പൊന്നാനി : എ.ഡി.ബി.-സംസ്ഥാന സർക്കാർ സംയുക്ത കടൽഭിത്തിനിർമാണ പദ്ധതിയുടെ മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥസംഘം പൊന്നാനി തീരദേശത്ത് സന്ദർശനം നടത്തി.

To advertise here,

കെ.പി. നൗഷാദ് അലി എം.എൽ.എ. പ്രാദേശികപ്രത്യേകതകൾ സംഘത്തിനു വിശദീകരിച്ചുനൽകി. കാപ്പിരിക്കാട്, പാലപ്പെട്ടി ഖബർസ്ഥാൻ, വെളിയങ്കോട് ഹാച്ചറി, പുതുപൊന്നാനി മുനമ്പം ബീവി ജാറം, ലൈറ്റ് ഹൗസ് തുടങ്ങിയ സ്ഥലങ്ങൾ സംഘം വിലയിരുത്തി.

70:30 അനുപാതത്തിലാണ് എ.ഡി.ബി.യും സംസ്ഥാന സർക്കാറും പദ്ധതി ചെലവ് നിർവഹിക്കുക. 4200 കോടി പദ്ധതിയുടെ ആദ്യഘട്ട എ.ഡി.ബി. വിഹിതം 2000 കോടിയാണ്. 600 കോടി സംസ്ഥാനം വകയിരുത്തും. പൊന്നാനി, കൊടുങ്ങല്ലൂർ, തലശ്ശേരി, ശംഖുമുഖം, ആലപ്പാട്, തൃക്കുന്നപ്പുഴ, വർക്കല, വലിയപറമ്പ, ചെല്ലാനം രണ്ടാംഘട്ടം തുടങ്ങിയ പദ്ധതികളിൽനിന്ന് ആറെണ്ണമാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുക.

ഇറിഗേഷൻ വകുപ്പിനു കീഴിലുള്ള മിഷൻ ഡയറക്ടറേറ്റാണ് പദ്ധതി നിർവഹിക്കുന്നത്. പദ്ധതി രൂപകല്പനയിൽ പ്രധാന പങ്കാളിയായിരുന്ന അലക്‌സ് വർഗീസ് ജൂലായിൽ മിഷൻ ഡയറക്ടറേറ്റ് സി.ഇ.ഒ. ആയി ചുമതലയേറ്റശേഷം നടപടികൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകാൻ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്.

സംസ്ഥാന സർക്കാരിനു വരുന്ന ഭാരിച്ച സാമ്പത്തികബാധ്യത പദ്ധതിയുടെ ഭരണാനുമതി വൈകിപ്പിച്ചിരുന്നു. സാമ്പത്തികഭാരം പദ്ധതിക്ക് തടസ്സമാകില്ലെന്നും ധനവകുപ്പിന്റെ അനുമതി ലഭ്യമാക്കാൻ അഭ്യർഥിക്കുമെന്നും കെ.പി. നൗഷാദ് അലി എം.എൽ.എ. അറിയിച്ചു. എ.ഡി.ബി. പ്രതിനിധികളായ ജോസഫ് മാത്യു, എം.ഡി. കുദലെ, മിഷൻ ഡയറക്ടറേറ്റ് സാങ്കേതികവിഭാഗത്തിലെ എൻ. ലേഖ, രാജേഷ്, ഇറിഗേഷൻ വിഭാഗത്തിലെ ഷൈലിമോൻ, എം. ഷിജി, കോസ്റ്റൽ എഞ്ചിനിയറിങ് വിഭാഗത്തിലെ സീന പി. ചന്ദ്രൻ, രവീന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ഇരുപതംഗ പ്രതിനിധിസംഘം സന്ദർശനം നടത്തിയത്.