ആലേഖനം ചെയ്തിട്ടുള്ളത് ഭൂമിയുടെ രേഖകൾ
സൂക്ഷിച്ചിരുന്നത് ഉള്ള്യേരി വലിയമുറ്റം ക്ഷേത്രത്തിൽ
തിരൂർ : അധിനിവേശപൂർവകാലത്തെ ഭൂമി ഇടപാടുകൾ ആലേഖനംചെയ്ത മുളപ്പാളികൾ കണ്ടെത്തി. തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലാ പ്രാദേശിക ചരിത്ര ഗവേഷണകേന്ദ്രം ഓണററി ഡയറക്ടറും എപ്പിഗ്രഫിസ്റ്റുമായ ഡോ. മഞ്ജുഷ ആർ. വർമ്മ മുളകളിലെ ലിഖിതങ്ങൾ തിരിച്ചറിഞ്ഞു. കോഴിക്കോട് കൊയിലാണ്ടി ഉള്ള്യേരി വലിയമുറ്റം ഭഗവതീക്ഷേത്രത്തിൽ സൂക്ഷിച്ച ചരിത്രരേഖകൾ പ്രാദേശിക ചരിത്രകാരനായ അശോകൻ ചേമഞ്ചേരി പഠനത്തിനായി മലയാളം സർവകലാശാലയ്ക്ക് കൈമാറി.
നെൽക്കൃഷിയുമായി ബന്ധപ്പെട്ട ഭൂമിയിടപാടിന്റെ രേഖയാണിത്. കൊയിലാണ്ടി പ്രദേശത്ത് പ്രചരിച്ചിരുന്ന നാണയങ്ങൾ, വലിയ മുറ്റം തറവാടുമായി ബന്ധപ്പെട്ട ഭൂമിയിടപാടുകൾ, ദായക്രമം, നികുതി, സ്ഥലനാമങ്ങൾ തുടങ്ങിയവയെല്ലാം കോലെഴുത്തിലൂടെ ഈ മുളകളിൽ ആലേഖനംചെയ്തിട്ടുണ്ട്. കൊല്ലവർഷം 933-ൽ (എ.ഡി. 1758) രേഖപ്പെടുത്തിയതാണ് ഈ വിവരങ്ങളെന്ന് ഡോ. മഞ്ജുഷ ആർ. വർമ്മ തിരിച്ചറിഞ്ഞു.
പഴയകാലത്ത് ശില, താളിയോല, ചെമ്പുതകിട്, മരത്തൊലി തുടങ്ങിയവയിലാണ് സാധാരണഗതിയിൽ എഴുത്ത് നടന്നിരുന്നത്. എന്നാൽ തെക്കുകിഴക്കൻ ഏഷ്യയിൽ ചൈന, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ എഴുത്തിനായി മുള ഉപയോഗിച്ചിരുന്നു. സാഹിത്യവും എല്ലാതരത്തിലുള്ള വിജ്ഞാനങ്ങളും വ്യവഹാരങ്ങളും രേഖപ്പെടുത്തിയിരുന്നത് മുളയിലായിരുന്നു. ചൈനയിലെപ്പോലെ മുളപ്പാളിഗ്രന്ഥസമാഹാരങ്ങൾ ഇന്ത്യയിൽ ലഭ്യമായതായി കൂടുതൽ രേഖകളില്ല.
കേരളത്തിൽ പുരാരേഖാ വകുപ്പിനുകീഴിലുള്ള തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് പ്രാദേശിക കേന്ദ്രങ്ങളിൽപോലും നാമമാത്രമായേ മുളയെഴുത്തുകൾ സൂക്ഷിച്ചിട്ടുള്ളൂ. 1994 ൽ പ്രസിദ്ധീകരിച്ച ‘മലബാറിലെ അടിമത്വത്തിന്റെ ഒരു ചരിത്രരേഖ’ എന്ന എം.ആർ. രാഘവവാരിയരുടെ ലേഖനത്തിലാണ് കേരളത്തിലെ മുളയെഴുത്തിന്റെ ചരിത്രം കൂടുതലായി പരാമർശിക്കപ്പെട്ടിട്ടുള്ളത്.
Published: 24 Nov 2026, 04:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented