കീരനല്ലൂർ ന്യൂകട്ട് പുഴയിൽ മാലിന്യം കെട്ടിക്കിടക്കുന്നു

To advertise here,

പാലത്തിങ്ങൽ : കടലുണ്ടിപ്പുഴയിൽനിന്ന് പൂരപ്പുഴവഴി കടലിലേക്കൊഴുകുന്ന പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ട് പുഴയിൽ മാലിന്യക്കൂമ്പാരം.

പൂരപ്പുഴയോടുചേരുന്ന ഭാഗത്തെ നടപ്പാലത്തിന്റെ തൂണുകളിലാണ് വൻതോതിൽ മരത്തടികളും പ്ലാസ്റ്റിക് കുപ്പികളും കവറുകളും ഇതര മാലിന്യവും തടഞ്ഞുനിൽക്കുന്നത്.

പ്രദേശവാസികളിൽ ഇത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

ഇത്തവണ കുന്നുകൂടിയതിൽ വലിയ മരത്തടികളും അവശിഷ്ടങ്ങളുമുണ്ട്്. സാധാരണയായി മാലിന്യം നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്നാണ് നീക്കംചെയ്യാറുള്ളത്. എന്നാൽ മരത്തടികൾ ഉൾപ്പെടെയുള്ളവ പൂർണ്ണമായും നീക്കംചെയ്യാൻ ജനങ്ങളുടെ ശ്രമങ്ങൾക്കപ്പുറം വലിയ സഹായംതന്നെ വേണം.

മഴ മാറി ജലനിരപ്പ് താഴ്ന്നതോടെ, കെട്ടിക്കിടക്കുന്ന ഈ മാലിന്യക്കെട്ടിൽനിന്ന് ദുർഗന്ധം രൂക്ഷമാകുകയാണ്. കൊതുകുകളും പെരുകിയിട്ടുണ്ട്. മഴ കനത്താൽ ജലനിരപ്പ് ഉയരുമ്പോൾ തടസ്സപ്പെട്ടുകിടക്കുന്ന പുഴയിലെ ഒഴുക്ക് സമീപത്തെ നൂറുകണക്കിന് വീടുകളിലേക്ക് എത്തിയേക്കും.

മുൻവർഷങ്ങളിലെ ശക്തമായ ഒഴുക്കിനിടയിൽ നേവി സംഘം, ഫറോക്കിൽനിന്നെത്തിയ ഖലാസികൾ, തീരദേശ തൊഴിലാളികൾ, ട്രോമാകെയർ വൊളന്റിയർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരെത്തിയാണ് മരത്തടികൾ വെട്ടിമാറ്റി ഒഴുക്ക് സുഗമമാക്കിയിരുന്നത്.

എന്നാൽ നിലവിലെ സാഹചര്യത്തിൽ അടിയന്തര ഇടപെടലുകൾ ഒന്നുംതന്നെ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. കടലുണ്ടിപ്പുഴയിലെ വെള്ളം നിരവധി കുടിവെള്ളപദ്ധതികൾക്കായി ഉപയോഗിക്കുന്നുണ്ട്. വെള്ളത്തിന്റെ മലിനീകരണം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെച്ചേക്കും.

കിണറുകളിലെ വെള്ളം മലിനീകരിക്കപ്പെടുന്നത് പകർച്ചവ്യാധികൾ പടരുമെന്ന ആശങ്ക പ്രദേശവാസികളിൽ ഉണ്ടാക്കിയിട്ടുണ്ട്.

മഴ വീണ്ടും ശക്തമാകുന്നതിനുമുൻപ് നഗരസഭയും അധികാരികളും അടിയന്തരമായി ഇടപെട്ട് നടപ്പാലത്തിലെ മാലിന്യങ്ങൾ നീക്കംചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.