പട്ടാമ്പി : പത്തുവർഷത്തിലേറെ കാത്തിരുന്നിട്ടും യാഥാർഥ്യമാകാതെ പട്ടാമ്പി സീനിയർ സിറ്റിസൺ ഫോറത്തിന്റെ സ്ഥിരം ആസ്ഥാനമന്ദിരമെന്ന സ്വപ്നം. 150-ഓളം അംഗങ്ങളുള്ള ഫോറം വർഷങ്ങളായി നഗരസഭയോടും സർക്കാരിനോടും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ഇതിനുകാരണം പട്ടാമ്പിക്കാർക്ക് കഴിഞ്ഞ നൂറ്റാണ്ടിൽ ‘ശാരദസമാജം’ എന്നപേരിൽ പ്രശസ്തമായ ഒരു സാംസ്കാരികകേന്ദ്രം പട്ടാമ്പിയിലുണ്ടായിരുന്നതാണ്. കുണ്ടിൽ പട്ടർ മുൻപ് പട്ടാമ്പിക്കാർക്കായി സോഷ്യൽ ആൻഡ് റിക്രിയേഷൻ ക്ലബ്ബിനായി പട്ടാമ്പി റെയിൽവേ സ്റ്റേഷന് വടക്കുഭാഗത്ത് നൽകിയ 47 സെന്റിലായിരുന്നു ‘ശാരദസമാജം’. സ്വാതന്ത്ര്യസമരകാലത്ത് ഏറെ പ്രശസ്തരായവർ ഒത്തുകൂടിയിരുന്ന ഇടമായിരുന്നു. പിന്നീട് ഉയർച്ചതാഴ്ചകൾ വന്ന സമാജം പെയിൻ ആൻഡ് പാലിയേറ്റീവ് കേന്ദ്രമായി.
അന്ന് സീനിയർ സിറ്റിസൺ ഫോറത്തിന് പകരംസ്ഥലം നൽകുമെന്ന് ജനപ്രതിനിധികൾ പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഈ സ്ഥലത്ത് പഞ്ചായത്തോഫീസ് പ്രവർത്തനം തുടങ്ങിയത് പെരിന്തൽമണ്ണ കോടതി തടഞ്ഞിരുന്നു. പിന്നീടിത് ആശുപത്രിയുടെ ഡയാലിസിസ് കേന്ദ്രമായി മാറി. പുതിയ കെട്ടിടം വന്നു. മുതിർന്ന പൗരന്മാർക്കായി ‘ശാരദസമാജ’ത്തിനു പകരമായി നഗരസഭയുടെ പുതിയ കാര്യാലയം തുറന്നാൽ പഴയകെട്ടിടത്തിൽ സ്ഥലം നൽകാമെന്നാണ് ജനപ്രതിനിധികൾ പറഞ്ഞിട്ടുള്ളത്. ഈ വർഷാവസാനം പുതിയ കാര്യാലയത്തിന്റെ പണി പൂർത്തിയാവുമെന്നാണ് പ്രതീക്ഷ.
വെങ്ങാലിൽ കൃഷ്ണമേനോനായിരുന്നു സമാജത്തിന്റെ സ്ഥാപകൻ. 1930-കളിലും 40-കളിലും സാഹിത്യചർച്ചകൾകൊണ്ടും രാഷ്ട്രീയചർച്ചകൾകൊണ്ടും ശാരദസമാജം മുഖരിതമായിരുന്നു. വിദ്വാൻ സി.എസ്. നായർ, കല്ലന്മാർതൊടി രാവുണ്ണിമേനോൻ, കെ.എൻ. എഴുത്തച്ഛൻ, കവി പി. കുഞ്ഞിരാമൻനായർ, പണ്ഡിറ്റ് ചാത്തുക്കുട്ടി എഴുത്തച്ഛൻ, വിദ്വാൻ പാലേക്കോട് നാരായണമേനോൻ, പതിയാർ മാസ്റ്റർ, മോഴികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാട്, നാരായണശാസ്ത്രികൾ, ഡോ. എ.കെ. വാര്യർ, എ.ഇ.ടി. ജോസഫ്, അസൈനാർ വൈദ്യർ, അമ്മംകുന്നത്ത് കുഞ്ഞിരാമൻ മേനോൻ, അഡ്വ. പി. മാധവമേനോൻ, കെ.ടി. കൃഷ്ണമേനോൻ, എം.ടി. വാസുദേവൻനായർ, എം. കുട്ടികൃഷ്ണമേനോൻ തുടങ്ങിയവർ ഇവിടത്തെ നിത്യ സന്ദർശകരായിരുന്നു.
ഡോ. കെ.പി. മുഹമ്മദുകുട്ടി പ്രസിഡന്റും പി. അബ്ദുള്ളക്കുട്ടി സെക്രട്ടറിയുമായ സീനിയർ സിറ്റിസൺ ഫോറത്തിന് സ്വന്തമായി ആസ്ഥാനം വന്നാൽ നടപ്പാക്കാൻ ഏറെ പദ്ധതികളുണ്ട്. മുതിർന്ന പൗരന്മാരുടെ ഫോറത്തിൽ അംഗങ്ങളായ ഡോക്ടർമാർ, അഭിഭാഷകർ, പോലീസുദ്യോഗസ്ഥർ, സാമൂഹികപ്രവർത്തകർ, കലാകാരന്മാർ, കായികതാരങ്ങൾ എന്നിവരുടെ സഹായം പൊതുജനങ്ങൾക്ക് നൽകാൻ പദ്ധതികളുണ്ടെന്ന് ഡോ. കെ.പി. മുഹമ്മദുകുട്ടി പറഞ്ഞു.
Published: 10 Sept 2026, 04:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented