കാളികാവ് : പക്ഷിപ്പനി നിയന്ത്രണത്തിന്റെ ഭാഗമായി കഴിഞ്ഞ നാലുവർഷത്തിനിടെ വളർത്തുപക്ഷികളെ കൊന്നൊടുക്കിയ (കള്ളിങ്) വകയിൽ കർഷകർക്കു കിട്ടാനുള്ള നഷ്ടപരിഹാരത്തിൽ കുടിശ്ശികയായത് 15 കോടി രൂപ. തുക വൈകുന്നത് കർഷകരെ ദുരിതത്തിലാക്കിയതായി കേരള പൗൾട്രി ഫാർമേഴ്സ് അസോസിയേഷൻ (കെ.പി.എഫ്.എ.) പറഞ്ഞു.

To advertise here,

ആലപ്പുഴയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച് ആയിരക്കണക്കിനു വളർത്തുപക്ഷികളെ കൊന്നൊടുക്കുന്നതിനിടെ പഴയ കുടിശ്ശികയും പുതിയ നഷ്ടവും കർഷകർക്ക് ഇരട്ടപ്രതിസന്ധിയാകുകയാണ്. പക്ഷിപ്പനി സ്ഥിരീകരിക്കുന്ന പ്രദേശങ്ങളിൽ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി സർക്കാർ നിർദേശപ്രകാരം കോഴി, താറാവ് തുടങ്ങിയവ ഉൾപ്പെടെയുള്ളവയെ കൊന്നൊടുക്കുകയാണു ചെയ്യുന്നത്.

 

ഇതിന് നിശ്ചിതനിരക്കിൽ നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും മുൻവർഷങ്ങളിലെ തുക പല കർഷകർക്കും പൂർണമായി ലഭിച്ചിട്ടില്ലെന്നാണ് പരാതി.

നിലവിലെ മാനദണ്ഡപ്രകാരം 20 ദിവസത്തിനു മുകളിൽ പ്രായമുള്ള ബ്രോയിലർ കോഴിക്ക് 250 രൂപയും അതിൽ താഴെ പ്രായമുള്ളവയ്ക്ക് 150 രൂപയുമാണ് നഷ്ടപരിഹാരം. ഉത്‌പാദനച്ചെലവും തീറ്റവിലയും വർധിച്ച സാഹചര്യത്തിൽ നഷ്ടപരിഹാരം വൈകുന്നത് ചെറുകിട കർഷകരുടെ ഉപജീവനത്തെയും ബാധിക്കുന്നുണ്ട്.

രോഗബാധിതപ്രദേശങ്ങളിൽ മാത്രമല്ല, നിയന്ത്രണങ്ങൾ കാരണം വിപണനവും ഗതാഗതവും തടസ്സപ്പെടുന്ന മേഖലകളിലെ കർഷകരും പ്രതിസന്ധിയിലാണ്. ആലപ്പുഴയിൽ നവംബർ 18 മുതൽ നിരീക്ഷണമേഖലയിൽ കോഴി, താറാവ്, കാട തുടങ്ങിയവയുടെയും മുട്ട, ഇറച്ചി തുടങ്ങിയ ഉത്‌പന്നങ്ങളുടെ കടത്തലിനും വിൽപ്പനയ്ക്കും നിയന്ത്രണമുണ്ട്.

ഇത് കർഷകരുടെ വരുമാനത്തെ കൂടുതൽ ബാധിക്കുന്നു. കള്ളിങ്ങിന് വിധേയമാകുന്ന പക്ഷികളുടെ നഷ്ടപരിഹാരം വൈകാതെ വിതരണംചെയ്യണമെന്നും നശിപ്പിക്കുന്ന തീറ്റയ്ക്കും മുട്ടയ്ക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കെ.പി.എഫ്.എ. ആവശ്യപ്പെട്ടു. പക്ഷിപ്പനി ആവർത്തിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴയിൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം. പ്രതിരോധ വാക്സിൻ ലഭ്യമാക്കുകയും വേണം. കോഴിയിറച്ചിയുടെ വില ഇടിക്കുന്നതിനായി വ്യാജപ്രചാരണം നടത്തുന്നവർക്കെതിരേ നടപടിവേണമെന്നും സംസ്ഥാന പ്രസിഡന്റ് എ.കെ.എം. അഷ്റഫ് എം.എൽ.എ., ആക്ടിങ് പ്രസിഡന്റ് ഹുസൈൻ വടക്കൻ, ജനറൽസെക്രട്ടറി ഖാദറലി വറ്റല്ലൂർ എന്നിവർ ആവശ്യപ്പെട്ടു.