അങ്ങാടിപ്പുറം : കെട്ടിടവും ഗ്യാസ് ചേംബറുമടക്കം ആധുനിക സൗകര്യങ്ങളോടെ വലമ്പൂരിൽ പഞ്ചായത്ത് നിർമിച്ച വാതക ശ്മശാനത്തിൽ 12 വർഷത്തിനുശേഷം സംസ്‌കാരക്രിയ നടന്നു. ഒരു ദശാബ്ദത്തിലധികമായി അടഞ്ഞുകിടന്നിരുന്ന അങ്ങാടിപ്പുറം പഞ്ചായത്ത് പൊതുശ്മശാനത്തിൽ കഴിഞ്ഞ ദിവസം തോണിക്കര മേലേപറമ്പിൽ ലക്ഷ്മിയുടെ മരണാനന്തരക്രിയകളാണ് നടത്തിയത്. ഏറാന്തോട് സനാതന ധർമ ചാരിറ്റബിൾ ട്രസ്റ്റിനു കീഴിൽ പ്രവർത്തിക്കുന്ന മുക്തി മൃതദേഹസംസ്‌കരണ യൂണിറ്റ് പഞ്ചായത്തിന്റെ ആവശ്യപ്രകാരമാണ് ഇൗ ശ്മശാനത്തിൽ നടത്തിയത്. ശ്മശാനം സംരക്ഷിക്കാനും മൃതദേഹസംസ്‌കരണത്തിനും മുക്തി തയ്യാറാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.
ആധുനിക രീതിയിലുള്ള ശ്മശാനം പ്രത്യേക പരിശീലനം ലഭിച്ചവരുടെ അഭാവത്തെ തുടർന്ന് പ്രവർത്തിച്ചിരുന്നില്ല. ശ്മശാനത്തിന്റെ അവസ്ഥയെക്കുറിച്ച് മാതൃഭൂമി പലതവണ വാർത്ത നൽകിയിരുന്നു. 2014-ലാണ് ശ്മശാനം പണി പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയത്. വിരലിലെണ്ണാവുന്ന ദഹനക്രിയകൾ മാത്രമാണിവിടെ നടത്തിയിട്ടുള്ളത്. പിന്നീട് പ്രവർത്തനം നിലച്ച് കാടും പൊന്തയും മൂടി വെറുതേ കിടക്കുകയായിരുന്നു
ശ്മശാനത്തിന്റെ നവീകരണത്തിനായി പഞ്ചായത്ത് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിവരികയാണ്. നവീകരണം നടക്കണമെങ്കിൽ പുതിയ ഒരു യൂണിറ്റിന്റെയത്ര നിർമാണച്ചെലവ് വരുമെന്നതും പ്രവർത്തനത്തിന് പരിചയസമ്പന്നരായ ടെക്നീഷ്യൻമാരെ കിട്ടാത്തതുമാണ് നിലവിലെ പ്രതിസന്ധി. എന്നാൽ ഈ സ്ഥലവും കെട്ടിടവും ഉപയോഗിച്ച് വിറകുകൊണ്ടുള്ള സംസ്‌കാരക്രിയകൾ ചെയ്യാനും ശ്മശാനം സംരക്ഷിക്കാനും തയ്യാറാണെന്ന് ട്രസ്റ്റ് ഭാരവാഹികൾ പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ട്. പഞ്ചായത്തിൽനിന്ന് അനുമതി ലഭിച്ചാൽ തുടർപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകാനാണ് ട്രസ്റ്റിന്റെ തീരുമാനം.
Published: 17 Sept 2026, 02:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented