ആയില്യ ഊട്ടിൽ പങ്കെടുത്തത് 12,000 പേർ

To advertise here,

അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ചൊവ്വാഴ്‌ച കന്നി ആയില്യം ആഘോഷിച്ചു. ദേവീദർശനത്തിനായി പുലർച്ചെ നാലുമുതൽതന്നെ ക്ഷേത്രത്തിലേക്ക് ഭക്തർ ഒഴുകിയെത്തി. മിഥുനം, കർക്കടകം മാസങ്ങളിൽ ചാന്താട്ടത്തിനായി അഴിച്ചുവെച്ച ആടയാഭരണങ്ങൾ ദേവി വീണ്ടും അണിഞ്ഞുതുടങ്ങുന്ന ദിവസംകൂടിയാണ് കന്നിമാസത്തിലെ ആയില്യം എന്നാണ് വിശ്വാസം.

ക്ഷേത്രം തന്ത്രി പന്തലകോട്ടത്ത് നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ ഉദയാസ്തമയപൂജ, കളഭം എന്നിവയായിരുന്നു രാവിലെനടന്ന താന്ത്രിക കർമങ്ങൾ. ഉച്ചയ്ക്കുനടന്ന വിഭവസമൃദ്ധമായ ആയില്യ ഊട്ടിൽ പന്ത്രണ്ടായിരത്തോളംപേർ പങ്കെടുത്തു. രാവിലെ 10.30-ന് തുടങ്ങി 3.30 വരെ ആയില്യ ഊട്ട് തുടർന്നു. നെന്മിനിശ്ശേരി രാമൻ നമ്പൂതിരി, മോഹനൻ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലാണ് വിഭവങ്ങൾ തയ്യാറാക്കിയത്. ശ്രീശൈലം ഹാളിലാണ് പ്രസാദവിതരണം നടന്നത്. ആയിരത്തോളം പേർക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സന്ധ്യക്ക് ചുറ്റുവിളക്കിന്റെ നിറദീപപ്രഭയിൽ ക്ഷേത്രനടകളും തിരുമുറ്റവും പ്രകാശപൂരിതമായി. ക്ഷേത്രം കഴകം ജീവനക്കാരൻ രാജൻ വാരിയരുടെ നേതൃത്വത്തിലാണ് അലങ്കാരമാലകൾ തയ്യാറാക്കിയത്.

രാവിലെ തിരുമുറ്റത്ത് അങ്ങാടിപ്പുറം സവിധം, കോഴിക്കോട് പുഷ്പാഞ്ജലി, അങ്ങാടിപ്പുറം ശ്രീരാഗം അക്കാദമി, പെരിന്തൽമണ്ണ ശിവശക്തി എന്നീ സംഘങ്ങളുടെ തിരുവാതിരക്കളി, നാദാർച്ചന ഭജൻസ് അങ്ങാടിപ്പുറം, ചിന്മയ മിഷൻ കോഴിക്കോട് എന്നിവരുടെ ഭക്തിഗാനസുധ എന്നിവ അരങ്ങേറി. വൈകീട്ട് ശ്രീശൈലം ഓഡിറ്റോറിയത്തിൽ അങ്ങാടിപ്പുറം ശ്രീരാഗം അക്കാദമിയുടെ മഹിഷാസുര മർദനം നൃത്താവിഷ്‌കാരവും, ശാസ്ത്രീയസംഗീതാലാപനവും തുടർന്ന് അങ്ങാടിപ്പുറം ശ്രീഭദ്ര നൃത്തകലാലയം അവതരിപ്പിച്ച ഘനസംഘം നൃത്താവിഷ്‌കാരവും ഹൃദ്യമായ കലാവിരുന്നായി.

തൂത ഹരിഗോവിന്ദൻ, പോരൂർ ഹരികൃഷ്ണൻ എന്നിവരുടെ ഇരട്ടത്തായമ്പക, കല്ലൂർ സന്തോഷിന്റെ നേതൃത്വത്തിൽ കേളി, കൊമ്പ്പറ്റ്, കുഴൽപറ്റ് എന്നീ പരിപാടികളും അരങ്ങേറി.

ആഘോഷപരിപാടികൾക്ക് ക്ഷേത്രം ട്രസ്റ്റ് കുടുംബാംഗങ്ങളും തിരുമാന്ധാംകുന്ന് ഭഗവതി ദേവസ്വം ജീവനക്കാരും നേതൃത്വംനൽകി.