പള്ളിക്കൽ : പട്ടയത്തിനുവേണ്ടിയുള്ള സാധാരണ ജനങ്ങളുടെ അനന്തമായ കാത്തിരിപ്പ് അവസാനിപ്പിക്കുമെന്ന് റവന്യൂവകുപ്പ് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. അധികാരമേറിയതിനുശേഷം ഇതുവരെയുമായി എണ്ണായിരത്തിലധികം പട്ടയം കൊടുത്തുകഴിഞ്ഞു. നൂറു ദിവസംകൊണ്ട് പതിനായിരത്തിലധികം പട്ടയങ്ങൾ കൊടുത്തുതീർക്കാനാകുമെന്നാണ് കരുതുന്നത്. പള്ളിക്കലിൽ പണിത സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി.

To advertise here,

പള്ളിക്കൽ പോലുള്ള വലിയ വില്ലേജുകളും പഞ്ചായത്തുകളും വിഭജിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ആലോചിക്കുകയാണെന്ന് മന്ത്രി ഇതുസംബന്ധിച്ച് ലഭിച്ച നിവേദനങ്ങൾക്ക് മറുപടിയായി പറഞ്ഞു.

വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനായി ഒരു സെന്റ് സ്ഥലം സൗജന്യമായി വിട്ടുനൽകിയ ഒറ്റപ്പിലാക്കൽ അബ്ദുൽ ലത്തീഫ്, പെരിഞ്ചീരി ഉമ്മാദിയക്കുട്ടി എന്നിവരെ മന്ത്രി ചടങ്ങിൽ ആദരിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ. അധ്യക്ഷത വഹിച്ചു.

പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹൻ, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.സി. അബ്ദുറഹിമാൻ, പള്ളിക്കൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സാബിറ പുളിയമ്പലത്ത്, വൈസ് പ്രസിഡന്റ് കെ.പി. സക്കീർ, ജില്ലാ പഞ്ചായത്തംഗം ഷെജിനി ഉണ്ണി, വി.പി. അബ്ദുൾ ഷുക്കൂർ, കെ.പി. മുസ്തഫ തങ്ങൾ, പി. സുഹറാബി മലപ്പുറം എ.ഡി.എം. പി.ഒ. സാദിഖ് തുടങ്ങിയവർ സംസാരിച്ചു.