പുത്തനത്താണി-തിരുനാവായ റോഡിൽ എട്ടുകിലോമീറ്ററിൽ നൂറോളമ കുഴികൾ

To advertise here,

തിരുനാവായ : സർവത്ര കുഴിമയമാണ് പുത്തനത്താണി-തിരുനാവായ റോഡ്. എവിടെ നോക്കിയാലും കുഴികൾ മാത്രം. ഏകദേശം എട്ടു കിലോമീറ്റർ ദൂരത്തിനുള്ളിൽ നൂറോളം കുഴികളാണുള്ളത്. കുഴികൾ ഗർത്തങ്ങളായവ വേറെയും.

തിരുനാവായ മേൽപ്പാലത്തിനു സമീപം, എടക്കുളം കുണ്ടുകുളം, പട്ടർനടക്കാവ്, ഇഖ്ബാൽ നഗർ, മേനോൻപടി, കുട്ടികളത്താണി, ദാമോദരൻ പടി എന്നീ സ്ഥലങ്ങളിൽ അവസ്ഥ ദയനീയമാണ്. ഇരുചക്രവാഹനയാത്രികരാണ് പലപ്പോഴും കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത്‌.

കുഴികൾ ഒഴിവാക്കുന്നതിനിടെ നിയന്ത്രണംവിട്ടുള്ള അപകടങ്ങൾ പതിവാണ്. രാത്രികാലങ്ങളിലും മഴയുള്ള സമയങ്ങളിലും സ്ഥിതി കൂടുതൽ അപകടകരമാണ്. ആറുവരിപ്പാതയിൽ നിന്ന്‌ പൊന്നാനി ചമ്രവട്ടം തിരൂർ ഭാഗങ്ങളിലേക്ക് വേഗമെത്താനുള്ള പ്രധാന റോഡാണിത്. സ്കൂൾ വാനുകളും ബസുകളും ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളും കടന്നുപോകുന്ന റോഡാണ് ഇത്തരത്തിൽ തകർന്നുകിടക്കുന്നത്.

വാഹനങ്ങൾക്കും തിരിച്ചടി

കുഴികളിലൂടെ നിരന്തരം സഞ്ചരിക്കേണ്ടിവരുന്നത് വാഹനങ്ങളുടെ ടയറുകൾക്കും സസ്പെൻഷൻ സംവിധാനങ്ങൾക്കും തകരാറുണ്ടാക്കുന്നതായും യാത്രക്കാർ പറയുന്നു. ഇരുചക്രവാഹനയാത്രക്കാർക്ക് കുഴിയുടെ ആഴം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതാണ് മറ്റൊരു പ്രശ്നം.മഴ പെയ്യുന്നതോടെ കുഴികളിൽ വെള്ളം നിറയുന്നു. ഇതോടെ കുഴിയുടെ ആഴം തിരിച്ചറിയാൻ കഴിയാതെവരുന്നത് അപകടസാധ്യത ഇരട്ടിയാക്കുന്നു. പുത്തനത്താണി–തിരുനാവായ റോഡിനെ ആശ്രയിക്കുന്ന വിദ്യാർഥികൾ, ജീവനക്കാർ, വ്യാപാരികൾ, രോഗികൾ തുടങ്ങി നൂറുകണക്കിന് യാത്രക്കാരാണ് ദുരിതത്തിലായിരിക്കുന്നത്. ‘എങ്ങനെ യാത്ര ചെയ്യും ഈ റോഡിലൂടെ?’ എന്ന ചോദ്യമാണ് നാട്ടുകാർ അധികൃതരോട് ഉന്നയിക്കുന്നത്. അടിയന്തരമായി കുഴികൾ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാണ് ആവശ്യം.റോഡിന്റെ തകർന്ന ഭാഗങ്ങളിൽ താത്കാലിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനു പകരം ശാസ്ത്രീയമായ രീതിയിൽ റോഡ് നവീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. കുട്ടികളത്താണി, പട്ടർനടക്കാവ് എന്നിവിടങ്ങളിൽ തിരൂർ ഭാഗത്തേക്ക് തിരിയുന്ന വശങ്ങളിലെ കുഴികൾ കൂടുതൽ അപകടം ക്ഷണിച്ചുവരുത്തുന്നു.