ചികിത്സാപ്പിഴവെന്നാരോപിച്ച് ആശുപത്രിക്കു മുൻപിൽ നാട്ടുകാരുടെ പ്രതിഷേധം

To advertise here,

വണ്ടൂർ : പ്രസവത്തിനുശേഷം അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വണ്ടൂരിലെ സ്വകാര്യ ആശുപത്രിക്കു മുൻപിൽ നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം.

എറിയാട് കണ്ടമംഗലത്തെ പുതിയത്ത് ദിൽഷാദിന്റെ ഭാര്യ ഷബ്‌ന(34)യാണ് കഴിഞ്ഞദിവസം മരിച്ചത്. ഇക്കഴിഞ്ഞ മൂന്നിന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവിച്ച ഷബ്‌നയ്ക്ക് അമിത രക്തസ്രാവം ഉണ്ടാകുകയായിരുന്നു. പിന്നീട് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും ഇവിടെനിന്ന് കോഴിക്കോട്ടേക്കും മാറ്റിയെങ്കിലും യുവതി തിങ്കളാഴ്‌ച മരിച്ചു. വണ്ടൂരിലെ ആശുപത്രിയിൽ സംഭവിച്ച ചികിത്സാപ്പിഴവാണ് മരണകാരണമെന്നാരോപിച്ചാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും നേതൃത്വത്തിൽ ആശുപത്രിയിലേക്ക് മാർച്ച് നടത്തിയത്. സ്‌ത്രീകളടക്കമുള്ള പ്രതിഷേധക്കാരെ വണ്ടൂർ പോലീസ് ആശുപത്രി കവാടത്തിൽ തടഞ്ഞു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ഷംസുദ്ദീൻ, സി.ഐ. ഇ. ഗോപകുമാർ എന്നിവരുടെ സാന്നിധ്യത്തിൽ മാനേജ്‌മെന്റുമായി ചർച്ച നടത്തി. പ്രതിഷേധക്കാരുടെ ആവശ്യങ്ങൾക്ക് ഈമാസം 15-നു മുൻപായി മറുപടിനൽകാമെന്ന ധാരണയിലാണ് സമരം അവസാനിപ്പിച്ചത്.

സമരം തെറ്റിദ്ധാരണമൂലം -ആശുപത്രി മാനേജ്‌മെന്റ്

പ്രസവത്തെത്തുടർന്ന് യുവതി മരിച്ചത് ചികിത്സാപ്പിഴവ് മൂലമല്ലെന്നും തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണ് ആശുപത്രിക്കെതിരേയുള്ള സമരമെന്നും ആശുപത്രി മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

യുവതിയെ അടിയന്തര ചികിത്സയ്ക്കുശേഷം പെരിന്തൽമണ്ണയിലേക്ക് റഫർചെയ്തു. ഇവിടെവെച്ച് സർജറി നടത്തിയെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.

ഇവിടെ ചികിത്സയ്ക്കിടെയാണ് യുവതി മരിച്ചത്.

സമയബന്ധിതമായ ഇടപെടൽ നടത്തിയാൽപോലും അമിത രക്തസ്രാവം ചില കേസുകളിൽ ഗുരുതരമായ സങ്കീർണതകൾ വരുത്തുമെന്നും ആശുപത്രി മാനേജ്മെന്റ് വ്യക്തമാക്കി.