തൃത്താല മേഖലയിലെ കർഷകർ പ്രതിസന്ധിയിൽ
കൂറ്റനാട് : മഴ കാലംതെറ്റിയതോടെ തൃത്താലമേഖലയിൽ കൃഷിയും ജലസംഭരണവും കുടിവെള്ളവിതരണവുമെല്ലാം പാടെ താളംതെറ്റുന്ന സ്ഥിതിയിൽ. ജില്ലയിൽ ഭാരതപ്പുഴയോട് ചേർന്നുകിടക്കുന്ന തിരുമിറ്റക്കോട് മുതൽ ആനക്കര വരെയുള്ള സ്ഥലങ്ങളിലെല്ലാം നെൽക്കൃഷിയിലാണ് കർഷകരുടെ പ്രതീക്ഷ. വെള്ളിയാങ്കല്ലും, കാങ്കപ്പുഴ പുതിയ റെഗുലേറ്ററും വന്നതോടെ കർഷകർക്ക് പ്രതീക്ഷയും വർധിച്ചിരുന്നു. എന്നാൽ താളംതെറ്റിയ കാലാവസ്ഥ വലിയവെല്ലുവിളിയാണ്. ചാലിശ്ശേരി, നാഗലശ്ശേരി, തൃത്താല, തിരുമിറ്റക്കോട് പഞ്ചായത്തുകളിലെ കർഷകർക്ക് ജലലഭ്യതയിലെ കുറവ് വെല്ലുവിളിയാവുകയാണ്.
തൃത്താല വെള്ളിയാങ്കല്ല് റഗുലേറ്ററിൽ 20 ഷട്ടറുകളും നേരത്തെ തുറന്നിരുന്നെങ്കിലും നിലവിൽ നീരൊഴുക്ക് കുറഞ്ഞതോടെ മുഴുവൻ ഷട്ടറുകളും അടച്ചു. പതിവുപോലെ സെപ്റ്റംബർ മാസത്തിൽ രണ്ടാംവിളക്കായി പാടങ്ങൾ ഒരുങ്ങേണ്ട സമയമാണിത്. കിഴക്കൻ പ്രദേശത്തേക്കാൾ നേരത്തേ, പടഞ്ഞാറെഭാഗമായ തൃത്താല മണ്ഡലത്തിൽ രണ്ടാംവിളയുടെ പണികൾ തുടങ്ങാറുണ്ട്. എന്നാൽ ഇത്തവണ സ്ഥിതി ബുദ്ധിമുട്ടിലാണ്.
ഈ മേഖലയിലെ കൃഷിയുടെ ജീവനാഡിയായ ഭാരതപ്പുഴയിൽ ജലനിരപ്പ് താഴ്ന്നതോടെ പുഴയോട് ചേർന്നുള്ള ജലാശയങ്ങളെല്ലാം പകുതിയിലധികം വറ്റിക്കഴിഞ്ഞു. ചാലിശ്ശേരി പഞ്ചായത്തിലെ പെരുമണ്ണൂർ തോട്, പണിപൂർത്തിയാകാത്ത മുട്ടിച്ചിറപ്പാലം, കോതച്ചിറ പാടശേഖരങ്ങളിലും നാഗലശ്ശേരിയിലെയും വിവിധ പാടശേഖരങ്ങളിലെ തോടുകൾ, വെള്ളാംകുണ്ട് തോട്, തുടങ്ങിയവയിലെല്ലാം നീരൊഴുക്ക് നന്നേ കുറഞ്ഞു. തൃത്താലയിലെ മേഴത്തൂർ, കോടനാട്, തുരുത്ത്, പുളിയപ്പറ്റകായൽ, തിരുമിറ്റക്കോട്ടെ ഇരിങ്കൂറ്റൂർ, രായമംഗലം, ഇട്ടോണം, അകിലാണം പാടങ്ങൾ തുടങ്ങി, തൃത്താല മേഖലയിലെ വിവിധ പാടശേഖരങ്ങളിൽ ഇപ്പോഴേ ജലക്ഷാമം അനുഭവപ്പെട്ടു തുടങ്ങി. ഇത് തിരുമിറ്റക്കോട്, പട്ടിത്തറ പ്രദേശത്തെ കാർഷിക ജലവിതരണത്തെയും നേരിട്ട് ബാധിക്കാനിടയാകും.
കിണറുകളും, കുളങ്ങളും കുഴൽക്കിണറുകളും നിറഞ്ഞുനിൽക്കേണ്ട സമയമാണെങ്കിലും മുൻവർഷങ്ങളിലെ ജലം ലഭ്യമല്ലെന്ന് കർഷകർ പറയുന്നു.
മഴ വൈകിയാൽ തുടക്കംമുതൽ കുഴൽകിണറുകളിലെയും കുളങ്ങളിലെയും വെള്ളം പമ്പുചെയ്ത് പാടത്തെത്തിക്കുന്നതാണ് പതിവ്. എന്നാൽ ഇടക്കിടെയുണ്ടാവുന്ന വൈദ്യുത തടസ്സം ഇതിന് വെല്ലുവിളിയാണ്.
2024-ലെ 28,334 ഹെക്ടറിൽനിന്ന് 26,647 ഹെക്ടറിലേക്ക് കൃഷി ചുരുങ്ങിയെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. തൃത്താല ബ്ലോക്കിൽ മാത്രം 10 ശതമാനത്തോളം കുറവുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെയും കർഷകരുടെയും പ്രാഥമികവിലയിരുത്തൽ.
വളം, കൂലി, ഡീസൽ എന്നിവയുടെ വില കുതിച്ചുയർന്നതും രൂക്ഷമായ വൈദ്യുതിക്ഷാമവും കർഷകർക്ക് ഇരുട്ടടിയായി. ഒരു മണിക്കൂർ വെള്ളം പമ്പുചെയ്യാൻ ഡീസലിന് 300 രൂപയിലധികം ചെലവുവരുന്ന അവസ്ഥയാണ്. മഴ ലഭിക്കാത്തതിനാൽ വിത്തിട്ടപാടങ്ങളിൽ നാമ്പ് കരിഞ്ഞുണങ്ങുമെന്ന ആശങ്കയുമുണ്ട്.
വെള്ളം കെട്ടിനിർത്തി കൃഷിചെയ്യുന്ന പരമ്പരാഗതരീതി ഇനിനടക്കില്ലെന്നതിരിച്ചറിവിലാണ് മേഖലയിലെ പുരോഗമനകർഷകർ. നെല്ല് വേര് പിടിച്ചുകഴിഞ്ഞാൽ മണ്ണിൽ ഈർപ്പം സംരക്ഷിച്ച് കൃഷി മുന്നോട്ടുകൊണ്ടുപോകാമെന്നാണ് കാർഷിക ശാസ്ത്രജ്ഞരും പറയുന്നത്. കാർഷികരംഗത്ത് ആധുനികരീതികൾ സ്വീകരിക്കാൻ തയ്യാറാകണമെന്ന് ചാലിശ്ശേരിയിലെ കർഷകരായ കെ.എസ്. രാജേന്ദ്രൻ, പി.എ. സതീഷ് കുമാർ എന്നിവർ പറഞ്ഞു. ചാലിശ്ശേരിയിലും മറ്റുചില പാടശേഖരങ്ങളിലും അസോള ഉപയോഗിച്ചുള്ള 'പുതയിടൽ' പരീക്ഷണം വിജയകരമായി തുടങ്ങിയിട്ടുണ്ട്. ഇത് കളനിയന്ത്രിക്കാനും യൂറിയയുടെ ഉപയോഗം ഒരു പരിധിവരെ ഒഴിവാക്കി നൈട്രജൻലഭ്യത ഉറപ്പാക്കാനും മണ്ണിന്റെ വളക്കൂറുകൂട്ടാനും സഹായിക്കും.
ലഭ്യമായവെള്ളം ഏറ്റവുംഫലപ്രദമായി ഉപയോഗിക്കാൻ മൈക്രോ സ്പ്രിംഗ്ലർ പോലുള്ള സൂക്ഷ്മ ജലസേചനരീതികൾ നെൽക്കൃഷിയിലും പ്രയോജനപ്പെടുത്താൻ ഭാവിയിൽ കർഷകർ തയ്യാറാകേണ്ടിവരുമെന്ന് പാടശേഖരസമിതി കോഡിനേഷൻകമ്മിറ്റി ഭാരവാഹികളായ പൊന്നുള്ളി മോഹനൻ, പി.ബി. സുനിൽകുമാർ എന്നിവരും പറഞ്ഞു.
കൃഷിവകുപ്പ്, പഞ്ചായത്തുകൾ, ജലസേചനവകുപ്പ്, കാർഷിക സർവകലാശാല, കർഷക കൂട്ടായ്മകൾ എന്നിവചേർന്ന് ഇവ നടപ്പാക്കണമെന്നാണ് കർഷകരുടെ ആവശ്യം.
Published: 16 Sept 2026, 03:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented