കൊല്ലങ്കോട് : “കൊല്ലങ്കോട്ടെ തിരക്കൊന്നു കടന്നുകിട്ടിയാൽ നൂറുകിലോമീറ്റർ അകലെ പഴനിവരെ പ്രയാസങ്ങളൊന്നുമില്ലാതെ സുഖമായി പോയിവരാം. പക്ഷേ, വണ്ടിയെടുത്ത് വീട്ടിൽനിന്നിറങ്ങി കൊല്ലങ്കോട് വഴി രണ്ടുകിലോമീറ്റർ താണ്ടുകയെന്നത് വലിയ പ്രയാസമുള്ള കാര്യമാണിപ്പോൾ” -കൊല്ലങ്കോട് പ്രധാനപാതയിലെ ഇപ്പോഴത്തെ ഗതാഗതക്കുരുക്കിനെക്കുറിച്ച് കൊല്ലങ്കോട് പടിഞ്ഞാറേത്തറ കാരാട്ടുവീട്ടിലെ കർഷകൻ കെ.ആർ. ദിലീപ്കുമാറിന്റെ വാക്കുകളാണിത്.
കൊല്ലങ്കോട്ടെ കാഴ്ചകൾ പറഞ്ഞുകേട്ടതുപോലെത്തന്നെ സുന്ദരമാണ്. പക്ഷേ, ഇടുങ്ങിയ വഴികളും കൊല്ലങ്കോട്ടെ റോഡിലെ തിരക്കും പാർക്കിങ്ങിനുള്ള ബുദ്ധിമുട്ടുകളും അത്ര സുഖമുള്ള അനുഭവമല്ല. മഞ്ചേരിയിൽനിന്ന് കൊല്ലങ്കോട് കാണാനെത്തിയ കുടുംബത്തിലെ അംഗം ഷെഫീഖ് മനസ്സുതുറന്നു. അടിക്കടിയുണ്ടാകുന്ന ഗതാഗതക്കുരുക്കിൽ തദ്ദേശീയരും വിനോദസഞ്ചാരികളുമെല്ലാം ഒരുപോലെ വലയും. അത് നിയന്ത്രിക്കാനോ, സുഗമമായ സഞ്ചാരമാർഗം ഒരുക്കാനോ നടപടികളില്ല.
പാലക്കാട്, പൊള്ളാച്ചി, തൃശ്ശൂർ എന്നീ നഗരങ്ങളിൽനിന്നെത്തുന്ന പ്രധാന റോഡുകൾ ഇവിടെ ഒരുമിക്കും. മംഗലം-ഗോവിന്ദാപുരം അന്തർസംസ്ഥാനപാതയിലുള്ള ഈ കവലയിലൂടെ ദിവസവും കടന്നുപോകുന്നത് ചരക്കുലോറികളും ബസുകളും ഉൾപ്പെടെയുള്ള വാഹനങ്ങളാണ്. റോഡിൽ വാഹനങ്ങളുടെ തിരക്കൊഴിയുന്നത് അപൂർവമാണ്.
രാജഭരണകാലത്തുണ്ടായിരുന്ന പഴയ പാതതന്നെയാണ് കൊല്ലങ്കോട്ട് ഇന്നുമുള്ളത്.
അടുത്തകാലത്ത് ഇന്ത്യയിലെ പത്ത് സുന്ദരഗ്രാമങ്ങളിലൊന്നായി കൊല്ലങ്കോട് അറിയപ്പെടുകയും ഗ്രാമീണ വിനോദസഞ്ചാരഭൂപടത്തിൽ ഇടംപിടിക്കുകയും ചെയ്തതോടെ ഇവിടത്തെ ഗതാഗതത്തിരക്ക് ഒന്നുകൂടി വർധിച്ചു. ഇടുങ്ങിയ റോഡിൽ കുരുക്ക് പതിവാകാൻ തുടങ്ങി.
ആശുപത്രിപോലുള്ള അത്യാവശ്യയാത്രകൾക്ക് കൊല്ലങ്കോട് വഴി ഇറങ്ങാൻ ഭയപ്പെടുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്ന് ഒരുവിഭാഗം പറയുന്നു. പയ്യലൂർ കവല കഴിഞ്ഞാൽപ്പിന്നെ എപ്പോഴാണ്, എവിടെവെച്ചാണ് ഗതാഗതക്കുരുക്കിൽപ്പെടുക എന്നത് പറയാൻ പറ്റില്ല.
കോവിലകമൊക്കുമുതൽ പൊള്ളാച്ചി റോഡിൽ ചിക്കണാംപാറവരെയും പാലക്കാട് റോഡിൽ ആശുപത്രി ഇറക്കംവരെയുമുള്ള ഭാഗത്താണ് സ്ഥിതി ഏറെ ദയനീയം.
(തുടരും)
Published: 13 Oct 2026, 03:33 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented