പാലക്കാട്-കുളപ്പുള്ളി പാതയിലെ ഈസ്റ്റ് ഒറ്റപ്പാലത്തെ പാലം നിർമാണം മന്ദഗതിയിൽ

To advertise here,

ഒറ്റപ്പാലം: 'സി.പി.ആർ. കൊടുത്തുകൊണ്ട് രോഗിയെ കൊണ്ടുപോകുന്ന ആംബുലൻസ് ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപത്തെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. വളരെ പണിപ്പെട്ടാണ് ആംബുലൻസിനെ പാലംകടത്തിക്കൊടുത്തത്. ആശുപത്രിയിലെത്തി ജീവൻ രക്ഷപ്പെട്ടെന്ന് ഉറപ്പായപ്പോഴാണ് സമാധാനമായത്'. ഓണക്കാലത്ത് ഈസ്റ്റ് ഒറ്റപ്പാലം പാലത്തിന് സമീപം ട്രാഫിക് നിയന്ത്രിച്ചിരുന്ന ഒരു പോലീസുകാരന്റെ അനുഭവമാണിത്.

വാഹനങ്ങൾ ഏറെ സഞ്ചരിക്കുന്ന പാലക്കാട്-കുളപ്പുള്ളി പാതയിൽ ഈസ്റ്റ് ഒറ്റപ്പാലത്തെ പാലംനിർമാണം മന്ദഗതിയിലാണ്. ഒരു ചെറിയ തടസ്സമുണ്ടായാൽ ഒറ്റപ്പാലംപട്ടണവും ഈസ്റ്റ് ഒറ്റപ്പാലവും തിരക്കിലമരും. തിരക്കായാൽ വഴിതിരിച്ചുവിടാൻ ഒരു കൃത്യമായ ബൈപ്പാസ്‌പോലുമില്ല.

ഈസ്റ്റ് ഒറ്റപ്പാലത്ത് നിലവിലെ പാലത്തോടുചേർന്നാണ് പുതിയത് നിർമിക്കുന്നത്. പാലത്തിന്റെ കോൺക്രീറ്റിങ് പൂർത്തിയായതാണ്. ഇപ്പോൾ ഇരുവശത്തെയും അപ്രോച്ച് റോഡാണ് പണിയുന്നത്. അതിനായുള്ള സംരക്ഷണഭിത്തിനിർമാണം കഴിഞ്ഞിട്ടുണ്ട്. കുറച്ച് തൊഴിലാളികളെവെച്ച്, വളരെ സാവധാനം എത്രകാലം പണി നടക്കുമെന്ന ആശങ്കയിലാണ് യാത്രക്കാർ.

പൊതുമരാമത്ത് വകുപ്പിന് പറയാനുള്ളത്

നിർമാണത്തിന്റെ മെല്ലെപ്പോക്കിനെക്കുറിച്ച് ചോദിച്ചാൽ പൊതുമരാമത്ത് പാലംവിഭാഗത്തിന് ചൂണ്ടിക്കാണിക്കാൻ കാരണങ്ങളേറെയാണ്. വീതിയില്ലാത്ത പ്രദേശം. തിരക്കേറിയ റോഡായതിനാൽ ഒരു മണ്ണുമാന്തിയന്ത്രം കൊണ്ടുവന്ന് പണിചെയ്യാൻപോലും ബുദ്ധിമുട്ടാണ്. വളരെ സൂക്ഷിച്ച് ചെയ്തില്ലെങ്കിൽ റോഡുള്ളഭാഗത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ട്. ഗതാഗതം പൂർണമായും തടസ്സപ്പെടുത്തി നിർമാണം വേഗത്തിലാക്കാൻ കൃത്യമായ ബൈപ്പാസില്ല. അങ്ങനെ പല കാരണങ്ങളാണ് വകുപ്പിന് പറയാനുള്ളത്.

കാരണങ്ങളേറെ നിരത്തുമ്പോൾ വഴിയിൽ ബുദ്ധിമുട്ടുന്നത് യാത്രക്കാരാണ്.

പാലത്തിന്റെ ചരിത്രമിങ്ങനെ

1961-ൽ ഒറ്റപ്പാലത്തിന്റെ ആദ്യ എം.എൽ.എ.യായ പി.വി. കുഞ്ഞുണ്ണിനായരുടെ കാലത്താണ് ഈസ്റ്റ് ഒറ്റപ്പാലത്ത് തോടിന് കുറുകെ പാലംവരുന്നത്. അതിനുമുൻപ് ഇവിടെ ഒരു മരപ്പാലമായിരുന്നെന്നാണ് പറയപ്പെടുന്നത്. പാതയിൽ തിരക്കേറിയതോടെ കാലക്രമേണ വീതികുറഞ്ഞ പാലം കുപ്പിക്കഴുത്തായി മാറി.

2018-ൽ ഒരുപാലംകൂടി നിർമിക്കാൻ പദ്ധതിവന്നു. കണ്ണിയംപുറത്തും ഇതേകാലത്ത് പദ്ധതിയൊരുക്കി. കണ്ണിയംപുറത്ത് 2020-ൽ പാലംപണി പൂർത്തിയായി. എന്നാൽ ഈസ്റ്റ് ഒറ്റപ്പാലത്ത് പാലത്തിന് സമീപത്തെ രണ്ട് സാംസ്കാരിക കേന്ദ്രങ്ങളുണ്ടായിരുന്നതിനാൽ സ്ഥലമില്ലാത്തപ്രശ്നം വന്നു. ഒടുവിൽ രണ്ട് കേന്ദ്രവും പൊളിക്കാതെ പഴയപാലത്തിനോട് വളരെചേർന്ന് പാലം നിർമിക്കാൻ രൂപരേഖയായി.

ഒടുവിൽ 2024-ൽ ആരംഭിച്ച പണിയാണ് ഇപ്പോഴും തുടരുന്നത്. മണ്ണിടിച്ചിലും ശക്തമായ മഴയുമെല്ലാം കാരണങ്ങളായപ്പോൾ പദ്ധതി വൈകി. 5.8 കോടിരൂപ ചെലവിൽ 15 മീറ്റർ വീതിയും 50 മീറ്റർ നീളവുമുള്ള പാലമാണ് ഇവിടെ നിർമിക്കുന്നത്.