കടുങ്ങാത്തുകുണ്ട് : വളവന്നൂർ കുറുക്കോൾകുന്ന് വളവന്നൂരപ്പൻ മഹാദേവക്ഷേത്രത്തിലെ തിരു ആറാട്ട് മഹോത്സവത്തിന് കൊടിയേറി. ദേശത്തെ വിവിധ കുടുംബക്ഷേത്രങ്ങളിൽനിന്നുള്ള കൊടിവരവുകളോടുകൂടിയാണ് മഹോത്സവത്തിന് തുടക്കമായത്. ക്ഷേത്രം തന്ത്രിമാരായ പുതുമന ഹരിശങ്കരൻ നമ്പൂതിരി, പുതുമന മധുസൂദനൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് കാർമികത്വംവഹിക്കും. എല്ലാദിവസവും പ്രത്യേക വഴിപാടുകളും ഉണ്ടായിരിക്കും. ചൊവ്വാഴ്ച രാത്രി എട്ടിന് കുട്ടികളുടെ കലാപരിപാടികളും ബുധനാഴ്ച രാത്രി എട്ടിന് കൈകൊട്ടിക്കളികളും വേദിയിൽ അരങ്ങേറും. വെള്ളിയാഴ്ച വൈകീട്ട് ഏഴിന് പൊന്മുണ്ടം താണിക്കപറമ്പിൽ ഭഗവതീക്ഷേത്രത്തിൽനിന്നും പള്ളിവേട്ട തിരിച്ചെഴുന്നള്ളത്തും 28-ന് വളവന്നൂർ അല്ലോട്ട് ദുർഗാദേവി ക്ഷേത്രക്കുളത്തിൽ മഹാദേവന്റെ തിരു ആറാട്ടും ആറാട്ടു സദ്യയും നടക്കും. തുടർന്ന് വൈകീട്ട് 3.30-ന് ഗജവീരന്റെയും വാദ്യമേളങ്ങളുടെയും താലമേന്തിയ അമ്മമാരുടെയും അകമ്പടിയോടെ വളവന്നൂരപ്പൻ മഹാദേവക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്തും നടക്കും.

To advertise here,