കൊട്ടാരക്കര : കഴിഞ്ഞദിവസം മുക്കോണിമുക്കിൽ മോട്ടോർ വാഹനവകുപ്പ് പിടികൂടിയ ഫിറ്റ്‌നസ് ഇല്ലാത്ത ടിപ്പർലോറിയിലാണ് രണ്ടുമാസംമുൻപ് അപകടമുണ്ടായ ടിപ്പറിലെ മണ്ണ് നീക്കംചെയ്തത്.

To advertise here,

മോട്ടോർ വാഹന ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും നോക്കിനിൽക്കെയാണ് അന്ന് യാത്രക്കാരുടെ മുകളിലേക്കു മറിഞ്ഞ ടിപ്പർലോറിയിലെ മണ്ണ് വേഗത്തിൽ വരുത്തിയ മറ്റൊരു ലോറിയിലേക്കു മാറ്റിയത്. മൂന്നുപേർ മരണപ്പെട്ട അപകടത്തിൽ രക്ഷാപ്രവർത്തനത്തിന്റെ തിരക്കുകൾക്കിടെ മണ്ണുമാറ്റാനെത്തിയ ലോറിയുടെ അവസ്ഥ ആരും പരിശോധിച്ചില്ല.

ഇതേ ലോറി കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥൻ സാഹസികമായി പിടികൂടിയതിനെത്തുടർന്നു നടത്തിയ പരിശോധനയിലാണ് രണ്ടുമാസം മുൻപ് തങ്ങളുടെ കാവലിൽ മണ്ണുകയറ്റുമ്പോഴും ലോറിക്ക് ഫിറ്റ്‌നസും നികുതിയും ഇല്ലായിരുന്നെന്ന് ബോധ്യമായത്.

രണ്ടുലോറികളും അടുത്തടുത്തായി കൊട്ടാരക്കര പോലീസ് സ്‌റ്റേഷനിലുണ്ട്. കഴിഞ്ഞദിവസം പിടിയിലായ ലോറിക്ക് 11,500 രൂപയാണ് പിഴ വിധിച്ചിരിക്കുന്നത്. വാഹനം സ്വതന്ത്രമാക്കാൻ മുൻപ് അടയ്ക്കാനുള്ള പിഴയുൾ​െപ്പടെ 45,500 രൂപ അടയ്ക്കണം. പിന്നെ ഫിറ്റ്‌നസ് ലഭിക്കാനുള്ള നിർമാണങ്ങൾക്കായി ലക്ഷത്തോളം രൂപ വേണ്ടിവരും.

പിഴയൊടുക്കി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്‌ നേടിയാൽ വാഹനത്തിനു വീണ്ടും സർവീസ് നടത്താം. ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ഇല്ലാതെയും നികുതി ഒടുക്കാതെയും വാഹനം ഓടിച്ചതിന് ആറുമാസത്തേക്ക് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുണ്ട്.

നിയമലംഘനങ്ങൾ കണ്ടെത്താൻ കഴിഞ്ഞദിവസം മോട്ടോർ വാഹനവകുപ്പ് സംയുക്തപരിശോധന നടത്തി. ആർ.ടി.ഒ., എൻഫോഴ്‌സ്‌മെന്റ്‌ വിഭാഗങ്ങൾ നടത്തിയ പരിശോധനയിൽ 32 കേസുകളെടുത്തു. അമിതഭാരം കയറ്റിയ രണ്ട് ടിപ്പർലോറികളും പിടികൂടി. വരുംദിവസങ്ങളിലും ശക്തമായ പരിശോധന ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

എസ്‌കോർട്ടോടെ കടത്തുസംഘങ്ങൾ

:മുക്കോണിമുക്ക് അപകടത്തിനുശേഷം പരിശോധനകളും നടപടികളും ശക്തമാക്കിയിട്ടും പോലീസിനെയും മോട്ടോർ വാഹനവകുപ്പിനെയും വെട്ടിച്ച് മണ്ണ്, പാറകടത്ത് നടക്കുന്നു. കാറുകളിലും ബൈക്കുകളിലും എസ്‌കോർട്ടോടെ നടത്തുന്ന കടത്ത് തടയാൻ കഴിയുന്നില്ല.

അനധികൃത മണൽവാരൽ ശക്തമായിരുന്ന കാലത്ത് എസ്‌കോർട്ട് സംഘങ്ങളുമായി മണൽമാഫിയ പ്രവർത്തിച്ചിരുന്ന രീതിയിലാണ് ഇപ്പോൾ മണ്ണ്, പാറകടത്ത് നടക്കുന്നത്. പിഴയൊടുക്കി തടിയൂരാമെന്നതിനാൽ പിടിക്കപ്പെട്ടാലും കടത്ത് തുടരുന്നു. മുക്കോണിമുക്കിൽ ഫിറ്റ്‌നസ് ഇല്ലാത്ത ലോറിയിൽ മണ്ണും പാറയും കടത്തുന്ന വിവരം പോലീസിനും ലഭിച്ചിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ കണ്ണടയ്ക്കുകയായിരുന്നു. മാഫിയകളുമായി ചങ്ങാത്തം പുലർത്തുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥർ ഇപ്പോഴും കൊട്ടാരക്കര പോലീസിൽ ഉള്ളതായി ആരോപണം ഉയരുന്നു.