താനൂർ : നഗരസഭാപരിധിയിലെ തകർന്ന റോഡുകൾ യാത്രക്കാരെ വലയ്ക്കുന്നു. അറ്റകുറ്റപ്പണി നടത്താത്തതും കുടിവെള്ള പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കാത്തതുമാണ് യാത്രക്കാർക്ക് ദുരിതമാകുന്നത്. തകർന്നു കുഴികളായി കിടക്കുന്ന റോഡുകളിലെ പൊടിശല്യവും മഴപെയ്തതാൽ ആകെ ചെളിക്കുളമാകുന്നതും പ്രതിസന്ധിയാണ്.

To advertise here,

താനൂർ-കാട്ടിലങ്ങാടി റോഡ്, ശോഭ-മുനമ്പം റോഡ്, ഗണപതിയൻകാവ്-അംബേദ്കർ ഗ്രാമം റോഡ്, കളരിപ്പടി-അംബേദ്കർ കോളനി റോഡ്, ഓലപ്പീടിക-വലിയപാടം റോഡ്, സർവീസ് സ്റ്റേഷൻ-രായിരിമംഗലം റോഡ്, കണ്ണന്തളി-കുന്നുംപുറം റോഡ്, മഠത്തിൽ റോഡ്-അയ്യപ്പൻകാവ് അൽനൂർ റോഡ്, ഒതവൻമാട്ടിൽ ക്ഷേത്രം റോഡ്, പൊന്നക്കമ്പാട്ട് ക്ഷേത്രം-പുത്തില്ലത്ത് റോഡ് തുടങ്ങി പല റോഡുകളും യാത്രക്കാരുടെ നടുവൊടിക്കുംവിധം തകർന്ന് കുണ്ടും കുഴിയുമായിരിക്കുകയാണ്.

ചില റോഡുകൾ രണ്ടുവർഷത്തോളമായി ഇതേ അവസ്ഥയിലാണെന്നാണ് നാട്ടുകാർ പറയുന്നത്. പലയിടത്തും തെന്നിവീണും മറ്റും വാഹനയാത്രക്കാർക്കു പരിക്കേൽക്കുന്നത് പതിവാണ്. പൊടിശല്യം കാരണം ഇരുചക്രവാഹന-കാൽനട യാത്രക്കാർ കുറച്ചൊന്നുമല്ല പ്രയാസപ്പെടുന്നത്.

തകർന്നുകിടക്കുന്ന റോഡിലൂടെ രോഗികളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിക്കാനാകാത്ത സാഹചര്യമുണ്ടെന്നും നാട്ടുകാർ പറയുന്നു. ആവശ്യത്തിനു വിളിച്ചാൽ ഓട്ടോറിക്ഷക്കാരുൾപ്പെടെ വരാൻ മടിക്കുന്നുമുണ്ട്. തകർന്ന റോഡിലൂടെ ഓട്ടം പോകുമ്പോൾ വാഹനത്തിന് കേടുപാടുകൾ വരുന്നുണ്ടെന്ന് ഓട്ടോറിക്ഷാഡ്രൈവർമാർ പറയുന്നു.

പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച റോഡ് ജല അതോറിറ്റി നന്നാക്കാത്തതാണ് പ്രതിസന്ധിയെന്ന് നഗരസഭാധികൃതർ പറയുന്നു. എന്നാൽ, നഗരസഭ ഫണ്ട് കണ്ടെത്തി നവീകരിക്കാത്തതാണ് റോഡിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം.