എടപ്പാൾ : വരൾച്ചാഭീതിയിൽ ഞാറ് നടാനാവാത്ത ആശങ്കയിൽ കർഷകർ. മഴ ചതിച്ചതോടെ തയ്യാറാക്കിയ ഞാറ്റടി നടാനാവാത്തതിന്റെ ആശങ്കക്കൊപ്പം ഞാറ്റടി ഉണങ്ങാതിരിക്കാനുള്ള പങ്കപ്പാടിലാണ് കർഷകർ. എടപ്പാൾ ശുകപുരം കുളങ്കര പാടശേഖരം, വട്ടംകുളം പോട്ടൂർ പാടശേഖരം, കവുപ്ര, കാന്തള്ളൂർ പാടശേഖരങ്ങൾ എന്നിവിടങ്ങളിലെല്ലാം വയലുകൾ വരൾച്ചയിലാണ്. ശുകപുരം കുളങ്കര പാടശേഖരത്തിൽ മാത്രം 50 ഏക്കറോളം കൃഷിയുണ്ട്. പോട്ടൂരിലെ 20 ഏക്കറിൽ കൃഷി ചെയ്യുന്ന കർഷകരും വലിയ പ്രതിസന്ധിയെയാണ് നേരിടുന്നത്.
വയലുകളിൽ വെള്ളം ആവശ്യത്തിന് കെട്ടിനിർത്തി ബാക്കി തോടുകളിലേക്ക് തുറന്നുവിട്ടാണ് ഇക്കാലത്ത് ഞാറു നടാറുള്ളത്. എന്നാൽ ഈ വർഷം വയലുകളിലൊന്നും വെള്ളമില്ല.
പോട്ടൂർ പാടശേഖരത്തിലേക്ക് വെള്ളമെത്തിക്കുന്ന ആനക്കര-നീലിയാട് പൊറ്റയിൽ തോടിന്റെ അടിഭാഗത്തുകൂടി നീർച്ചാലുപോലെയാണ് വെള്ളമൊഴുകുന്നത്.
വർഷക്കാലത്ത് ധാരാളം വെള്ളമൊഴുകുന്ന ഈ തോട്ടിൽ തടയണ കെട്ടി ജലം വേനൽക്കാലത്തേക്ക് സംഭരിക്കണമെന്ന കർഷകരുടെ ആവശ്യം ഇപ്പോഴും നടപ്പാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. താത്‌കാലിക തടയണ കെട്ടി ഉള്ള വെള്ളം വയലിലേക്കെത്തിക്കാനാവുമോയെന്ന പരിശ്രമത്തിലാണ് ഇവിടുത്തെ കർഷകർ.
ഇവിടെ തയ്യാറാക്കിയ പൊൻമണി ഞാറ്റടി 37 ദിവസം പ്രായമായി. 30 ദിവസത്തിനകം നടേണ്ടതാണിത്. മഴ പെയ്യുമെന്ന പ്രതീക്ഷയിൽ കർഷകർ തോട്ടിൽനിന്ന് വെള്ളമെത്തിച്ച് ഇതുണങ്ങാതെ സംരക്ഷിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ. ശേഷിക്കുന്ന വയലിലേക്കായി ഉമ വിത്തിന്റെ ഞാറ്റടിക്ക് 15 ദിവസം മൂപ്പായി. ഇത് 25 ദിവസത്തിനകമെങ്കിലും നടേണ്ടതാണ്. അതിന്റെ കാര്യവും പ്രതിസന്ധിയിലാണ്.
ശുകപുരം പാടശേഖരത്തിൽ 12 ഏക്കറോളം കുളങ്കര ക്ഷേത്രകമ്മിറ്റിയുടേതാണ്. ഇതടക്കമുള്ളിടത്തെല്ലാം ഉമ ഞാറ്റടി തയ്യാറാക്കിയിട്ടുണ്ടെങ്കിലും നടാനായിട്ടില്ലെന്ന് കർഷകരായ എം. രാജനും കെ. ബാലകൃഷ്ണനും പറയുന്നു. സമയത്ത് മഴ ലഭിച്ച് ഞാറു നട്ടില്ലെങ്കിൽ ജനുവരിയിൽ ഉത്സവത്തിനു മുൻപ് കൊയ്ത്ത് കഴിക്കാനാവില്ല.
അണ്ണക്കമ്പാട് താഴം മാണൂർ കായൽ പാടശേഖരത്തിൽ നട്ട ഞാർ ഉണക്കഭീഷണിയിലാണ്. ഇവിടെ വയലോരത്ത് വലിയ കുളമുള്ളതിനാൽ ഞാർ നടാനുള്ള വെള്ളം കിട്ടി. മഴ പെയ്തില്ലെങ്കിൽ ദിവസങ്ങൾക്കകം ഞാറുണങ്ങുമെന്ന് ഭീതിയുണ്ടെന്ന് കർഷകനായ സ്വാമിനാഥൻ പറയുന്നു.
വിരിപ്പ് കൊയ്തിട്ടും നെല്ല് സംഭരിച്ചില്ല
വിരിപ്പ് കൃഷി കൊയ്ത്ത് കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും നെല്ല് കയറ്റാത്തതും കർഷകരെ പ്രയാസത്തിലാക്കുന്നുണ്ട്. സപ്ലൈകോ സംഭരണത്തിനായി രജിസ്റ്റർ ചെയ്ത കർഷകർ കൊയ്തുകിടക്കുന്ന നെല്ല് മുളക്കാതെയും ജീവികളുടെ ശല്യത്തിൽ നശിക്കാതെയും സംരക്ഷിക്കാനുള്ള പ്രയാസത്തിലാണ്.
ഏക്കറിന് 140 രൂപ വെച്ച് നൽകിയിരുന്ന കുമ്മായം സബ്‌സിഡിയടക്കം വെട്ടിക്കുറച്ചതും കർഷകരെ പ്രതിസന്ധിയിലാക്കുന്നതായി കർഷകനായ എം. രാജൻ പറഞ്ഞു.
കർഷകരെ രക്ഷിക്കാൻ നടപടിയെടുക്കണം
പോട്ടൂർ പാടശേഖരത്തിലൂടെ ഒഴുകുന്ന തോട്ടിലൂടെ എത്രയോ വെള്ളമാണ് പന്താവൂർ തോട്ടിലെത്തി വെറുതെ പാഴാവുന്നത്. കഴിഞ്ഞ വർഷം കതിരായ സമയത്തും വെള്ളമില്ലാതെ കർഷകർ പ്രയാസത്തിലായി. വർഷങ്ങളായി ഈ തോട്ടിൽ തടയണ കെട്ടണമെന്ന കർഷകരുടെ ആവശ്യം ഇനിയെങ്കിലും അധികാരികൾ ചെവിക്കൊള്ളണം.
-സദാനന്ദൻ ആതാവിൽ,
കർഷകൻ,
പോട്ടൂർ പാടശേഖരം
Published: 15 Sept 2026, 03:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented