എടവണ്ണ : ചാത്തല്ലൂർ മേഖലയിൽ കാട്ടാനകളുടെയും കാട്ടുപന്നികളുടെയും ആക്രമണം തടയാൻ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ വർഷം കാവിലട്ടിയിലെ കാട്ടാനയുടെ ആക്രമണത്തിൽ 65-കാരിയായ കല്യാണി മരിച്ചിരുന്നു.
ഇവരുടെ വീട്ടിൽനിന്ന് അരക്കിലോമീറ്ററോളം ദൂരത്തിലാണ് ഞായറാഴ്ച കാട്ടുപന്നിയുടെ കുത്തേറ്റു മരിച്ച ഫാത്തിമയുടെ വീട്. ഈ സ്ഥലത്തെത്തിയ മന്ത്രി പി.കെ. ബഷീറിനും വനപാലകർക്കും മുൻപിലാണ് നാട്ടുകാർ പരാതികളുന്നയിച്ചത്.
നേരത്തേ ആക്രമണങ്ങളെത്തുടർന്ന് അധികൃതർ നൽകിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ലെന്നും നാട്ടുകാർ പറഞ്ഞു. കാട്ടുപന്നികളെ വെടിവെച്ചു കൊല്ലൽ നടപടി മന്ദഗതിയിലാണെന്നും പ്രദേശത്തെ പാതയോരങ്ങളിലെ കേടായ തെരുവുവിളക്കുകൾ ഉടൻ നന്നാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രദേശത്ത് സ്പെഷ്യൽ ഡ്രൈവ് നടത്താൻ മന്ത്രി വനപാലകർക്ക് നിർദേശം നൽകി. ഷൂട്ടർമാരുടെ ഭാഗത്തുനിന്നുള്ള പരാതികളും പരിശോധിക്കും. പഞ്ചായത്തും വനപാലകരുംചേർന്നുള്ള നടപടികളാണ് വേണ്ടതെന്നും മന്ത്രി നിർദേശിച്ചു.
വനംവകുപ്പ് എടവണ്ണ റെയിഞ്ച് ഓഫീസർ പി. ഷംനാസ്, കൊടുമ്പുഴ ഡെപ്യൂട്ടി റെയ്‌ഞ്ച് ഓഫീസർ കെ. സുനിൽകുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എസ്. ഷിജി, എം. അനൂപ്കുമാർ, എം.പി. മുനീറുദ്ദീൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സക്കീർ ഹുസൈൻ, അബ്ദുൽഖാദർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലം സന്ദർശിച്ചത്. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളവരെ നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ. കെ.കെ. സുനിൽകുമാർ, സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർമാരായ പി.കെ. രാമ കൃഷ്ണൻ, സി. അജയ്, കെ.കെ. കൈലാസ്, പി.കെ. ജോൺസൺ, വി.സി. രജീഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർ കെ. അനൂപ് തുടങ്ങിയവരുടെ സംഘവും സന്ദർശിച്ചു.
പേവിഷബാധ പരിശോധന നടത്തും
ചാത്തല്ലൂരിൽ നാട്ടുകാരെ ആക്രമിച്ച കാട്ടുപന്നിക്ക് പേവിഷബാധയുണ്ടെന്ന സംശയങ്ങൾ ദൂരീകരിക്കാൻ നടപടികൾ തുടങ്ങി. നാട്ടുകാരുടെ പരാതികളെ തുടർന്നാണിത്.
നിലമ്പൂർ വനം ഡിവിഷൻ വെറ്ററിനറി സർജൻ എസ്. ശ്യാമിന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി.
വിദഗ്ധ പരിശോധനയ്ക്കായി ആന്തരികാവയവങ്ങളും സ്രവവും പൂക്കോട്, പാലക്കാട് വെറ്ററിനറി കോളേജ് ലാബോറട്ടറികളിലേക്ക് അയയ്ക്കുമെന്നും അധികൃതർ പറഞ്ഞു.
14 ലക്ഷം നഷ്ടപരിഹാരം നൽകും -മന്ത്രി
കാട്ടുപന്നിയുടെ ആക്രമണത്തിൽ മരിച്ച ഫാത്തിമയുടെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി പി.കെ. ബഷീർ പറഞ്ഞു. അദ്ദേഹം സംഭവസ്ഥലം സന്ദർശിച്ചു. വനംവകുപ്പ് 10 ലക്ഷം രൂപയും ദുരന്തനിവാരണ വിഭാഗത്തിൽനിന്ന് നാലു ലക്ഷം രൂപയുമാണ് അനുവദിക്കുക. അടിയന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇതിൽ അഞ്ചുലക്ഷം രൂപ ഉടൻ അനുവദിക്കും. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർക്കാർ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Published: 12 Oct 2026, 12:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented