വർഷങ്ങളായിതണലേകുന്ന മരങ്ങൾ ഇനി ഓർമ
കരുവാരക്കുണ്ട് : മലയോര ഹൈവേയുടെ അടുത്ത റീച്ച് നിർമാണത്തിന്റെ മുന്നോടിയായി പുന്നക്കാട് തണൽമരങ്ങൾ മുറിച്ചുതുടങ്ങി.
വർഷങ്ങളായി നാട്ടുകാർക്കും യാത്രക്കാർക്കും റോഡിന്റെ ഇരുവശങ്ങളിലും തലയുയർത്തിനിന്നിരുന്ന നിരവധി വൻമരങ്ങളാണ് ഹൈവേ നിർമാണത്തിനായി മുറിക്കുന്നത്.
കരുവാരക്കുണ്ട് ചിറയ്ക്കൽ മുതൽ പാലക്കാട് ജില്ലാ അതിർത്തിയായ ഉച്ചാരക്കടവ് കാഞ്ഞിരംപാടംവരെയാണ് മലയോര ഹൈവേയുടെ അടുത്ത റീച്ച്.
റോഡിന് ഒൻപത് മീറ്റർ വീതിയും ഇരുവശങ്ങളിലുമായി അഴുക്കുചാലുകൾക്ക് മൂന്നുമീറ്റർ വീതിയും ആവശ്യമാണ്. ഇതിനുവേണ്ടിയാണ് റോഡരികിലുള്ള മരങ്ങൾ നീക്കംചെയ്യുന്നത്. കരുവാരക്കുണ്ട് മുതൽ പുന്നക്കാട് വരെയുള്ള പാതയുടെ സൗന്ദര്യത്തിന് പ്രധാന കാരണങ്ങളായിരുന്നു ഇരുവശങ്ങളിലുമുണ്ടായിരുന്ന തണൽമരങ്ങൾ. ഇവയാണ് മുറിച്ചുനീക്കുന്നത്.
മരങ്ങൾ മുറിച്ചുമാറ്റുന്നതോടെ പാതയുടെ സ്വാഭാവികഭംഗിക്ക് വലിയമാറ്റമുണ്ടാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ.
വർഷങ്ങളെടുത്ത് വളർന്ന വൻമരങ്ങൾക്ക് പകരം പുതിയ തൈകൾ നട്ടാൽ അവ വളർന്ന് തണൽമരമാകാൻ വർഷങ്ങളെടുക്കും.
മുറിച്ചുമാറ്റുന്ന മരങ്ങളുടെ എണ്ണത്തിന് അനുപാതമായി കൂടുതൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുകയും അവയുടെ സംരക്ഷണം ഉറപ്പാക്കുകയും വേണം.
റോഡിന്റെ നിർമാണത്തോടൊപ്പം പാതയോരങ്ങളിൽ സാധ്യമായ ഇടങ്ങളിലെല്ലാം വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനും പുതിയവ നട്ടുപിടിപ്പിക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യവും നാട്ടുകാർക്കിടയിൽ ശക്തമാണ്.
Published: 09 Sept 2026, 03:58 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented