വളാഞ്ചേരി : നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണാനും ഗതാഗതസംവിധാനം കാര്യക്ഷമമാക്കാനുമായി ചേർന്ന ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായി പരിശോധന നടത്തി. നഗരസഭാധ്യക്ഷ ഹസീന വട്ടോളി, ഉപാധ്യക്ഷൻ കെ.വി. ഉണ്ണികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ വൈദ്യുതി, പൊതുമരാമത്തുവകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്നായിരുന്നു പരിശോധന.

To advertise here,

പ്രധാന റോഡുകളിലും ഗതാഗതത്തിരക്ക് കൂടുതലുള്ള ഇടങ്ങളിലും കാൽനടയ്ക്ക് പ്രയാസമുണ്ടാക്കുന്ന സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ള വൈദ്യുതി, ടെലിഫോൺ കാലുകളും അതിനോടനുബന്ധിച്ചുള്ള സംവിധാനങ്ങളും മാറ്റിസ്ഥാപിക്കാൻ നടപടി സ്വീകരിക്കാനായിരുന്നു പരിശോധന. റോഡുകളുടെ പരമാവധി ഉപയോഗം ഉറപ്പാക്കുക, അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കുക, കാൽനടക്കാർക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കുക തുടങ്ങിയവ പരിഗണിച്ചാണ് തുടർനടപടികൾ ആസൂത്രണംചെയ്യുക. ബന്ധപ്പെട്ട വകുപ്പുകളുടെ സഹകരണത്തോടെ ഘട്ടംഘട്ടമായി ഇത്പൂർത്തീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കൗൺസിലർ റഹ്‌മാബി, കുറ്റിപ്പുറം പി.ഡബ്ല്യു.ഡി. അസിസ്റ്റന്റ് എൻജിനിയർ എം. ശംസുദ്ദീൻ, വളാഞ്ചേരി കെ.എസ്.ഇ.ബി. സബ് എൻജിനിയർ മുഹമ്മദ് റാഫി, നഗരസഭാ ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് ബാലകൃഷ്ണൻ, ഓവർസിയർമാരായ ബിമൽ, മുഹമ്മദ് ഷമീം, ജീവനക്കാരൻ ശരത് എന്നിവരും പരിശോധനാസംഘത്തിലുണ്ടായിരുന്നു.