കൽപ്പകഞ്ചേരി : ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന വൈലത്തൂർ ടൗൺ നവീകരണത്തിന് പ്രതീക്ഷയേകി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീറിന്റെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം വൈലത്തൂർ സന്ദർശിച്ചു. ടൗൺ വികസനവുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുക്കുന്നതിനും പൊന്മുണ്ടം-ഓവുങ്ങൽ ബൈപ്പാസ് നിർമാണത്തിനുമായി 13 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു.

To advertise here,

ടൗൺ വികസനത്തിനായി സ്ഥലം വിട്ടുനൽകുന്ന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ആവശ്യമായിവരുന്ന അധിക തുകയും പൊതുമരാമത്ത് വകുപ്പ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

പി.കെ. നവാസ് എം.എൽ.എ.യുടെ അഭ്യർഥനയെ തുടർന്നാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വൈലത്തൂർ സന്ദർശിച്ചത്. രാവിലെ 11.30 ഓടെ പൊന്മുണ്ടം പഞ്ചായത്ത് ഹാളിൽ ഉന്നതതല ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, സ്ഥലം ഏറ്റെടുക്കൽ ഉപസമിതി അംഗങ്ങൾ എന്നിവരുടെ യോഗം ചേർന്നു. തുടർന്ന് ടൗൺ വികസനത്തിന്റെ ഭാഗമായി ഏറ്റെടുക്കേണ്ട പ്രധാന സ്ഥലങ്ങൾ മന്ത്രിയുടെ നേതൃത്വത്തിൽ സംഘം നേരിട്ട് സന്ദർശിച്ചു.

ടൗൺ നവീകരണത്തിന് ആവശ്യമായ കൂടുതൽ നിർദേശങ്ങളും സാങ്കേതികസഹായവും നൽകുന്നതിനായി പൊതുമരാമത്ത് വകുപ്പ് സിറ്റി ഇംപ്രൂവ്മെൻ്റ് പ്രത്യേക സമിതി അംഗങ്ങളായ എം. ഷാജഹാൻ, വി.ആർ. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധസംഘം അടുത്ത 14-ന് വൈലത്തൂർ ടൗൺ സന്ദർശിക്കും. സംഘം തയ്യാറാക്കുന്ന റിപ്പോർട്ട് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് സമർപ്പിക്കും.

സ്ഥലം വിട്ടുനൽകുന്ന ഉടമകൾക്ക് കെട്ടിടങ്ങൾക്കും മറ്റ് സ്വത്തുക്കൾക്കും ഉണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പരിഹാരം നൽകുന്നതിനാവശ്യമായ എസ്റ്റിമേറ്റും അനുബന്ധ പ്രവർത്തനങ്ങളും പൊതുമരാമത്ത് വകുപ്പ് തന്നെ ഏറ്റെടുത്ത് നിർവഹിക്കുമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കി ഭരണാനുമതിക്കായി സമർപ്പിക്കുന്നതിന് പൊതുമരാമത്ത് റോഡ് വിഭാഗം എക്സിക്യുട്ടീവ് എൻജിനീയർ അബ്ദുൽ ഗഫൂറിന് മന്ത്രി നിർദേശം നൽകി.വൈലത്തൂർ ടൗണിലെ നിലവിലെ ഗതാഗതപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കാണുന്നതിനായി നേരത്തെ രൂപകൽപ്പന ചെയ്ത പൊന്മുണ്ടം-ഓവുങ്ങൽ ബൈപ്പാസ് പദ്ധതിക്കാണ് 13 കോടി രൂപയുടെ ധനസഹായം അനുവദിച്ചത്.

സ്ഥലം ഏറ്റെടുക്കലും നിർമാണവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കുന്നതിനും നിർദേശം നൽകി.പൊൻമുണ്ടം പഞ്ചായത്ത് ഹാളിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന വൈലത്തൂർ ടൗൺ സ്ഥല-കെട്ടിട ഉടമകൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്ത യോഗത്തിൽ പൊൻമുണ്ടം പഞ്ചായത്ത് പ്രസിഡൻറ്‌ ആർ. കോമുകുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സി. നൗഷാദ്, പൊതുമരാമത്ത് റോഡ്‌സ് വിഭാഗം അസിസ്റ്റൻറ്‌ എക്സിക്യുട്ടീവ് എൻജിനീയർ സിമി, പഞ്ചായത്ത് അസിസ്റ്റന്റ്‌ എൻജിനീയർ സി. വിമൽ രാജ്, വൈസ് പ്രസിഡൻറ്‌ അസ്‌മാബി പരേടത്ത് തുടങ്ങിയവർ പങ്കെടുത്തു.