നിർമാണം തുടങ്ങി രണ്ട്വർഷത്തോടടുത്തിട്ടും എന്നു പൂർത്തിയാകും എന്നതിൽ വ്യക്തതയില്ല
മേലാറ്റൂർ : റെയിൽവേ സ്റ്റേഷനിലെ ക്രോസിങ് സ്റ്റേഷൻ നിർമാണത്തിന് ഒച്ചിഴയും വേഗമെന്ന് ആക്ഷേപം. 2024 ഡിസംബറിലാണ് ക്രോസിങ് സ്റ്റേഷന്റെ പണി തുടങ്ങിയത്. ഒരു വർഷത്തിനുള്ളിൽ പണി പൂർത്തിയാക്കുമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാൽ വർഷം രണ്ടോടടുത്തിട്ടും പണി എന്നു പൂർത്തിയാകുമെന്നതിൽ വ്യക്തതയില്ല.
ക്രോസിങ് സ്റ്റേഷൻ, പ്ലാറ്റ് ഫോം, പുതിയ സ്റ്റേഷൻ കെട്ടിടം എന്നിവയുടെ നിർമാണത്തിനായി 14.58 കോടി രൂപയാണ് റെയിൽവേ വകയിരുത്തിയിരുന്നത്. നിലവിലെ സ്റ്റേഷനിൽനിന്ന് നൂറു മീറ്ററോളം മാറി തെക്കുഭാഗത്തായാണ് പുതിയ സ്റ്റേഷൻ കെട്ടിടം പണിയുന്നത്. കെട്ടിടത്തിന്റെ എൺപതു ശതമാനത്തിലേറെ പണികളും കഴിഞ്ഞിട്ടുണ്ട്. ഒപ്പം ഈ ഭാഗത്ത് പുതിയ പ്ലാറ്റ്‌ഫോമും നിർമിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷൻ കെട്ടിടത്തിന് എതിർവശത്താണ് ക്രോസിങ്ങിനുള്ള പാളം നിർമിച്ചിട്ടുള്ളത്. റെയിൽവേ ഗേറ്റിൽനിന്ന് അല്പം മാറി വടക്കുഭാഗത്തേക്ക് അഞ്ഞൂറു മീറ്ററോളം നീളത്തിലാണ് ക്രോസിങ്ങിനുള്ള പുതിയ പാളവും പ്ലാറ്റ്‌ഫോമും നിർമിച്ചിട്ടുള്ളത്. അതിന്റെ പണിയും എൺപതു ശതമാനത്തിലേറെ പൂർത്തിയായിട്ടുണ്ട്.
വൈദ്യുതീകരണം, സിഗ്നൽ ഒരുക്കൽ, പ്രധാന പാളത്തിലേക്ക് ക്രോസിങ്ങിനുള്ള പാളം ഘടിപ്പിക്കൽ തുടങ്ങിയ പണികൾ ഇനിയും നടക്കാനുണ്ട്. ഇതാണിപ്പോൾ ഇഴഞ്ഞുനീങ്ങുന്നത്. തൊഴിലാളികളുടെ കുറവാണ് പണിയുടെ മെല്ലെപ്പോക്കിന് കാരണമെന്നാണ് വിവരം.
ഇതോടൊപ്പം തുടങ്ങിയ കുലുക്കല്ലൂരിലെ ക്രോസിങ് സ്റ്റേഷന്റെ പണി പൂർത്തിയായി മാസങ്ങൾക്കുമുൻപ് ഉദ്ഘാടനം നടത്തിയിരുന്നു. എന്നാൽ മേലാറ്റൂരിൽ നടക്കുന്ന പണി എന്നു പൂർത്തിയാകുമെന്നതിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.
യാത്രക്കാർ നിരാശയിൽ
ഷൊർണൂർ-നിലമ്പൂർ പാതയിലെ ഒരു പ്രധാന ഹാൾട്ട് സ്റ്റേഷനാണ് മേലാറ്റൂർ. യഥേഷ്ടം യാത്രക്കാരെത്തുന്ന ഈ റെയിൽവേ സ്റ്റേഷനിൽ ശൗചാലയം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളും നിലവിലില്ല. പുലർച്ചെയുള്ള നിലമ്പൂർ-ഷൊർണൂർ മെമുവിന് സ്റ്റേപ്പും ഇല്ല. ക്രോസിങ് സ്റ്റേഷന്റെ പണി പൂർത്തിയാകുന്നതോടെ കൂടുതൽ സൗകര്യങ്ങളും മെമുവിന് സ്റ്റോപ്പും ഉണ്ടാകുമെന്ന് പറയുന്നുണ്ടെങ്കിലും പണിയിലെ മെല്ലെപ്പോക്ക് യാത്രക്കാരെ നിരാശയിലാക്കുകയാണ്. ക്രോസിങ് സ്റ്റേഷന്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കി യാത്രക്കാർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകണമെന്ന ജനകീയ ആവശ്യം ശക്തമായിട്ടുണ്ട്.
എം.പി. ഇന്ന് റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും
മേലാറ്റൂർ : നവീകരണപ്രവർത്തനങ്ങൾ വിലയിരുത്താനും പുതിയ വികസന നിർദേശങ്ങൾ സ്വീകരിക്കാനുമായി ഇ.ടി. മുഹമ്മദ് ബഷീർ എം.പി. ചൊവ്വാഴ്ച വൈകീട്ട് നാലിന് മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ സന്ദർശിക്കും. പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ടുകിടന്നിരുന്ന മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോൾ വികസനത്തിന്റെ പാതയിലാണ്.
പുതിയ ക്രോസിങ് സ്റ്റേഷന്റെയും പ്ലാറ്റ്‌ഫോമിന്റെയുമെല്ലാം പണി നടക്കുന്നുണ്ട്. ഇത് പൂർത്തിയാകുന്നതോടെ കുടിവെള്ളം, പ്ലാറ്റ്‌ഫോമിന് മേൽക്കൂര, ശൗചാലയം തുടങ്ങിയ യാതൊരു അടിസ്ഥാന സൗകര്യങ്ങളുമില്ലാത്ത ഈ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ സൗകര്യങ്ങളെത്തുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ. ഇത് ത്വരിതഗതിയിലാക്കാൻ എം.പി. ഇടപെടണമെന്ന ആവശ്യം ശക്തമാണ്. അതിനിടെ പുലർച്ചെ നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള മെമുവിന് മേലാറ്റൂരിൽ സ്റ്റോപ്പ് ഇല്ലാത്തത് പരക്കെ പരാതിക്ക് കാരണമായിട്ടുണ്ട്. സ്റ്റോപ്പ് അനുവദിച്ചുകിട്ടുന്നതിൽ എം.പി.യുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുണ്ടാകണമെന്ന ആവശ്യവും ശക്തമാണ്.
Published: 15 Sept 2026, 03:40 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented