സംസ്ഥാനത്ത് തീരശോഷണം നേരിടുന്ന മലപ്പുറം ജില്ലയിലെ പ്രധാന മേഖലയായതിനാലാണ് വെളിയങ്കോട് തണ്ണിത്തുറ തീരപ്രദേശം തിരഞ്ഞെടുത്തത്
എരമംഗലം : സുനാമി ഉൾപ്പെടെയുള്ള കടൽദുരന്തങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പും രക്ഷാപ്രവർത്തനങ്ങളുമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി വെളിയങ്കോട് തണ്ണിത്തുറയിൽ മോക് ഡ്രിൽ നടത്തി. സുനാമി മുന്നറിയിപ്പ് ലഭിക്കുന്നതുമുതൽ തീരത്തുള്ളവരെ സുരക്ഷിതമേഖലയിലേക്കു മാറ്റുന്നതും രക്ഷാപ്രവർത്തനങ്ങളും അടിയന്തര ചികിത്സയും ദുരന്താനന്തര പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിന്റെ പ്രായോഗിക പരിശീലനമാണു നടത്തിയത്.
ബുധനാഴ്‌ച രാവിലെ 9.45-ന് പോലീസ്, അഗ്നിരക്ഷാസേന, റവന്യൂ തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാരും വാഹനങ്ങളും വെളിയങ്കോട് ദേശീയപാതയോടുചേർന്നു കിണർ സ്റ്റോപ്പ് പരിസരത്ത് നിലയുറപ്പിക്കുന്നു. ഇൻഡൊനീഷ്യയിലെ വടക്കൻ സുമാത്രയിൽ ഭൂകമ്പമുണ്ടായ അറിയിപ്പ് വന്നതോടെ മിന്നൽവേഗത്തിൽ തീരദേശജില്ലകളിൽ ജാഗ്രത പ്രഖ്യാപിച്ചുകൊണ്ടുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പെത്തി. പത്തരയോടെ സുനാമിത്തിരകൾ വെളിയങ്കോട് തണ്ണിത്തുറ തീരത്ത് എത്തുമെന്ന സന്ദേശം വന്നതോടെ പോലീസ്, അഗ്നിരക്ഷാസേന, തീരദേശസേന, സിവിൽ ഡിഫെൻസ് ഓഫീസർമാർ എന്നിവർ തീരദേശത്തുള്ള കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ചു. മോട്ടോർവാഹന വകുപ്പ് രക്ഷാപ്രവർത്തനത്തിനായി മാർഗതടസ്സങ്ങൾ ഒഴിവാക്കിനൽകി.
വീടുകളിൽ കുടുങ്ങിക്കിടന്ന കിടപ്പുരോഗികൾ, കടലിൽ കുടുങ്ങിയവർ, വീടിനുമുകളിലും മരത്തിലുമായി കുടുങ്ങിയവർ ഇവരെയെല്ലാം ദുരിതാശ്വാസക്യാമ്പായി സജ്ജീകരിച്ച വെളിയങ്കോട് അയ്യോട്ടിച്ചിറ മീറാസുൽ അമ്പിയ മദ്രസയിൽ എത്തിച്ചുകൊണ്ട് വൈദ്യസഹായവും ആവശ്യമുള്ളവർക്ക് ചികിത്സയും നൽകി. പന്ത്രണ്ടോടെ ജാഗ്രതാനിർദേശം പിൻവലിച്ചതായി അറിയിപ്പെത്തിയതോടെ ദുരന്തനിവാരണ അതോറിറ്റി മോക് ഡ്രിൽ അവസാനിപ്പിച്ചു.
തീരദേശവാസികൾക്ക് മോക് ഡ്രിൽ സംബന്ധിച്ച് ബോധവത്കരണം നൽകിയിരുന്നു. എന്നാൽ മറ്റുസ്ഥലങ്ങളിൽനിന്ന് വെളിയങ്കോട് എത്തിയ പലരും ആംബുലൻസും അഗ്നിരക്ഷാസേനാ വാഹനങ്ങളും പോലീസ് ജീപ്പുകളും ചീറിപ്പായുന്നതുകണ്ട് അമ്പരപ്പിലായി. പൊന്നാനി താലൂക്ക് എമർജൻസി ഓപ്പറേഷൻസ് കേന്ദ്രത്തിൽ പ്രവർത്തിച്ച ഇൻസിഡന്റ് കമാൻഡ്മെന്റ് സംവിധാനത്തിലൂടെയാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. അവലോകനയോഗത്തിൽ പൊ ന്നാനി തഹസിൽദാർ പ്രമോദ് പി. ലാസറസ്, ഡെപ്യൂട്ടി തഹസിൽദാർ കെ.കെ. ഗോപാലകൃഷ്ണൻ, വെളിയങ്കോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബബിത നൗഫൽ, പൊന്നാനി, തിരൂർ ഫയർ സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ, പോലീസ് ഉദ്യോഗസ്ഥർ, ആരോഗ്യം, കോസ്റ്റ് ഗാർഡ്, സിവിൽ ഡിഫെൻസ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Published: 17 Sept 2026, 02:10 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented