വളരുന്നത് രണ്ടായിരത്തോളം വൃക്ഷങ്ങൾ

To advertise here,

ശാസ്താംകോട്ട : ശാസ്താംകോട്ട ശുദ്ധജലതടാകതീരത്ത് നടപ്പാക്കിയ ഹരിതവത്കരണ-തീരസംരക്ഷണ പദ്ധതിയായ നേച്ചർ പാർക്ക് ഫലംകാണുന്നു. തടാകതീരത്തെ കുന്നും ചരിവുകളും പച്ചപ്പണിയുകയാണ്. ​പത്തേക്കറോളം സ്ഥലത്ത് രണ്ടായിരത്തോളം വൃക്ഷങ്ങളാണ് തഴച്ചുവളരുന്നത്.

ലക്ഷങ്ങൾ ചെലവഴിച്ച് വർഷങ്ങളായി തടാകതീരസംരക്ഷത്തിന് ഹരിതതീരം ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കിയിരുന്നെങ്കിലും അവയെല്ലാം സംരക്ഷണമില്ലാതെ നശിക്കുകയായിരുന്നു. തൊഴിലുറപ്പു പദ്ധതിയിലുൾപ്പെടുത്തി നടന്നുവരുന്ന പരിചരണമാണ് നേച്ചർ പാർക്ക് പദ്ധതിക്ക് സഹായകമായത്. ശാസ്താംകോട്ട മണ്ണുസംരക്ഷണ ഓഫീസറായിരുന്ന എസ്. അരുൺകുമാർ വലിയ പിന്തുണയായി.

ചെലവഴിച്ചത് 24.75 ലക്ഷം രൂപ

സംസ്ഥാന തണ്ണീർത്തട അതോറിറ്റി അനുവദിച്ച 24.75 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചത്. ശാസ്താംകോട്ട മണ്ണുസംരക്ഷണ ഓഫീസ് വഴിയാണ് പദ്ധതി നടപ്പാക്കിയത്. സംരക്ഷണവും പരിപാലനമേൽനോട്ടവും മണ്ണുസംരക്ഷണവകുപ്പാണ് ഏറ്റെടുത്തിരിക്കുന്നത്. ശാസ്താംകോട്ട പഞ്ചായത്തിന്റെ തൊഴിലുറപ്പു തൊഴിലാളികളാണ് വെള്ളംനനയും മറ്റു പരിചരണവും നടത്തുന്നത്. അതിനായി 30 ലക്ഷത്തോളം രൂപയാണ് പഞ്ചായത്ത് തൊഴിലുറപ്പിൽ വകയിരുത്തിയിരിക്കുന്നത്.

2025 ഒക്ടോബർ 14-ന് ആദ്യഘട്ടമായി 1,458 തൈകളാണ് നട്ടത്. പിന്നീട് അഞ്ഞൂറോളം തൈകളുംനട്ടു. നശിച്ചുപോകുന്ന തൈകൾക്കു പകരം പുതിയതും നട്ടുപിടിപ്പിച്ചു. ഫലവൃക്ഷങ്ങൾ, തണൽവൃക്ഷങ്ങൾ, പന, മുള, ഈറ, ഔഷധസസ്യങ്ങൾ, പൂച്ചെടികൾ എന്നിവയാണ് പല തട്ടുകളിലായി വളരുന്നത്. കദളീവനം, പൂങ്കാവനം, ശലഭോദ്യാനം, ഔഷധോദ്യാനം, പനത്തോട്ടം എന്നിങ്ങനെയാണ് തരംതിരിച്ചിരിക്കുന്നത്. ജല അതോറിറ്റിയുടെ സഹായത്തോടെ ജലസേചനസംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നു.