മമ്പാട് : മലയോരമേഖലകളിൽ കാട്ടുപന്നികൾ മനുഷ്യജീവനെടുക്കുമ്പോഴും പ്രതിരോധ നടപടികൾക്ക് വേഗം പോരെന്ന് ആക്ഷേപം. ജനവാസമേഖലകളിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലാനുള്ള പ്രവർത്തനങ്ങളാണ് പലയിടത്തും മന്ദഗതിയിൽ നീങ്ങുന്നത്.
കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നതും പരാക്രമത്തിൽ മനുഷ്യർക്കു പരിക്കേൽക്കുന്ന സംഭവങ്ങളും കൂടുകയാണ്.
പാതയോരങ്ങളിലും മറ്റും തമ്പടിക്കുന്ന ഇവ വാഹനങ്ങൾക്കുനേരെ പാഞ്ഞടുത്തും മറ്റുമുള്ള അപകടങ്ങളും മരണങ്ങളും ഈയിടെയായി ഏറുന്നുണ്ട്.
ജനവാസമേഖലകളിൽ കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപന്നികൾ മനുഷ്യജീവനു ഭീഷണിയായിട്ടും തദ്ദേശസ്ഥാപനങ്ങൾക്ക് തുടക്കത്തിലെ ആവേശമില്ലെന്ന് ജനപ്രതിനികൾതന്നെ ചൂണ്ടിക്കാട്ടുന്നു.
ഷൂട്ടർമാർക്ക് നൽകാനുള്ള തുക പലയിടത്തും കുടിശ്ശികയായെന്നാണ് പ്രധാന ആക്ഷേപം. നിയമ-സാങ്കേതിക വശങ്ങൾ ചൂണ്ടിക്കാട്ടി തുക അനുവദിക്കുന്നതിന് ഉദ്യോഗസ്ഥർ പലപ്പോഴും നിയന്ത്രണങ്ങൾ തുടരുന്നുവെന്ന് ജനപ്രതിനിധികൾ പറയുന്നു. പ്രതിഫലം യഥാസമയം ലഭിക്കുന്നില്ലെന്ന പരാതികൾ ഷൂട്ടർമാരും ഉന്നയിക്കുന്നു. നേരത്തെ വനം വകുപ്പിനായിരുന്നു ഇതുസംബന്ധിച്ച മുഴുവൻ ചുമതലകളും.
എന്നാൽ തദ്ദേശസ്ഥാപനങ്ങൾക്ക് ചുമതല കൈമാറിയതോടെ തുക വിനിയോഗം സംബന്ധിച്ച അവ്യക്തതകളുമേറി. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് മുഖേന തദ്ദേശസ്ഥാപനങ്ങൾക്ക് വർഷത്തിൽ ഒരു ലക്ഷം രൂപ മാത്രമേ നിലവിൽ ഈയിനത്തിൽ ലഭിക്കൂ എന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ ഇത് തീർത്തും പരിമിതമാണ്. തുക കുടിശ്ശികയാണെന്നും തദ്ദേശസ്ഥാപന മേധാവികൾ പറയുന്നു.
തദ്ദേശസ്ഥാപനങ്ങൾക്ക് കൂടുതൽ തുക വിനിയോഗിക്കാൻ അനുമതി വേണമെന്നും വനം വകുപ്പ് കൂടി തുക അനുവദിക്കണമെന്നുമുള്ള ആവശ്യങ്ങളാണ് ഉയരുന്നത്.
പരിമിതികളിൽ ഷൂട്ടർമാർ
ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്ന കാട്ടുപന്നികളെ നിയമവിധേയമായി കൊല്ലാൻ അനുമതിയുണ്ടെങ്കിലും എണ്ണം പെരുകുകയാണ്. സാധാരണ തോക്ക് ലൈസൻസ് ഉള്ളവർക്ക് 100 തിരകളാണ് ഒരു വർഷം അനുവദിക്കുന്നത്. പന്നികളെ കൊല്ലാനും ഇതുതന്നെ ഉപയോഗപ്പെടുത്തണം. അതേസമയം പത്തും പതിനഞ്ചുമൊക്കെ എണ്ണമടങ്ങിയ പന്നിക്കൂട്ടങ്ങളാണ് ദിവസവും ജനവാസമേഖലകളിലും കൃഷിയിടങ്ങളിലും ഇറങ്ങുന്നത്.
വെടിയുണ്ടകൾ പരിമിതമായതിനാൽ ഏറെ പരാതികളുള്ള മേഖലകൾ കേന്ദ്രീകരിച്ചാണ് പലപ്പോഴും അംഗീകൃത ഷൂട്ടർമാർ പന്നികളെ വെടിവെച്ചുകൊല്ലാനിറങ്ങുന്നതെന്ന് വനം വകുപ്പിന്റെ എം. പാനൽ ഷൂട്ടർ പത്തപ്പിരിയത്തെ അഹ്മദ് നിസാർ കുഞ്ഞിപ്പ പറഞ്ഞു. നാലുവർഷം മുൻപ് നിലമ്പൂർ നോർത്ത്, സൗത്ത് ഡി.എഫ്.ഒ.മാരുടെ ശുപാർശ പ്രകാരം ഇദ്ദേഹത്തിന് 100 വെടിയുണ്ടകൾക്കുകൂടി അനുമതി ലഭിച്ചു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു വർഷം 400 എണ്ണമെങ്കിലും ലഭിക്കേണ്ടതുണ്ടെന്നാണ് അഹ്മദ് നിസാർ പറയുന്നത്. ഇതിനായി നാലു മാസം മുൻപ് ഡി.എഫ്.ഒ.മാരുടെ ശുപാർശ പ്രകാരം വീണ്ടും അപേക്ഷ നൽകിയിരുന്നു. എന്നാൽ തുടർനടപടികളുടെ അവസാനഘട്ടത്തിൽ പരിഗണന കിട്ടിയില്ല. ഈയിടെ കളക്ടർ മുൻപാകെയും ഇക്കാര്യം ബോധിപ്പിച്ചു. പോലീസ് സ്റ്റേഷൻ മുഖേന മൂന്നാമതും അപേക്ഷ നൽകി കാത്തിരിക്കുകയാണ് ഇദ്ദേഹം.
തുക വിതരണംതുടങ്ങി
എടവണ്ണ : പഞ്ചായത്തിൽ കാട്ടുപന്നികളെ വെടിവെച്ച് കൊല്ലുന്നതിന് അംഗീകൃത ഷൂട്ടർമാർക്ക് അനുവദിക്കുന്ന തുക നൽകിവരുന്നുണ്ടെന്ന് പ്രസിഡന്റ് സുനീറ സമദ് പറഞ്ഞു. ഓരോ വർഷവും ഒരുലക്ഷം രൂപ വീതമാണ് അനുവദിക്കാനാവുക. നിലവിൽ ഈ തുക അപര്യാപ്തമാകുന്നതാണ് കുടിശ്ശികയ്ക്ക് കാരണം.
നിയമ സാധ്യതയുണ്ടെങ്കിൽ ഈയിനത്തിൽ എത്ര തുക വിനിയോഗിക്കാനും പഞ്ചായത്ത് ഭരണസമിതി ഒരുക്കമാണെന്നും അവർ പറഞ്ഞു. ഒട്ടേറെ കാട്ടുപന്നികളെയാണ് ദിവസവും ജനവാസ മേഖലയിൽനിന്ന് വെടിവെച്ചുകൊല്ലുന്നത്. ദുരന്തനിവാരണ ഫണ്ടിൽനിന്നാണ് തുക അനുവദിക്കേണ്ടത്. നടപടി ക്രമീകരണങ്ങളുടെ ഭാഗമായി ഓരോ വർഷവും ഇത് പഞ്ചായത്ത് തനത് ഫണ്ടിൽനിന്ന് അനുവദിക്കും. ഒന്നരവർഷം മുൻപാണ് ഷൂട്ടർമാർക്ക് ദുരന്തനിവാരണ വിഭാഗത്തിൽനിന്ന് തുക അനുവദിക്കാൻ സർക്കാർ ഉത്തരവിട്ടത്. എന്നാൽ ഇതുവരെ പഞ്ചായത്തിന് തുക ലഭിച്ചിട്ടില്ല. എങ്കിലും ഈ വർഷം തനതു ഫണ്ടിൽനിന്ന് തുക വിനിയോഗത്തിന് ഭരണസമിതി അടിയന്തര നടപടി നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് സുനീറാ സമദ് പറഞ്ഞു.
Published: 12 Oct 2026, 12:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented