച ഇന്ത്യന്‍ ജനതയ്ക്ക് പുതുരുചിയായിരുന്നു മൊണോക്കോ. 1941നു ശേഷം, ബിസ്‌ക്കറ്റ് വ്യവസായ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ചുവടുറപ്പിച്ചതിന് പിന്നാലെ പാര്‍ലേ വ്യാവസായിക ആവശ്യങ്ങള്‍ക്കായി 250 അടി നീളമുള്ള ഭീമന്‍ ഓവന്‍ നിര്‍മിച്ചു. ഇന്ത്യ അതുവരെ കണ്ടതില്‍ ഏറ്റവും നീളം കൂടിയ ഓവനായിരുന്നു അന്ന് പാര്‍ലേ നിര്‍മിച്ചത്. പാര്‍ലേ പുറത്തിറക്കിയ മറ്റൊരു പരീക്ഷണമായിരുന്നു ചീസ്‌ലിങ്‌സ് എന്ന ചീസ് ബിസ്‌ക്കറ്റ്. 1966ലാണ് പാര്‍ലേ അവരുടെ എക്കാലത്തേയും ഹിറ്റ് മിഠായികളിലൊന്നായ പോപ്പിന്‍സ് പുറത്തിറക്കിയത്. ഒരേ കവറില്‍ പലരുചികളില്‍ പലനിറങ്ങളില്‍ ലഭിക്കുന്ന പോപ്പിന്‍സ് ചുരുങ്ങിയ നാളുകള്‍ കൊണ്ട്് ഇന്ത്യയില്‍ ഹിറ്റായി. 1966-70 കാലത്ത് പാര്‍ലേ ജെഫ്, 1972ല്‍ ക്രാക്ക് ജാക്ക് എന്നീ ബിസ്‌ക്കറ്റുകള്‍ പാര്‍ലേ പുറത്തിറക്കിയ മധുരവും ഉപ്പും രുചിക്കുന്ന ക്രാക്ക് ജാക്ക് മാര്‍ക്കറ്റിലെത്തിയ പുതുമയുള്ള ഉത്പന്നമായിരുന്നു. ഇതേ കാലത്ത് പ്രശസ്തമായ മോണ്ടേ സെലക്ഷന്‍ അവാര്‍ഡും പാര്‍ലേയ്ക്ക് ലഭിച്ചു. ഗുണവും വിശ്വാസ്യതയും ഉറപ്പാക്കുന്ന ഉത്പന്നങ്ങള്‍ക്കാണ് മോണ്ടെ അവാര്‍ഡ് ലഭിക്കുക. ഇതോടെ ഇന്ത്യയില്‍ നിന്ന് ഈ അവാര്‍ഡ് ആദ്യമായി ലഭിച്ച കമ്പനിയായി പാര്‍ലേ മാറി. 1981-85 കാലത്താണ് പാര്‍ലേ ഗ്ലൂക്കോ എന്ന ബിസ്‌ക്കറ്റ് പേരുമാറി പാര്‍ലേ ജി ആയത്. ജി. എന്നാല്‍ ഗ്ലൂക്കോ ആണെന്ന് കമ്പനി അക്കാലത്ത് വ്യക്തമാക്കിയിരുന്നു. 1983 മുതല്‍ 86വരെയുള്ള കാലഘട്ടത്തിലാണ് മെലഡി, മാംഗോ ബൈറ്റ്‌സ് എന്നീ ഹിറ്റ് ടോഫികളും മിഠായികളും പാര്‍ലേ പുറത്തിറക്കിയത്. ബിസ്‌ക്കറ്റില്‍ ചോക്ലേറ്റ് രുചി ചാലിച്ചുള്ള ജനപ്രിയ ഉത്പന്നമായ ഹൈഡ് ആന്റ് സീക്ക് ബിസ്‌ക്കറ്റ് പാര്‍ലേ പുറത്തിറക്കിയത് 1996ലാണ്. രണ്ടായിരത്തിന് ശേഷമാണ് 20-20, മാജിക്‌സ്, മസേലോ, ഹാപ്പി ഹാപ്പി, പാര്‍ലേ റസ്‌ക് തുടങ്ങിയ ഉത്പന്നങ്ങള്‍ പാര്‍ലേ വിപണിയിലെത്തിച്ചത്. ഇന്ന് ബിസ്‌ക്കറ്റ് വിഭാഗത്തില്‍ മാത്രം 15 ഉത്പന്നങ്ങളാണ് പാര്‍ലേ പുറത്തിറക്കുന്നത്. സ്വീറ്റ്‌സ്, കേക്ക്, സ്‌നാക്‌സ് തുടങ്ങിയ വിഭാഗങ്ങളിലായി 22 ഉത്പന്നങ്ങള്‍ പാര്‍ലേ വിപണിയിലെത്തിക്കുന്നു.

പലകമ്പനി, ഒറ്റപ്പേര്, വമ്പന്‍ വരുമാനം
മോഹന്‍ലാല്‍ ദയാല്‍ ചൗഹാന്റെ മരണത്തോടെ ബിസിനസ് അദ്ദേഹത്തിന്റെ അഞ്ച് മക്കളിലേക്കെത്തി. മനേക് ലാല്‍, പാതാംബര്‍, നരോത്തം, കാന്തിലാല്‍, ജയന്തിലാല്‍ എന്നിവരാണ് പിന്നീട് ബിസിനസ്സ് നോക്കിനടത്തിയത്. 77കളില്‍ മൊറാര്‍ജി സര്‍ക്കാര്‍ കൊക്കക്കോളയ്ക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതോടെ സോഫ്റ്റ് ഡ്രിങ്ക്‌സ് വിപണിയിലെത്തിക്കാനുള്ള സാധ്യതയും പാര്‍ലേ തിരിച്ചറിഞ്ഞു. ഇതില്‍ നിന്നാണ് തമ്പ്‌സ് അപ്, ഫ്രൂട്ടി, ഗോള്‍ഡ് സ്‌പോട്ട് തുടങ്ങിയ സോഫ്റ്റ് ഡ്രിങ്ക്‌സുകള്‍ പുറത്തിറങ്ങിയത്. നാല് സഹോദരരും ബിസ്‌ക്കറ്റ് ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ ജയന്തിലാല്‍ ചൗഹാന്‍ ബിവറേജ് സെക്ഷന്റെ ചുമതലയേറ്റെടുത്തു. പാര്‍ലേ അഗ്രോ എന്നായിരുന്നു ഇതിന്റെ പേര്. ഈ കമ്പനി പിന്നീട് രണ്ടായി വിഭജിക്കുകയും ജയന്തിലാലിന്റെ രണ്ട് മക്കള്‍ കമ്പനി മേല്‍നോട്ടം ഏറ്റെടുക്കുകയും ചെയ്തു. പാര്‍ലേ അഗ്രോ, പാര്‍ലേ ബിസ്‌ലെറി എന്നിവയായിരുന്നു അവ.
2023ലെ കണക്കുകള്‍ പ്രകാരം 2.2 ബില്ല്യണ്‍ അതായത് 17,223 കോടിയാണ് പാര്‍ലേ ജിയുടെ വരുമാനം. ഇന്ന് മൂന്നാം തലമുറയാണ് പാര്‍ലേ ജിയുടെ കടിഞ്ഞാണ്‍ കൈകാര്യം ചെയ്യുന്നത്. മോഹന്‍ലാല്‍ ദയാലിന്റെ ചെറുമകനായ വിജയ് ചൗഹാന്‍, രാജ് ചാഹാന്‍, ശരത് ചൗഹാന്‍ എന്നിവര്‍ ചേര്‍ന്നാണ് കമ്പനി നടത്തിപ്പ്. ഇന്ത്യയ്ക്ക് പുറമേ എട്ട് രാജ്യങ്ങളില്‍ പാര്‍ലേയ്ക്ക് ഫാക്ടറികളുണ്ട്. കാമറൂണ്‍, നൈജീരിയ, ഘാന, എത്യോപ്യ, കെനിയ, ഐവറി കോസ്റ്റ്, നേപ്പാള്‍, മെക്‌സിക്കോ എന്നിവയാണ് രാജ്യങ്ങള്‍.
1994ല്‍ ഒരു ചെറിയ പാക്കറ്റ് പാര്‍ലേ ജിയുടെ വില നാല് രൂപയായിരുന്നു. 2008 വരെ ഈ വില മാറ്റമില്ലാതെ തുടര്‍ന്നു. 2008 അവസാനത്തിലാണ് പാര്‍ലേ ജി അവരുടെ പാക്കറ്റ് വിലയില്‍ 50 പൈസയുടെ വര്‍ധനവ് വരുത്തിയത്. എന്നാല്‍ ഇത് വ്ല്‍പനയെ ബാധിച്ചതോടെ കമ്പനി പഴയ വിലയിലേക്ക് തിരിച്ചുപോയി. എന്നാല്‍ പാക്കറ്റിലെ ബിസ്‌ക്കറ്റിന്റെ എണ്ണം കുറച്ചു. 2021ല്‍ ഇതേ പാക്കറ്റിന് മേല്‍ ഒരു രൂപ വര്‍ധിപ്പിച്ച് വില 5 ആക്കി ഉയര്‍ത്തി. ഇന്ന് 1, 2, 3, 4, 5, 10, 20, 50 രൂപയുടെ പാര്‍ലേ പാക്കറ്റുകള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. 1-4 രൂപ പാക്കറ്റുകള്‍ ടയര്‍ 2-3 സിറ്റികളിലും റൂറല്‍ മാര്‍ക്കറ്റിലും മാത്രമാണ് ലഭ്യമാവുന്നത്.
Content Highlights: How Parle-G biscuits have been serving a taste of India since 1929
Published: 16 Jan 2024, 10:30 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented