കുരുക്കഴിക്കാൻ പദ്ധതിയാകുന്നു

To advertise here,

തിരൂരങ്ങാടി : ചെമ്മാട് ടൗണിലെ ഗതാഗതം സുഗമമാക്കുന്നതിനുള്ള പദ്ധതിയൊരുക്കുന്നതിന്റെ ഭാഗമായി വിദഗ്‌ധസംഘം തിങ്കളാഴ്ച രാവിലെ പരിശോധന നടത്തി. പൊതുമരാമത്ത് വകുപ്പിനു കീഴിലെ തിരുവനന്തപുരത്തുനിന്നുള്ള സംഘമാണ് പരിശോധിച്ചത്. സ്ഥലമേറ്റെടുത്ത് റോഡ് വീതി കൂട്ടൽ, ജങ്ഷനുകളുടെ നവീകരണം, ഗതാഗതനിയന്ത്രണങ്ങൾ, റോഡ് വീതി കൂട്ടൽ തുടങ്ങിയവ നടപ്പാക്കുന്നതിനുള്ള സാധ്യതകൾ വിദഗ്‌ധസംഘം പരിശോധിച്ചു.

കോഴിക്കോട് റോഡ് ജങ്ഷൻ, കൊടിഞ്ഞി റോഡ് ജങ്ഷൻ, ബ്ലോക്ക് റോഡ് ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ ഗതാഗതക്കുരുക്ക് ചെമ്മാട്ടെ പ്രധാന ദുരിതമാണ്. ഇത് പരിഹരിക്കുന്നതിനുള്ള വഴികൾ സംഘം പരിശോധിച്ചു.

റോഡിന്റെ നിലവിലെ സ്ഥിതി, കെട്ടിടങ്ങളുടെ സ്ഥാനം, വീതി കൂട്ടുന്നതിന് ആവശ്യമായിവരുന്ന സ്ഥലത്തിന്റെ ലഭ്യത, ഭൂമി ഏറ്റെടുക്കൽ സാധ്യതകൾ, നിലവിലെ റോഡിന്റെ വീതി, വാഹനങ്ങളുടെ തിരക്ക്, റോഡ് അലൈൻമെന്റ് തുടങ്ങിയ ഘടകങ്ങളെല്ലാം പരിശോധിച്ച് ഭാവിയിലെ ഗതാഗത ആവശ്യങ്ങളും ദീർഘകാലം നിലനിൽക്കുന്നതുമായ പദ്ധതിയൊരുക്കി പരിഹാരമുണ്ടാക്കുന്നതിനാണ് പദ്ധതിയൊരുക്കുന്നത്. ചെമ്മാട്ടെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് മാതൃഭൂമി വാർത്താപരമ്പര പ്രസിദ്ധീകരിച്ചിരുന്നു. ഇതോടൊപ്പം വികസനചർച്ചയും നടത്തിയിരുന്നു.

ഇതിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കൈമാറുകയും ചെയ്തിരുന്നു. റോഡ് വീതി കൂട്ടുന്നതിന് സ്ഥലമേറ്റെടുപ്പിന് നടപടിയാകുന്നതോടെ ചെമ്മാട് ടൗണിലെ െെകയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും വഴിയൊരുങ്ങും. പുതിയ പദ്ധതിയുടെ സാധ്യതാപഠനത്തിനായി 25 ലക്ഷം രൂപയുടെ ഭരണാനുമതി നേരത്തേ ലഭിച്ചിട്ടുണ്ട്. പരിശോധനകൾ വേഗത്തിൽ പൂർത്തിയാക്കി വിശദമായ പ്രൊപ്പോസലും ഡി.പി.ആറും തയ്യാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായി പി.എം.എ. സമീർ എം.എൽ.എ. അറിയിച്ചു.

പരിശോധനയിൽ പൊതുമരാമത്ത് ഡിസൈൻ വിഭാഗം തിരുവനന്തപുരം യൂണിറ്റ് എക്‌സിക്യുട്ടീവ് എൻജിനീയർ പി.എസ്. സുജു, റോഡ്‌സ് വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയർ സി.എച്ച്. അബ്ദുൽ ഗഫൂർ, ഡിസൈൻ വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർമാരായ ഫിനിക്‌സ്, ഫെമിന, റോഡ്‌സ് വിഭാഗം അസി. എക്‌സിക്യുട്ടീവ് എൻജിനീയർ ഗോപകുമാർ തുടങ്ങിയവരും തിരൂരങ്ങാടി നഗരസഭാധ്യക്ഷ സി.പി. ഹബീബ ബഷീർ, ഉപാധ്യക്ഷൻ എം. അബ്ദുറഹ്‌മാൻകുട്ടി, സ്ഥിരംസമിതി അധ്യക്ഷരായ ഇഖ്ബാൽ കല്ലുങ്ങൽ, വി.വി. അബു തുടങ്ങിയവരും പങ്കെടുത്തു.