കാളികാവ് : മഴയുടെ അളവ് കുറഞ്ഞതോടെ ജില്ലയുടെ കിഴക്കൻ മലയോരമേഖലയിൽ ജലക്ഷാമത്തിന്റെ സൂചനകൾ പ്രകടമാകുന്നു.
മഴയുടെ ഇടവേളകൾ നീളുകയും പകൽച്ചൂട് കൂടുകയും ചെയ്തതോടെ മലമുകളിൽനിന്ന് ഉദ്‌ഭവിക്കുന്ന കാട്ടുചോലകളും ചെറുതോടുകളും വറ്റിത്തുടങ്ങി.
പ്രധാന പുഴകളിലും നീരൊഴുക്ക് കുറഞ്ഞതോടെ വരുംമാസങ്ങളിലെ ജലലഭ്യതയെക്കുറിച്ചുള്ള ആശങ്കയിലാണ് പ്രദേശവാസികൾ.
മലയോരത്തെ നിരവധി കാട്ടുചോലകളിലും തോടുകളിലും നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട്. ചാലിയാറിന്റെ പ്രധാന കൈവഴികളിലൊന്നായ കോട്ടപ്പുഴയിലും വെള്ളം കുറഞ്ഞു. ചിങ്കക്കല്ല് പുഴ, ചോക്കാടൻ പുഴ, അടയ്ക്കാക്കുണ്ട് ചെറുപുഴ, പരിയങ്ങാട്, കല്ലൻപുഴ എന്നിവയിലും നീരൊഴുക്ക് കുറഞ്ഞ നിലയിലാണ്.
പലഭാഗങ്ങളിലും പുഴകളിലെ ഒഴുക്ക് നേർത്ത നീർച്ചാലായി ചുരുങ്ങിയിട്ടുണ്ട്. ജൂൺ, ജൂലായ് മാസങ്ങളിൽ കാര്യമായ മഴ ലഭിക്കാതിരുന്നതും മഴയുടെ ഇടവേളകൾ വർധിച്ചതുമാണ് ജലസ്രോതസ്സുകളിലെ കുറവിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മഴ ലഭിച്ച അവസരങ്ങളിൽപ്പോലും ജലസ്രോതസ്സുകളിൽ ദീർഘകാലത്തേക്ക് വെള്ളം നിലനിൽക്കാത്ത സ്ഥിതിയാണുള്ളത്.
മലയോരമേഖലയിലെ കിണറുകളിലും ജലനിരപ്പ് താഴ്‌ന്നുതുടങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിനും കാർഷികാവശ്യങ്ങൾക്കും പുഴകളെയും കിണറുകളെയും ആശ്രയിക്കുന്ന കുടുംബങ്ങളെയാണ് ഇത് കൂടുതൽ ആശങ്കപ്പെടുത്തുന്നത്. മഴയെ ആശ്രയിച്ച് കൃഷി നടത്തിയിരുന്ന പ്രദേശങ്ങളിൽ വിളകൾക്ക് വെള്ളം നനച്ചുനൽകേണ്ട സാഹചര്യവുമുണ്ടായിട്ടുണ്ട്. മലയോരമേഖലയിൽ പകൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരുന്നതും സ്ഥിതി കൂടുതൽ ആശങ്കാജനകമാക്കുന്നു. മഴ ലഭിക്കുന്നതിന്റെ തോതും തുടർച്ചയുമാണ് മലയോരമേഖലയിലെ ജലസ്രോതസ്സുകളുടെ നില നിർണയിക്കുക. കാര്യമായ മഴ ലഭിച്ചില്ലെങ്കിൽ വേനൽക്കാലം തുടങ്ങുന്നതിനു മുൻപുതന്നെ കുടിവെള്ളക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയുണ്ടെന്നാണ് നാട്ടുകാരുടെ ആശങ്ക.
Published: 16 Sept 2026, 03:51 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented