തകർന്നുവീണ വിളക്കിന്റെ അടിത്തറയിൽ റിഫ്ലക്ടർ സംവിധാനമില്ലാത്തത്അപകടങ്ങൾക്ക് ആക്കംകൂട്ടുന്നു

To advertise here,

മണ്ണാർക്കാട് : ദേശീയപാതയിൽ കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും അപകടഭീഷണിയായി വഴിവിളക്കുകളുടെ തകർന്ന അടിത്തറ.

പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ എം.ഇ.എസ്. കല്ലടി കോളേജ് കയറ്റംഭാഗത്താണ് സൗരോർജ വഴിവിളക്കുകളുടെ തകർന്ന അടിത്തറഭാഗങ്ങൾ അപകടങ്ങൾക്ക് കാരണമാകുന്നത്.

ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി കുന്തിപ്പുഴ പാലം മുതൽ കോളേജ് കയറ്റംവരെ 12 വിളക്കുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഇതിൽ പകുതിയിലധികം റോഡിന്റെ അരികിൽ സ്ഥാപിക്കുന്നതിന് പകരം റോഡിനും കട്ടപാകിയ ഭാഗത്തിനും ഇടയിലാണുള്ളത്. രാത്രി ചരക്കുലോറികളുൾപ്പെടെ ഈ ഭാഗത്ത് നിർത്തിയിടാറുണ്ട്. വാഹനങ്ങളിടിച്ചാണ് ഒരു വിളക്ക് പൂർണമായും തകർന്നത്. ചില വിളക്കുകളുടെ തൂണുകൾ വാഹനങ്ങൾതട്ടി ചെരിഞ്ഞനിലയിലുമാണ്.

രാത്രികാലങ്ങളിലാണ് കൂടുതലും അപകടങ്ങൾ. തകർന്നുവീണ വിളക്കിന്റെ അടിത്തറയിൽ റിഫ്ലക്ടർ സംവിധാനമില്ലാത്തതാണ് അപകടങ്ങൾക്ക് ആക്കംകൂട്ടുന്നത്.

റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ പിന്നോട്ടെടുക്കുമ്പോൾ അടിത്തറക്കെട്ടിലിടിച്ച് വാഹനങ്ങൾക്കും കേടുപാടുകളുണ്ടാകുന്നു.

പുതിയ വിളക്ക് സ്ഥാപിക്കാനോ പൊളിഞ്ഞ അടിത്തറഭാഗം നീക്കംചെയ്യാനോ നടപടികളുണ്ടായിട്ടില്ല. വഴിവിളക്കുകൾ കൈവരികൾക്കരികിലേക്ക് മാറ്റി സ്ഥാപിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെടുന്നു. അപകടങ്ങളുണ്ടാവാതിരിക്കാനായി നാട്ടുകാർ അടിത്തറക്കെട്ടിനുചുറ്റും കട്ടകൾ നിരത്തിവെച്ചിരിക്കുകയാണ്.